
ന്യൂഡൽഹി: അസംഘടിത മേഖലകളിൽ സാമൂഹ്യ സുരക്ഷയും സ്‌ത്രീകൾക്ക് തൊഴിലിടങ്ങളിൽ സമത്വവും ഉറപ്പാക്കുമെന്ന അവകാശവാദത്തോടെ കേന്ദ്ര സർക്കാർ നടപ്പാക്കിയ തൊഴിൽ കോഡ് തൊഴിൽ വിരുദ്ധമെന്ന് ചൂണ്ടിക്കാട്ടി ട്രേഡ് യൂണിയനുകൾ നാളെ രാജ്യവ്യാപകമായി പ്രതിഷേധിക്കും.
കർഷക തൊഴിലാളി സംഘടനകളും പത്ത് ട്രേഡ് യൂണിയനുകളുടെ സംയുക്ത വേദിയുമാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്. സർക്കാർ അനുകൂല സംഘടനയായ ബി.എം.എസ് സമരത്തെ പിന്തുണയ്ക്കുന്നില്ല.
തൊഴിലാളി അവകാശങ്ങൾ സംരക്ഷിച്ചിരുന്ന 29 തൊഴിൽ നിയമങ്ങളാണ് പൊളിച്ചെഴുതി നാല് കോഡുകളിലാക്കിയത്. പോരായ്മകൾ ഉണ്ടായിരുന്നെങ്കിലും വേതനം, ജോലി സമയം, സാമൂഹിക സുരക്ഷ, വ്യാവസായിക സുരക്ഷ, പരിശോധന, വിലപേശൽ എന്നിവ ഉറപ്പാക്കിയിരുന്ന നിയമങ്ങളാണ് തൊഴിലുടമകൾക്ക് അനുകൂലമായി മാറ്റിയെഴുതിയതെന്ന് സംഘടനകൾ ചൂണ്ടിക്കാട്ടി.
സമരങ്ങളും ട്രേഡ് യൂണിയനുകളുടെ ഇടപെടലുകളും വ്യവസായ സൗഹൃദ അന്തരീക്ഷത്തിന് തടസമാണെന്ന ബഹുരാഷ്ട്ര കമ്പനികളുടെ വാദം അംഗീകരിച്ചാണ് സർക്കാർ നിയമം പരിഷ്കരിച്ചത്. കൂടിയാലോചന കൂടാതെ നടപ്പാക്കിയതിനാൽ റദ്ദാക്കണമെന്ന് യൂണിയനുകൾ ആവശ്യപ്പെടുന്നു.
പിരിച്ചുവിടാം, അടച്ചുപൂട്ടാം;
സമരങ്ങൾക്ക് നിയന്ത്രണം
300ൽ താഴെ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ പിരിച്ചുവിടലിനോ അടച്ചുപൂട്ടലിനോ സർക്കാർ അനുമതി വേണ്ട. നേരത്തെ 100 തൊഴിലാളികൾ വരെയുള്ള സ്ഥാപനങ്ങൾക്കായിരുന്നു ഇതു ബാധകം. പൊതു സേവന വിഭാഗങ്ങളിലെ സമര നിയന്ത്രണം വ്യവസായങ്ങൾക്കും ബാധകമാക്കി. സമരത്തിന് മുൻകൂർ നോട്ടീസ് നൽകാനുള്ള സമയം ആറാഴ്‌ചയിൽ നിന്ന് രണ്ടുമാസമാക്കി നീട്ടി. പണിമുടക്കാനുള്ള അവകാശം വെട്ടിക്കുറച്ചു.
തർക്കപരിഹാരം നിയമം, ട്രേഡ് യൂണിയൻ നിയമം തുടങ്ങിയവയിൽ തൊഴിലാളി അവകാശങ്ങൾ സംരക്ഷിച്ചിരുന്ന വ്യവസ്ഥകൾ പുതിയ തൊഴിൽ കോഡിൽ ഇല്ലെന്നാണ് വിമർശനം.ഇതോടെ തൊഴിലാളികളുടെ പിരിച്ചുവിടൽ സുഗമമായി. ട്രേഡ് യൂണിയനുകൾക്ക് അംഗത്വം നൽകാനുള്ള രേഖകൾ പരിശോധിക്കേണ്ടത് തൊഴിലുടമ നിയമിക്കുന്ന വെരിഫിക്കേഷൻ ഓഫീസറാണെന്നതും പുതിയ ഉപാധിയാണ്.
തൊഴിൽ കോഡ് നടപ്പാക്കും മുൻപ് സർക്കാർ, തൊഴിലുടമകൾ, തൊഴിലാളി യൂണിയനുകൾ എന്നിവയുടെ പ്രതിനിധികൾ ഉൾപ്പെടുന്ന ഇന്ത്യൻ ലേബർ കോൺഫറൻസ് (ഐ.എൽ.സി) വിളിച്ചു ചേർത്തില്ല. ഇതുമായി ബന്ധപ്പെട്ട് 2024 ജൂൺ മുതൽ തൊഴിൽ മന്ത്രാലയം വിളിച്ച യോഗങ്ങളിൽ ട്രേഡ് യൂണിയനുകൾ ചൂണ്ടിക്കാട്ടിയ എതിർപ്പുകൾ അവഗണിച്ചു.
അതേസമയം അസംഘടിത മേഖലകളിൽ അടക്കം സാമൂഹ്യക്ഷേമ പദ്ധതികൾ നടപ്പാക്കുന്നതും ഗ്രാറ്റുവിറ്റി ലഭിക്കാനുള്ള സമയപരിധി ഒരു വർഷമാക്കിയതുമെല്ലാം പ്രവർത്തനച്ചെലവ് ഗണ്യമായി വർദ്ധിപ്പിക്കുമെന്ന് ചെറുകിട വ്യവസായികൾ ചൂണ്ടിക്കാട്ടുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |