SignIn
Kerala Kaumudi Online
Wednesday, 26 November 2025 5.59 AM IST

മാദ്ധ്യമങ്ങളോട് മനസു തുറന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്: സാമൂഹിക മാദ്ധ്യമങ്ങൾ കാരണം സമ്മർദ്ദത്തിലാകില്ല

Increase Font Size Decrease Font Size Print Page
a

ഹരിയാന ഹിസാറിലെ ബെഞ്ചില്ലാത്ത സ്‌കൂളിൽ പഠിച്ച് രാജ്യത്തിന്റെ ചീഫ് ജസ്റ്റിസ് പദവിയിലേക്ക് ഉയർന്ന ജസ്റ്റിസ് സൂര്യകാന്ത് കരുത്തുറ്റ മനസിനും ഉറപ്പുള്ള നിലപാടുകൾക്കും ഉടമയാണ്. രാജ്യത്തെ ജുഡിഷ്യറിയിലെ പരമോന്നത പദവി ഏറ്റെടുത്ത ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞത്,​ സാമൂഹിക മാദ്ധ്യമങ്ങൾ കാരണം താൻ സമ്മർദ്ദത്തിലാകില്ല എന്നാണ്. കോടതി തീരുമാനങ്ങൾ പ്രതികൂലമാണെങ്കിൽ ജഡ്‌ജിക്കെതിരെ സാമൂഹിക മാദ്ധ്യമങ്ങളിൽ കടുത്ത അധിക്ഷേപവും വിദ്വേഷ പ്രചാരണവും പതിവാകുന്നതിനിടെയാണ് സൂര്യകാന്തിന്റെ ഉറച്ച നിലപാട്.

ജുഡീഷ്യറിയെ അസഭ്യം പറഞ്ഞും ഭീഷണിപ്പെടുത്തിയും വരുതിയിലാക്കാമെന്ന് ആരും ചിന്തിക്കേണ്ടതില്ലെന്ന സന്ദേശമാണ് ഇന്ത്യയുടെ അമ്പത്തിമൂന്നാമത് ചീഫ് ജസ്റ്റിസ് നൽകുന്നത്. ജുഡീഷ്യറിയുടെ നാഥൻ ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുമ്പോൾ സുപ്രീംകോടതിയിലെയും,​ ഹൈക്കോടതികളിലെയും,​ മറ്രു കീഴ്‌ക്കോടതികളിലെയും ജഡ്‌ജിമാർക്ക് ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ല. ജഡ്‌ജിമാർ സംശയവൃത്തിക്കായി തുറന്ന കോടതിയിൽ ഉന്നയിക്കുന്ന ചോദ്യങ്ങളെപ്പോലും സാമൂഹിക മാദ്ധ്യമങ്ങൾ ആക്രമിക്കുന്നു. ജാഗ്രത പുലർത്താറുണ്ടെങ്കിലും അനിവാര്യമായ ചോദ്യങ്ങൾ ചോദിക്കുക തന്നെ ചെയ്യുമെന്ന് ജ. സൂര്യകാന്ത് മാദ്ധ്യമങ്ങളോട് മനസു തുറന്നു. നീതി നടപ്പാക്കാൻ അതാവശ്യമാണ്.

നിയന്ത്രണം

വേണം

സാമൂഹിക മാദ്ധ്യമങ്ങളിലെ മോശം പ്രവണതകൾക്ക് കടിഞ്ഞാണിടണമെന്ന താത്പര്യം സൂര്യകാന്ത് പ്രകടിപ്പിച്ചു. ഭരണഘടന ഉറപ്പുനൽകുന്ന ആവിഷ്ക്കാര - അഭിപ്രായ സ്വാതന്ത്ര്യങ്ങൾ നമ്മുടെ വിലപ്പെട്ട അവകാശങ്ങളിൽ ഒന്നാണ്. അതേസമയം തന്നെ, ഈ അവകാശങ്ങൾ ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. അവകാശങ്ങൾ ഉപയോഗിക്കുന്നതിൽ ഉത്തരവാദിത്വവും കൃത്യതയും ഉറപ്പാക്കണം. ദുരുപയോഗം തടയണം. അതിനായി പ്രത്യേക ചട്ടക്കൂട് അനിവാര്യമാണ്.

സാമൂഹിക മാദ്ധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണങ്ങൾ, അസഭ്യം പറച്ചിൽ എന്നിവ തടയാൻ നിയമപരമായ പ്രത്യേക സംവിധാനം വേണമെന്നാണ് വ്യക്തിപരമായ അഭിപ്രായം. പാർലമെന്റാണ് തീരുമാനമെടുക്കേണ്ടത്. സ്വതന്ത്രമായ സമൂഹം എന്നതു മാത്രമല്ല, പരസ്‌പര ബഹുമാനവും ഐക്യവുമുള്ള സമൂഹത്തെക്കൂടിയാണ് ഭരണഘടന വിഭാവനം ചെയ്യുന്നത്. അന്തസിനെ ഹനിക്കൽ ആവിഷ്കാര- അഭിപ്രായ സ്വാതന്ത്ര്യമല്ല. പൗരന്റെ ഭരണഘടനാപരമായ കടമകളും ആവിഷ്കാര- അഭിപ്രായ സ്വാതന്ത്ര്യവും ഒന്നിച്ചു പോകണം. അവകാശങ്ങളിൽ കടമകൾ കൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന കാര്യം മറക്കരുത്. മറിച്ചായാൽ ജനാധിപത്യത്തിന്റെ സന്തുലിതാവസ്ഥയെ ബാധിക്കും. ഭരണഘടനയുടെ പ്രായോഗികതയ്‌ക്ക് വെല്ലുവിളിയാവുകയും ചെയ്യും.

പ്രത്യേകമായ

പരിഗണനയില്ല

പണക്കാർക്കും സ്വാധീനമുള്ളവർക്കും അധികാരത്താൽ കരുത്തരായവർക്കും വേണ്ടിയെത്തുന്ന പ്രമുഖ അഭിഭാഷകർക്ക് വാദം പറയാൻ കൂടുതൽ സമയം കിട്ടുന്നതായി പൊതുധാരണയുണ്ടല്ലോ എന്ന ചോദ്യത്തിന്,​'അതൊരു മിത്ത് മാത്രമാണെ"ന്നായിരുന്നു സൂര്യകാന്തിന്റെ പ്രതികരണം. നീതിന്യായ വ്യവസ്ഥ എല്ലാവരെയും സമഭാവനയോടെയാണ് കാണുന്നത്. വ്യക്തിപ്രഭാവമോ സ്വാധീനമോ കേസുകൾ വേഗത്തിൽ പരിഗണിക്കാൻ മാനദണ്ഡമല്ല.

ഹർജികളിലെ ആവശ്യങ്ങളുടെ അടിയന്തരസ്വഭാവം നോക്കും. സിറ്റിംഗ് തുടങ്ങുന്നതിനു മുമ്പുതന്നെ, പരിഗണിക്കാൻ പോകുന്ന മുഴുവൻ ഹർജികളും ജ‌ഡ്‌ജിമാർ വായിക്കും. സങ്കീർണതകൾ ഉള്ള വിഷയമാണെങ്കിൽ വാദം പറയാൻ കൂടുതൽ സമയം അഭിഭാഷകർക്ക് അനുവദിക്കും. പ്രമുഖ അഭിഭാഷകരാണെങ്കിലും അല്ലെങ്കിലും. താൻ ജൂനിയർ അഭിഭാഷകരെ വാദം പറയാൻ നിരന്തരം പ്രോത്സാഹിപ്പിക്കുന്നുണ്ട്. അവർക്ക് അവസരം നൽകുന്നുണ്ട്.

എല്ലാവരെയും

ചേർത്തുപിടിച്ച്

'സൂര്യന് പ്രിയപ്പെട്ടവൻ" എന്നാണ് സംസ്‌കൃതത്തിൽ സൂര്യകാന്തിന്റെ അർത്ഥം. സംസ്‌കൃത അദ്ധ്യാപകനായിരുന്ന അദ്ദേഹത്തിന്റെ പിതാവ് മദൻ ഗോപാൽ ശർമ്മ മകന് ഈ പേരിട്ടത് സൂര്യനെപ്പോലെ ശോഭിക്കാനാണ്. എല്ലാ ചരാചരങ്ങൾക്കും ഒരേ അളവിൽ പ്രകാശവും ചൂടും ഊർജ്ജവും പകരുന്ന സൂര്യനെപ്പോലെ മുന്നോട്ടു പോകാനാണ് സൂര്യകാന്തിന്റെയും ശ്രമം. സ്ത്രീകൾക്കും പിന്നാക്ക വിഭാഗങ്ങൾക്കും ജുഡീഷ്യറിയിൽ കൂടുതൽ പ്രാതിനിദ്ധ്യം ഉറപ്പാക്കി അവരെയും കൂടി ചേർത്തുപിടിച്ച് മുന്നോട്ടുപോകുന്ന നിലപാട് അദ്ദേഹത്തിൽ നിന്ന് ഉണ്ടാകുമെന്നാണ് രാജ്യത്തിന്റെ പ്രതീക്ഷ. ഇതുവരെയും സുപ്രീംകോടതി ജഡ്‌ജി പദവിയിൽ പ്രാതിനിദ്ധ്യം ലഭിക്കാത്ത സംസ്ഥാനങ്ങൾക്കും പരിഗണന കിട്ടേണ്ടതുണ്ട്. ഹരിയാനയിൽ നിന്നുള്ള ആദ്യ ചീഫ് ജസ്റ്റിസാണ് സൂര്യകാന്ത്.

നാലിൽ

ഒരുവൻ

ഹിസാർ പെട്‌വാറിലെ സർക്കാർ സ്‌കൂളിൽ എട്ടാംക്ലാസ് വരെ നിലത്തിരുന്നാണ് പഠിച്ചതെന്ന് സൂര്യകാന്ത് ഓർത്തെടുകുന്നു. പത്താം ക്ലാസിൽ 68 പേർ അവിടെ പരീക്ഷയെഴുതിയതിൽ താനടക്കം നാലു പേർ മാത്രമാണ് ജയിച്ചത്. ഗ്രാമത്തിലെ കുടുംബവീട്ടിൽ പോകുമ്പോൾ തന്റെ പഠനമുറിയിൽ സമയം ചെലവഴിക്കാറുണ്ട്. കടന്നുവന്ന പാതയെക്കുറിച്ച് കൃത്യമായ ധാരണയും കൃതജ്ഞതയും അദ്ദേഹം വച്ചുപുലർത്തുന്നു.

സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സത്യപ്രതിജ്ഞ ചെയ്‌ത് ചുമതലയേറ്രപ്പോൾ, ആ മുഹൂർത്തത്തിന് സാക്ഷിയാകാൻ അടുത്ത ബന്ധുക്കളെ മാത്രമല്ല സൂര്യകാന്ത് ക്ഷണിച്ചത്. തന്റെ വളർച്ചയ്‌ക്ക് വഴികാട്ടികളായി നിന്ന സ്‌കൂൾ - കോളേജ് സുഹൃത്തുക്കളെയും അദ്ധ്യാപകരെയും അഭിഭാഷകരെയും ജഡ്‌ജിമാരെയും അടക്കം ക്ഷണിച്ചു. പെട്‌വാറിൽ നാട്ടുകാർ 101 കിലോ ലഡുവും പലഹാരങ്ങളും വിതരണം ചെയ്‌താണ് ആഘോഷിച്ചത്.

സൂര്യരേഖ

 ജനനം 1962 ഫെബ്രുവരി 10ന് ഹിസാറിൽ

 1984ൽ റോത്തക്കിലെ സർവകലാശാലയിൽ നിന്ന് നിയമബിരുദം

 ഹിസാർ ജില്ലാ കോടതിയിൽ അഭിഭാഷക പ്രാക്‌ടീസ് ആരംഭിച്ചു

 38-ാം വയസിൽ ഹരിയാനയുടെ അഡ്വക്കേറ്റ് ജനറൽ

 2004- ൽ പഞ്ചാബ്,​ ഹരിയാന ഹൈക്കോടതി ജഡ്‌ജി

 2018-ൽ ഹിമാചൽ പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ്

 2019 മേയ് 24-ന് സുപ്രീംകോടതി ജഡ്‌ജി

TAGS: COURT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.