മലപ്പുറം: യു.ഡി.എഫിനെ സംബന്ധിച്ച് മലപ്പുറം ജില്ലയിൽ ഇത്രയും ശാന്തമായ രീതിയിൽ പരസ്പരം വിട്ടുവീഴ്ച ചെയ്ത് കെട്ടുറപ്പോടെ മുന്നോട്ടുപോകുന്ന സാഹചര്യം മുമ്പെങ്ങും ഇലക്‌ഷൻ സമയത്ത് ഉണ്ടായിട്ടില്ലെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് എ.പി.അനിൽകുമാർ പറഞ്ഞു. മലപ്പുറം പ്രസ് ക്ലബ് സംഘടിപ്പിച്ച മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ശബരിമലയിൽ പോലും പവിത്രത കാത്തുസൂക്ഷിക്കാൻ കഴിയാത്തതും ഭക്തൻമാർ നൽകുന്ന പണം സംരക്ഷിക്കാൻ കഴിയാത്ത സാഹചര്യവും ജനങ്ങൾക്ക് അങ്ങേയറ്റം ആശങ്കയുണ്ടാക്കുകയാണ്. ഇതിനെതിരെ വലിയ പ്രതിഷേധം ജനങ്ങൾക്കിടയിലുണ്ടെന്നും അവ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വിജയപ്രതീക്ഷ എങ്ങനെ?
കഴിഞ്ഞ 30 വർഷത്തെ തിരഞ്ഞെടുപ്പ് അവലോകനം ചെയ്താൽ എൽ.ഡി.എഫിനാണ് പല സാഹചര്യങ്ങൾ കൊണ്ടും നേട്ടമുണ്ടായത്. 2010ലാണ് കേരളത്തിൽ തിരഞ്ഞെടുപ്പിൽ വലിയ മുന്നേറ്റം യു.ഡി.എഫിന് ലഭിച്ചത്. അന്ന് ലഭിച്ച മുന്നേറ്റത്തേക്കാൾ വലിയ നേട്ടം ഇത്തവണ യു.ഡി.എഫിന് ലഭിക്കും. മലപ്പുറത്തെ സംബന്ധിച്ച് തൂത്തുവാരിയുള്ള മുന്നേറ്റം തന്നെയാവും. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കും മുമ്പേ സ്ഥാനാർത്ഥികളെ കണ്ടെത്തിയത് ഗൗരവത്തോടെയാണ് കോൺഗ്രസും യു.ഡി.എഫും തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് എന്നതിന്റെ തെളിവാണ്. ഘടകകക്ഷികൾക്ക് അർഹമായ പരിഗണന പാർട്ടി നൽകുന്നുണ്ട്.
പൊന്മുണ്ടം പഞ്ചായത്തിലെ തർക്കം പരിഹരിക്കുമോ?
പൊന്മുണ്ടത്ത് ഒന്നോ രണ്ടോ പഞ്ചായത്തുകളിലാണ് തർക്കം ബാക്കിയുള്ളത്. അത് നോമിനേഷൻ പിൻവലിക്കുന്ന സമയപരിധി തീരുന്നതോടെ തീർക്കും. നോമിനേഷൻ പിൻവലിക്കാനുള്ള സമയം കഴിഞ്ഞാൽ കോൺഗ്രസിനെ സംബന്ധിച്ച് കാര്യങ്ങൾ ഏത് രീതിയിലാണെന്ന് പരിശോധിക്കും. സംഘടനാ നയങ്ങൾക്ക് എതിരായ സമീപനം സ്വീകരിച്ച് കഴിഞ്ഞാൽ ശക്തമായ നടപടിയുണ്ടാവുമെന്ന് അവിടുത്തെ നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഏത് പഞ്ചായത്താണെങ്കിലും ഇക്കാര്യത്തിൽ കെ.പി.സി.സി ശക്തമായ നിലപാടെടുക്കും.
വെൽഫെയർ പാർട്ടിയുമായുള്ള കൂട്ടുകെട്ടിനെക്കുറിച്ച്?
വെൽഫെയർ പാർട്ടി എക്കാലത്തും കേരളത്തിൽ പരസ്യമായി സഹായിച്ചിട്ടുള്ളത് സി.പി.എമ്മിനെയാണ്. വെൽഫെയർ പാർട്ടിയുമായി യു.ഡി.എഫിന് സഖ്യമില്ല. ഏതെങ്കിലും രീതിയിൽ യു.ഡി.എഫുമായി സംസാരിച്ചാൽ കാണാനേ പാടില്ലാത്ത പാർട്ടിയാണെന്ന നയം ഇപ്പോൾ സി.പി.എം സ്വീകരിക്കുന്നതെന്തിന്. കേരളത്തിലുടനീളം കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വെൽഫെയർ പാർട്ടിയുമായി പരസ്യമായി ധാരണയുണ്ടാക്കിയവരാണ് സി.പി.എം.
ഘടകക്ഷികളെ പരിഗണിക്കുന്നില്ലേ?
ഘടക കക്ഷികൾക്ക് തുടർച്ചയായി കിട്ടുന്ന സീറ്റിൽ മത്സരിക്കാതിരിക്കാൻ കെ.പി.സി.സി നേരത്തെ നിർദ്ദേശം നൽകിയിരുന്നു. എല്ലാ ഘടകക്ഷികളെയും ഒരുമിച്ച് കൊണ്ടുപോകാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. പരാതികളുണ്ടെങ്കിൽ ഒറ്റപ്പെട്ട സംഭവങ്ങളാവാം.
അൻവറിന്റെ യു.ഡി.എഫ് പ്രവേശനം?
പി.വി.അൻവറിനെ മുന്നണിയിലെടുക്കുന്ന കാര്യം യഥാസമയം നേതാക്കൾ തീരുമാനിക്കും. ആ തീരുമാനം പാർട്ടി അംഗീകരിക്കും. ഇത് സംബന്ധിച്ച തീരുമാനം ഉടൻ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |