
തൃശൂർ: മൂലധന നേട്ട നികുതിയിൽ(കാപ്പിറ്റൽ ഗെയിൻ ടാക്‌സ്) ഇളവ് നേടാൻ ഉപഭോക്താക്കൾക്ക് അവസരമൊരുക്കുന്ന പ്രത്യേക നിക്ഷേപ പദ്ധതി കേരളം ആസ്ഥാനമായ ബാങ്കുകൾ ആരംഭിക്കുന്നു. ഇതിനായി കേന്ദ്ര ധന മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചു. ധനലക്ഷ്മി ബാങ്ക്, ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സി.എസ്.ബി ബാങ്ക് തുടങ്ങി രാജ്യത്തെ 19 സ്വകാര്യ ബാങ്കുകൾക്കാണ്. പുതിയ സംവിധാനം ഒരുക്കാൻ റിസർവ് ബാങ്ക് അനുമതി നൽകിയത്. കാപ്പിറ്റൽ ഗെയിൻ അക്കൗണ്ട് സ്‌കീമെന്ന(സി.ജി.എസ്) ഈ പദ്ധതിയിലൂടെ മൂന്ന് വർഷം വരെ സ്ഥിര നിക്ഷേപവും സേവിംഗ്‌സ് ബാങ്ക് നിക്ഷേപവും സാധ്യമാണ്.
സ്വന്തം പേരിലുള്ള ഭൂസ്വത്തുകൾ വിൽക്കുമ്പോൾ ലഭിക്കുന്ന ലാഭത്തിന് ആനുപാതികമായി അടയ്‌ക്കേണ്ട നികുതിയാണ് കാപ്പിറ്റൽ ഗെയിൻ ടാക്‌സ്. ഇതിൽ ഇളവ് ലഭിക്കാൻ മൂലധന നേട്ടമായി ലഭിച്ച പണമുപയോഗിച്ച് മൂന്ന് വർഷത്തിനുള്ളിൽ മറ്റു സ്വത്തുക്കൾ വാങ്ങുകയോ കെട്ടിടം നിർമ്മിക്കുകയോ ചെയ്യണം. മൂന്ന് വർഷക്കാലയളവിലേക്ക് ചില പ്രത്യേക നിബന്ധനകളോടെ നിക്ഷേപിക്കാനുള്ള പദ്ധതിയാണ് സി.ജി.എസിലൂടെ സ്വകാര്യ ബാങ്കുകൾ ഒരുക്കുന്നത്. എസ്.ബി.ഐ, പഞ്ചാബ് നാഷണൽ ബാങ്ക്, ബാങ്ക് ഒഫ് ബറോഡ, കനറാ ബാങ്ക്, യൂണിയൻ ബാങ്ക് തുടങ്ങിയ പൊതുമേഖല ബാങ്കുകളും ഐ.ഡി.ബി.ഐ ബാങ്കും മാത്രമാണ് ഇതുവരെ ഈ പദ്ധതി നടത്തിയിരുന്നത്. ഉപഭോക്താക്കൾക്ക് ഏറ്റവും സൗകര്യപ്രദവും ഗുണപ്രദവുമായി പദ്ധതി നടപ്പാക്കുമെന്ന് ധനലക്ഷ്മി ബാങ്ക് മാനേജിംഗ് ഡയറക്‌ടറും ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറുമായ കെ.കെ.അജിത്കുമാർ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |