
പാലക്കാട്: ജില്ലയിലെ നിർണ്ണായക മണ്ഡലമായ മലമ്പുഴയിൽ ഇത്തവണയും ബിജെപി സ്ഥാനാർത്ഥിയായി സി. കൃഷ്ണകുമാർ തന്നെ ജനവിധി തേടിയേക്കും. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ബിജെപി നടത്തിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും പ്രതിഫലിക്കുമെന്നും മണ്ഡലം ഇത്തവണ പിടിച്ചെടുക്കാനാകുമെന്നും കൃഷ്ണകുമാർ പറയുന്നു. എന്നാൽ, എൽഡിഎഫിന്റെ ഉരുക്കുകോട്ടയിൽ വിള്ളൽ വീഴ്ത്താൻ ആർക്കും കഴിയില്ലെന്ന ആത്മവിശ്വാസത്തിലാണ് സിറ്റിംഗ് എംഎൽഎ എ. പ്രഭാകരൻ.
തുടർച്ചയായി മൂന്നാം തവണയാണ് സി. കൃഷ്ണകുമാർ മലമ്പുഴയിൽ ബിജെപിക്കായി കളത്തിലിറങ്ങുന്നത്. 2016ൽ വി.എസ് അച്യുതാനന്ദനെതിരെ മത്സരിച്ചപ്പോഴും, 2021ൽ എ. പ്രഭാകരനെതിരെയും കൃഷ്ണകുമാർ രണ്ടാം സ്ഥാനത്തെത്തിയിരുന്നു. മണ്ഡലത്തിൽ പാർട്ടിക്ക് വലിയ സ്വാധീനമുണ്ടെന്നും തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ മികച്ച പ്രകടനം വിജയത്തിലേക്ക് നയിക്കുമെന്നുമാണ് ബിജെപി ക്യാമ്പിന്റെ കണക്കുകൂട്ടൽ.
കഴിഞ്ഞ തവണ 27,000 വോട്ടിന്റെ മികച്ച ഭൂരിപക്ഷത്തിലാണ് എൽഡിഎഫ് മലമ്പുഴയിൽ വിജയിച്ചത്. മണ്ഡലത്തിൽ നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങൾ ജനങ്ങൾക്കറിയാമെന്നും ഇടതുപക്ഷത്തിന് ഇളക്കം തട്ടില്ലെന്നും എ. പ്രഭാകരൻ വ്യക്തമാക്കി. മന്ത്രി എം.ബി. രാജേഷിന്റെ പേര് മണ്ഡലത്തിൽ പരിഗണിച്ചിരുന്നെങ്കിലും, നിലവിലെ സാഹചര്യത്തിൽ എ. പ്രഭാകരൻ തന്നെ വീണ്ടും സ്ഥാനാർത്ഥിയാകാനാണ് സാദ്ധ്യത.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |