
ന്യൂഡൽഹി: അനുഭവ സമ്പത്തിനും സമർപ്പണത്തിനും പേരുകേട്ട വിംഗ് കമാൻഡർ നമൻഷ് സ്യാൽ. ഇന്ത്യയുടെ കരുത്തുറ്റ യുദ്ധവിമാനമായ തേജസ് പറത്തി അഭിമാനത്തിന്റെ കൊടുമുടിയിലേറിയ അദ്ദേഹത്തിന്റെ വിയോഗ വാർത്ത സൃഷ്ടിച്ച ഞെട്ടലിലാണ് സഹപ്രവർത്തരും നാട്ടുകാരും. ഹിമാചൽ പ്രദേശിലെ കാൻഗ്ര ജില്ലയാണ് നമൻഷിന്റെ സ്വദേശം. നഗ്രോട്ട ബഗ്‌വാനിലെ പാട്യാൽകഡ് എന്ന ഗ്രാമത്തിലെ സൈനിക പാരമ്പര്യമുള്ള ഒരു കുടുംബത്തിലാണ് ജനനം.
കുട്ടിക്കാലം മുതൽ സൈനിക ചിട്ടകളും കഥകളും കണ്ടും കേട്ടും വളർന്ന നമൻഷ്, ഹാമിർപ്പൂരിലെ സൈനിക സ്കൂളിൽ നിന്നാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് നാഷണൽ ഡിഫൻസ് അക്കാഡമിയിൽ (എൻ.ഡി.എ) ചേർന്നു. എയർഫോഴ്സ് അക്കാഡമിയിലെ കഠിനമായ പരിശീലനം പൂർത്തിയാക്കി യുദ്ധവിമാനം പറത്താനുള്ള യോഗ്യത നേടി.
2009 ഡിസംബർ 24ന് ഇന്ത്യൻ വ്യോമസേനയുടെ ഭാഗമായി. തുടർന്ന് തമിഴ്നാട്ടിലെ സുലൂർ എയർ ഫോഴ്സ് സ്റ്റേഷനിൽ പോസ്റ്റിംഗ്. തേജസ് കൈകാര്യം ചെയ്യുന്ന യൂണിറ്റുകളിലൊന്നിൽ സേവനം അനുഷ്ഠിച്ചു. സുലൂരിൽ നിന്നാണ് ദുബായ് എയർ ഷോയിൽ പങ്കെടുക്കാനുള്ള അവസരം ലഭിച്ചത്. നിലവിൽ ഹൈദരാബാദിലായിരുന്നു പോസ്റ്റിംഗ്. 30കളിൽ വിംഗ് കമാൻഡർ റാങ്കിലേക്ക് ഉയർന്ന നമൻഷ്, അടുത്ത സ്ഥാനക്കയറ്റം പ്രതീക്ഷിച്ചിരിക്കുകയായിരുന്നുയെന്ന് ബന്ധുക്കൾ പറയുന്നു.
നമൻഷിന്റെ പിതാവ് ജഗൻ നാഥ് സ്യാൽ കരസേനയിൽ മെഡിക്കൽ കോറിൽ ഓഫീസറായിരുന്നു. വിരമിച്ച ശേഷം ഹിമാചൽ വിദ്യാഭ്യാസ വകുപ്പിൽ ജോലി നേടി. പ്രിൻസിപ്പലായാണ് വിരമിച്ചത്. നമൻഷിന്റെ ഭാര്യ അഫ്സാനും വ്യോമസേനാ ഓഫീസറാണ്. ആറ് വയസുള്ള മകളുമൊത്ത് ഹൈദരാബാദിലായിരുന്നു ഇവരുടെ താമസം. നമൻഷിന് അപകടം സംഭവിക്കുമ്പോൾ ഒരു കോഴ്സിന്റെ ഭാഗമായി കൊൽക്കത്തയിലായിരുന്നു അഫ്സാൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |