
തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരത്തിനുള്ള അവസാന ചിത്രം തെളിഞ്ഞതോടെ മൂന്ന് മുന്നണികളും അത്യാവേശത്തോടെ മത്സരരംഗത്ത് അണിനിരന്നു കഴിഞ്ഞു. മുൻപെങ്ങും കാണാത്തവിധം ഒരു പൊതു തിരഞ്ഞെടുപ്പിന്റെ വീറും വാശിയും വാനോളം ഉയരുമ്പോൾ പ്രാദേശിക വിഷയങ്ങൾക്കപ്പുറം ദേശീയ രാഷ്ട്രീയം വരെ ചർച്ചയാകുന്നുവെന്നതാണ് ഈ തദ്ദേശ തിരഞ്ഞെടുപ്പിന്റെ പ്രത്യേകത. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ സംസ്ഥാനത്ത് മുന്നണി ബന്ധങ്ങളിൽ പൊളിച്ചെഴുത്തുണ്ടാകുമോ എന്നതും രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചാവിഷയമാണിപ്പോൾ. സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണി സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം തിരഞ്ഞെടുപ്പിൽ പ്രതിഫലിച്ചാൽ അതുകഴിഞ്ഞു വരുന്ന നിയമസഭാ തിരഞ്ഞെടുപ്പ് ഇടത് മുന്നണിക്ക് അഗ്നിപരീക്ഷയാകും. പാവങ്ങൾക്കുള്ള ക്ഷേമപെൻഷൻ വർദ്ധിപ്പിച്ചും മറ്റാനുകൂല്യങ്ങൾ പ്രഖ്യാപിച്ചും മേൽക്കൈ നേടി നിന്ന സമയത്താണ് ഇടിത്തീ പോലെ ശബരിമലയിലെ സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് സി.പി.എം നേതാക്കളടക്കം ജയിലിലേക്ക് പോയത്. രണ്ട് മുൻ ദേവസ്വംബോർഡ് പ്രസിഡന്റുമാരടക്കം ജയിലിലായത് സി.പി.എമ്മിനെ സമ്മർദ്ദത്തിലാഴ്ത്തിയിട്ടുണ്ട്. ഏത് രീതിയിലാകും തിരഞ്ഞെടുപ്പിൽ അത് ബാധിക്കുകയെന്നറിയാൻ ഫലപ്രഖ്യാപനം വരെ കാക്കേണ്ടി വരും.
മുൻകാല അനുഭവങ്ങൾ പരിശോധിച്ചാൽ 2010 ലൊഴികെ തദ്ദേശ തിരഞ്ഞെടുപ്പുകളിലെല്ലാം ഇടതുമുന്നണി മേൽക്കൈ നേടിയാണ് പതിവ്. എന്തൊക്കെ പ്രതികൂല ഘടകങ്ങൾ ഉണ്ടായാലും തിരഞ്ഞെടുപ്പ് ഫലം വരുമ്പോൾ തദ്ദേശ സ്ഥാപനങ്ങളിൽ നല്ലൊരു ശതമാനത്തിലേറെയും ഇടതുമുന്നണി വിജയക്കൊടി നാട്ടുന്നതാണ് 2020 വരെയുള്ള അനുഭവം. ഇക്കുറിയും അതാവർത്തിക്കുമെന്ന് ഇടത് മുന്നണിയും സി.പി.എം നേതൃത്വവും ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും ഏത് ദിശയിലാകും ഫലം എന്നത് കണ്ടുതന്നെ അറിയണം.
ബി.ജെ.പി നേതൃത്വം നൽകുന്ന എൻ.ഡി.എ മുന്നണിയുടെ സ്വാധീനം എത്രത്തോളം വദ്ധിച്ചുവെന്നതിനെക്കൂടി ആശ്രയിച്ചാകും തദ്ദേശ തിരഞ്ഞെടുപ്പിന്റെ ദിശാസൂചിക മാറിമറിയുക. ഒരു വർഷം മുമ്പ് നടന്ന പാലമെന്റ് തിരഞ്ഞെടുപ്പിൽ എൻ.ഡി.എ മുന്നണിയുടെ വോട്ട് ശതമാനം 20 നടുത്തെത്തിയത് ഇടത്, വലത് മുന്നണികളെ ആശങ്കപ്പെടുത്തിയിരുന്നു. അതിനു ശേഷം സംസ്ഥാനത്തുണ്ടായ രാഷ്ട്രീയ വിവാദങ്ങൾ തങ്ങൾക്കനുകൂലമായി മാറിയിട്ടുണ്ടെന്നും വോട്ട് ശതമാനം 20 ൽ നിന്ന് 25 ആയി ഉയരുമെന്നും ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്. ആ പ്രഖ്യാപനം ശരിയായാൽ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ മുൻപെങ്ങും ഉണ്ടാകാത്ത വിധം മാറിമറിയലുകൾക്കുള്ള സാദ്ധ്യതയേറും. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെല്ലാം തങ്ങൾക്കനുകൂലമെന്ന് യു.ഡി.എഫ് ആത്മവിശ്വാസത്തിലായിരിക്കെ രാഹുൽ മാങ്കൂട്ടത്തിലിനെതിരായി കഴിഞ്ഞ ദിവസം ഉയർന്ന വിവാദം കോൺഗ്രസിനെയും ഉലച്ചിട്ടുണ്ട്.
ബീഹാറും ചെങ്കോട്ട സ്ഫോടനവും
തദ്ദേശ തിരഞ്ഞെടുപ്പിൽ പ്രാദേശിക വിഷയങ്ങൾ പ്രധാന പ്രചാരണവിഷയമാകുന്ന പതിവ് രീതി വിട്ട് ഇക്കുറി ദേശീയ രാഷ്ട്രീയം വരെ ചർച്ചയും പ്രചാരണവിഷയവുമാകുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് തൊട്ടു മുമ്പ് വന്ന ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം കേരളത്തിലും കാര്യമായ രാഷ്ട്രീയ മാറ്റങ്ങൾക്ക് വഴിയൊരുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ അഭിപ്രായപ്പെട്ടിരുന്നു. കേന്ദ്രസർക്കാരിന്റെ പദ്ധതികളോട് സംസ്ഥാനം ഇതുവരെ പുലർത്തിയിരുന്ന എതിർപ്പും നിഷേധാത്മക നിലപാടും സാവകാശം മാറിവരുന്നതിന്റെ സൂചനയായിരുന്നു പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കം. സി.പി.ഐ ശക്തമായ എതിർപ്പ് അതിനെതിരായി ഉയർത്തിയെങ്കിലും കേരളത്തിന് അർഹതപ്പെട്ട കേന്ദ്ര സഹായം വാങ്ങിയെടുക്കുന്നതിൽ എന്ത് തെറ്റാണുള്ളതെന്നൊരു മനോഭാവം പൊതുസമൂഹത്തിൽ സൃഷ്ടിക്കാനായെന്നതാണ് അതിന്റെ ബാക്കിപത്രം. അതിനുശേഷം ബീഹാറിൽ എൻ.ഡി.എ സഖ്യം നേടിയ തകർപ്പൻ ജയത്തിന്റെ കാറ്ര് ചെറുതായെങ്കിലും കേരളത്തിലെ നല്ലൊരു ശതമാനം ജനമനസുകളെയും സ്വാധീനിച്ചുവെന്നതും തർക്കമറ്റ വിഷയമാണ്. ഡൽഹിയിലെ ചെങ്കോട്ടയിൽ നടന്ന ഭീകരാക്രമണവും സ്ഫോടനവും വരെ സംസ്ഥാനത്ത് പ്രചാരണ വിഷയമാകുന്നുണ്ട്. അതിന്റെ തുടർച്ചയെന്നോണമാണ് തിരുവനന്തപുരം കോർപ്പറേഷൻ ഭരണം ലഭിച്ചാൽ 45 ദിവസത്തിനകം പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടെത്തി തലസ്ഥാനത്തിന്റെ വികസന മാർഗ്ഗരേഖ അവതരിപ്പിക്കുമെന്ന ബി.ജെ.പി പ്രഖ്യാപനം. മുൻകാലങ്ങളിലൊന്നും കേട്ടുകേൾവിയില്ലാത്തതാണിത്. ഇതിന്റെ അലയൊലികൾ തദ്ദേശ തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചാൽ സംസ്ഥാനത്ത് അതുണ്ടാക്കുന്ന രാഷ്ട്രീയ ചലനം പ്രവചനാതീതമായിരിക്കും. ഈ സാഹചര്യം മുന്നിൽ കാണുന്ന ചില രാഷ്ട്രീയ കക്ഷികളെങ്കിലും തങ്ങൾ ഇപ്പോൾ സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടുകളിൽ നിന്ന് മാറി ചിന്തിച്ചാലും അത്ഭുതപ്പെടാനാകില്ല.
മുന്നണി ബന്ധങ്ങൾ മാറി മറിയുമോ ?
വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫ് മുന്നണി വിപുലീകരിക്കുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പ്രസ്താവന മുന്നണി ബന്ധങ്ങളിലെ മാറ്റത്തിന്റെ സൂചനയായി വ്യഖ്യാനിക്കപ്പെടുന്നുണ്ട്. ഈ തിരഞ്ഞെടുപ്പ് കാലയളവിൽ തന്നെ യു.ഡി.എഫിന്റെ അടിത്തറ വിപുലമാകുമെന്നും മുന്നണിയിലേക്ക് പുതിയ കക്ഷികൾ എത്തുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. കേരള കോൺഗ്രസ് (എം) അടക്കമുള്ള കക്ഷികളെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നാണ് വിലയിരുത്തുന്നത്. ഇപ്പോൾ എൽ.ഡി.എഫ് ഘടകകക്ഷിയായ കേരള കോൺഗ്രസിന്റെ ഭാവിയിലെ നിലനിൽപ്പ് തദ്ദേശ തിരഞ്ഞെടുപ്പ് പ്രകടനത്തെ ആശ്രയിച്ചാണിരിക്കുന്നത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന് തിരിച്ചടി നേരിടുമെന്ന് വ്യക്തമായാൽ കേരള കോൺഗ്രസ് എൽ.ഡി.എഫിൽ തുടരുമോ എന്നത് കണ്ടറിയേണ്ടതാണ്. രാജ്യസഭാ എം.പിയും പാർട്ടി ചെയർമാനുമായ ജോസ് കെ. മാണിക്ക് ഇപ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ കാര്യമായ പിടിപാടില്ല. സ്വന്തം തട്ടകമായ പാലായിൽ പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ തോറ്റതിനാൽ റോഷി അഗസ്റ്റിനാണ് മന്ത്രിസ്ഥാനം ലഭിച്ചത്. കെ.എം. മാണിയുടെ പിൻഗാമിയായ ജോസ് കെ. മാണിക്ക് സംസ്ഥാന രാഷ്ടീയത്തിൽ സജീവമാകാനാകും താത്പര്യം എന്നതിനാൽ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫിലേക്ക് ചേക്കേറുന്നതാകും ബുദ്ധിയെന്ന് തോന്നിയാലും അത്ഭുതപ്പെടാനാകില്ല. വി.ഡി സതീശന്റെ പ്രസ്താവനയും ഇതിലേക്ക് വിരൽ ചൂണ്ടുന്നതാണ്.
ആർ.എസ്.പി യും കൊല്ലവും
കൊല്ലം ആസ്ഥാനമായ ആർ.എസ്.പി എന്ന ഇടത് പ്രസ്ഥാനം ഇപ്പോൾ നിലനിൽപ്പിനായി ഊർദ്ധശ്വാസം വലിക്കുന്ന സ്ഥിതിയിലാണ്. കൊല്ലം പാർലമെന്റിൽ വിജയിച്ച് എം.പി ആയ എൻ.കെ. പ്രേമചന്ദ്രനൊഴികെ പാർട്ടിക്ക് ഇപ്പോൾ ഒരു തലത്തിലും ജനപ്രതിനിധികളില്ലാത്ത സ്ഥിതിയാണ്. 2015 ൽ കൊല്ലം പാർലമെന്റ് സീറ്റിനെച്ചൊല്ലി എൽ.ഡി.എഫ് വിട്ട പാർട്ടിക്ക് പ്രേമചന്ദ്രൻ കൊല്ലത്തെ എം.പി ആയെന്നതൊഴിച്ചാൽ മറ്റു ജനപ്രതിനിധികളൊന്നും ഇല്ലാത്ത സ്ഥിതിയാണ്. കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും യു.ഡി.എഫിനൊപ്പം നിന്ന ആർ.എസ്.പിക്ക് നിയമസഭയിലേക്ക് ഒറ്റ എം.എൽ.എ മാരെപ്പോലും ജയിപ്പിക്കാനായില്ല. ആകെയുള്ളത് കൊല്ലം കോർപ്പറേഷനിലെ രണ്ട് കൗൺസിലർ സ്ഥാനമാണ്. തദ്ദേശ തിരഞ്ഞെടുപ്പിൽ കൊല്ലം ജില്ലയിലാണ് ആർ.എസ്.പി കൂടുതൽ സ്ഥാനങ്ങളിലേക്ക് മത്സരിക്കുന്നത്. ഫലം വരുമ്പോൾ കാര്യമായ നേട്ടം ഉണ്ടാക്കാനായില്ലെങ്കിൽ പാർട്ടിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടാം. പാർട്ടി നേതാക്കളായ പ്രേമചന്ദ്രനും ഷിബുബേബി ജോണും കഴിഞ്ഞാൽ എടുത്തുകാട്ടാൻ പറ്റുന്ന മുഖങ്ങളൊന്നും ഇന്ന് ആ പാർട്ടിയിലില്ല. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടിക്ക് മത്സരിക്കാവുന്ന സീറ്റുകളെച്ചൊല്ലിയും ആശയക്കുഴപ്പം നിലനിൽക്കുന്നു. കൊല്ലം ജില്ലയിൽ ഇരവിപുരം, ചവറ, കുന്നത്തൂർ സീറ്റുകളിലാണ് ആർ.എസ്.പി മത്സരിക്കുന്നത്. കൊല്ലം, ഇരവിപുരം സീറ്റുകൾ വച്ചുമാറണമെന്ന അഭിപ്രായം പാർട്ടിയിലുണ്ടെങ്കിലും കോൺഗ്രസ് അതംഗീകരിച്ചു കൊടുക്കാനുള്ള സാദ്ധ്യത വിരളമാണ്. ഷിബു ബേബി ജോൺ മത്സരിക്കുന്ന ചവറ സീറ്റ് സുരക്ഷിതമല്ലെന്ന വിലയിരുത്തലുള്ളതിനാൽ ഷിബുവിനായി ആവശ്യപ്പെടുന്ന കൊല്ലം സീറ്റ് ലഭിച്ചില്ലെങ്കിൽ ഷിബു ഇടതുമുന്നണിയിലേക്ക് ചേക്കേറുമെന്ന അഭ്യൂഹവും നിലനിൽക്കുന്നുണ്ട്. എൽ.ഡി.എഫിൽ ഇപ്പോൾ മന്ത്രിസ്ഥാനം ലഭിക്കാത്ത ചില ചെറു കക്ഷികൾ കൂടി യു.ഡി.എഫിലേക്ക് ചേക്കേറാനുള്ള സാദ്ധ്യതയും മുന്നിൽ കണ്ടാണ് യു.ഡി.എഫിന്റെ അടിത്തറ വികസിപ്പിക്കുമെന്ന വി.ഡി. സതീശന്റെ വാക്കുകളെന്ന് വ്യക്തം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |