
കൽപ്പറ്റ :അപ്രതീക്ഷിതമായി സ്ഥാനാർത്ഥിയായതിന്റെ അമ്പരപ്പിലാണ് കൽപ്പറ്റ നഗരസഭയിലെ യുഡിഎഫ് സ്ഥാനാർഥി സി.എസ് പ്രഭാകരൻ. വെള്ളാരംകുന്നു വാർഡിൽ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന മുൻ കൽപ്പറ്റ നഗരസഭാ സെക്രട്ടറി കെ.ജി രവീന്ദ്രന്റെ നാമനിർദേശ പത്രിക തള്ളിയതോടെയാണ്, ഡമ്മി സ്ഥാനാർത്ഥിയായി പത്രിക നൽകിയിരുന്ന പ്രഭാകരൻ ഒറിജിനൽ സ്ഥാനാർത്ഥിയായത്.വിദ്യാഭ്യാസ വകുപ്പിലെ റിട്ട സീനിയർ സൂപ്രണ്ടും, അധ്യാപക സർവീസ് സംഘടനാ രംഗത്ത് പ്രവർത്തന പരിചയമുള്ളയാളുമാണ്.
കെജി രവീന്ദ്രനെയായിരുന്നു യുഡിഎഫ് നഗരസഭ ചെയർമാൻ സ്ഥാനാർത്ഥിയായി കണ്ടിരുന്നത്.യുഡിഎഫിന് ഭരണം ലഭിച്ചാൽ ഇനി താൻ ചെയർമാൻ കൂടിയാകേണ്ടി വരുമോ എന്നാണ് പ്രഭാകരന്റെ ഇപ്പോഴത്തെ ചിന്ത. സൂക്ഷ്മ പരിശോധന നടക്കുമ്പോൾ പ്രഭാകരനും വരണാധികാരിയുടെ ഓഫീസിലെത്തിയിരുന്നു. കെജി രവീന്ദ്രന്റെ പത്രിക തള്ളിയതോടെ പ്രഭാകരന്റെ പത്രിക പരിശോധന തുടങ്ങി. മറ്റു പ്രശ്നങ്ങളില്ലെന്ന് കണ്ടതോടെ പത്രിക അംഗീകരിച്ചു. പാർട്ടി ചിഹ്നവും ലഭിക്കും. കോൺഗ്രസ് പ്രവർത്തകനായ പ്രഭാകരൻ കഴിഞ്ഞ ദിവസങ്ങളിൽ കെ ജി രവീന്ദ്രന് വേണ്ടി വോട്ടർമാരെ കണ്ടിരുന്നു. ഇന്നു മുതൽ സ്വന്തം വിജയത്തിനായി രംഗത്തിറങ്ങും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |