
കൊച്ചി: കാലിക്കറ്റ് സർവകലാശാലയിലെ സ്ഥിരം വൈസ് ചാൻസലർ നിയമനത്തിനായുള്ള സെർച്ച് കം സെലക്‌ഷൻ കമ്മിറ്റിയിലേക്ക് പുതിയ സെനറ്റ് പ്രതിനിധിയെ 30 ദിവസത്തിനകം കണ്ടെത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. ഇതിനായി സെനറ്റ് യോഗം വിളിച്ചുചേർക്കാനും കോടതി സർവകലാശാലയോട് ആവശ്യപ്പെട്ടു. സെനറ്റ് പ്രതിനിധിയായി നേരത്തേ നിശ്ചയിച്ച പ്രൊഫ. എ. സാബു താത്പര്യമില്ലെന്ന് അറിയിച്ച സാഹചര്യത്തിലാണ് നടപടി. പുതുതായി നിശ്ചയിക്കുന്ന അംഗത്തിന്റെ സമ്മതം തേടിയശേഷം മാത്രമേ തീരുമാനം ചാൻസലറെ അറിയിക്കാവൂ എന്നും കോടതി നിർദ്ദേശിച്ചു. വി.സി നിയമന നടപടികൾക്കായി ഗവർണർ ഇറക്കിയ വിജ്ഞാപനം ചോദ്യംചെയ്ത് സർക്കാർ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് വി.ജി. അരുണിന്റെ ഇടക്കാല ഉത്തരവ്.
യു.ജി.സി ചട്ടപ്രകാരം സെർച്ച് കമ്മിറ്റിയിൽ കുറഞ്ഞത് മൂന്ന് അംഗങ്ങൾ വേണം. പ്രൊഫ. എ. സാബുവിന്റെ രാജിയോടെ അംഗസംഖ്യ രണ്ടായി കുറഞ്ഞു. യോഗ്യരായവർക്കുവേണ്ടി അപേക്ഷകൾ ക്ഷണിക്കുന്ന ഘട്ടമാണിതെന്ന് ചാൻസലർ ചൂണ്ടിക്കാട്ടി. സെർച്ച് കമ്മിറ്റി സജ്ജമാകാതെ നടപടികളുമായി മുന്നോട്ടുപോകാനാകില്ലെന്ന് സർക്കാരിനുവേണ്ടി അഡ്വക്കേറ്റ് ജനറൽ ചൂണ്ടിക്കാട്ടി. ഇത് ശരിവച്ച കോടതി, അപേക്ഷ സ്വീകരിച്ചിട്ടുണ്ടെങ്കിൽ അത് ഹർജിയിലെ തീർപ്പിന് വിധേയമായിരിക്കുമെന്ന് വ്യക്തമാക്കി. സ്ഥിരം വി.സി നിയമനം അടിയന്തര പ്രാധാന്യമുള്ള വിഷയമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ പ്രതിനിധിയെ ഒരുമാസത്തിനകം കണ്ടെത്താൻ സെനറ്റിന് നിർദ്ദേശം നൽകിയത്. വിഷയം ജനുവരി 5ന് വീണ്ടും പരിഗണിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |