
കോട്ടയം : മത്സ്യങ്ങളുടെ ലഭ്യത കുറഞ്ഞതോടെ രാവന്തിയോളം കഷ്ടപ്പെട്ടാലും വെറും കൈയോടെ മടങ്ങേണ്ട സ്ഥിതിയിൽ ഉൾനാടൻ മത്സ്യത്തൊഴിലാളികൾ. ഏറെ വരുമാനം ഉണ്ടാക്കിയിരുന്ന ചെമ്മീന്റെ ലഭ്യത കുറഞ്ഞതോടെ വിലയും കുതിച്ചുയർന്നു. കാലം തെറ്റി പെയ്യുന്ന മഴയുടെ അളവ് കൂടിയതോടെ പുഴയിലും കായലിലും ചെമ്മീൻ വളരുന്ന സാഹചര്യം ഇല്ലാതാക്കി. താരതമ്യേന വിലക്കുറവുള്ള നാരൻ ചെമ്മീൻ പുഴകളിൽ കാണാതായി.
തെള്ളി, ചൂടൻ ഇനങ്ങൾക്ക് വില കൂടി. കിലോയ്ക്ക് 300- 400 രൂപ. വലിപ്പം കൂടിയതിന് 500-600 വരെയായി. തീൻ മേശയിലെ രുചി കൂട്ടായ കായൽ , ആറ്റുകൊഞ്ച് ലഭ്യത വൻതോതിൽ കുറഞ്ഞതോടെ വില ആയിരത്തിനു മുകളിലായി. തണ്ണീർമുക്കം ബണ്ട് തുറന്നു കിടക്കുന്നതിനാൽ വേമ്പനാട്ടുകായലിൽ ഉപ്പുവെള്ള സാന്നിദ്ധ്യമുണ്ട്, ഇത് ചെമ്മീൻ വളർച്ചയ്ക്ക് സഹായകമാണെങ്കിലും പാടങ്ങളിൽ നിന്നും തോടുകളിൽ നിന്നും ഒഴുകി എത്തുന്ന പോളയും പായലും മറ്റു ചണ്ടികളും ഉപ്പു വെള്ളത്തിൽ ചീഞ്ഞടിയുന്നത് ചെമ്മീനിന്റെ വളർച്ചയെ ബാധിച്ചതായി തൊഴിലാളികൾ പറയുന്നു.
വില്ലനായത് പോളയും പായലും
തോടുകളും ചെറിയ നീർച്ചാലുകളും പായലും പോളയും നിറഞ്ഞ് ഇവയുടെ വേരുകൾ ജലാശയങ്ങളുടെ അടിയിലേക്ക് വളർന്നിറങ്ങിയതോടെ മീനുകൾക്ക് സഞ്ചരിക്കാൻ കഴിയാതായി. കൂടാതെ പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള മാലിന്യങ്ങളും മത്സ്യസമ്പത്ത് നശിക്കാനിടയാക്കി. സാധാരണ തുലാമഴ ചെമ്മീൻ വളർച്ചയ്ക്ക് സഹായകമായിരുന്നു. ഇത് പതിവിലും കൂടുതലായി. ചെറിയ ഒഴുക്കുണ്ടായതോടെ പോളയും പായലും ഒഴുകിയെത്തി. ഓക്സിജന്റെ അളവ് പുഴയിലും കായലിലും കുറഞ്ഞു. കാരി, വരാൽ, ചെമ്പല്ലി, വാള, കൂരി ,പള്ളത്തി , പുല്ലൻ, മഞ്ഞക്കൂരി, ആറ്റു ചെമ്പല്ലി തുടങ്ങിയ ചെറു മത്സ്യ ഇനങ്ങൾക്ക് ജീവിക്കാൻ കഴിയാത്ത സാഹചര്യമായി.
ജലാശയങ്ങൾ മാലിന്യവാഹിനി
ഏറ്റവുമധികം പ്ലാസ്റ്റിക് മാലിന്യമുള്ളത് വേമ്പനാട്ട് കായലിലാണ്
മീനുകളിൽ പ്ലാസ്റ്റിക്കിന്റെ സാന്നിദ്ധ്യവും കണ്ടെത്തിയിരുന്നു
പ്ലാസ്റ്റിക്കിന്റെ അളവ് വർദ്ധിച്ചത് മത്സ്യങ്ങളുടെ പ്രജനനത്തെ ബാധിച്ചു
മത്സ്യത്തൊഴിലാളികൾ പലരും തൊഴിൽ ഉപേക്ഷിക്കാൻ നിർബന്ധിതരായി
''മാസങ്ങളായി ആറുകളിലും തോടുകളിലും മത്സ്യ ലഭ്യത കുറഞ്ഞു. പല ഇനം ചെറു മത്സ്യങ്ങളും ഇല്ലാതായത് ഉൾനാടൻ മത്സ്യത്തൊഴിലാളികളെ പട്ടിണിയിലാക്കി. സൗജന്യ റേഷൻ പോലും ലഭിക്കുന്നില്ല. വിവിധ വകുപ്പുകളുടെ ഏകോപനം വഴി ജലാശയങ്ങൾ മാലിന്യമുക്തമാക്കി മത്സ്യ ലഭ്യത കൂട്ടാനുള്ള നടപടി സർക്കാർ സ്വീകരിക്കണം.
-ദിവാകരൻ (മത്സ്യത്തൊഴിലാളി )
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |