
അടുത്തിടെ യാത്രയ്ക്കിടെ തനിക്കുണ്ടായ ദുരനുഭവം ട്രാവൽ വ്‌ളോഗർ അരുണിമ ബാക്ക്പാക്കർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരുന്നു. തുർക്കിയിൽവച്ചുണ്ടായ ദുരനുഭവമായിരുന്നു അവർ പങ്കുവച്ചിരുന്നത്. ലിഫ്റ്റ് ചോദിച്ച് ആഡംബര കാറിൽ കയറുന്നതിന്റെയും യാത്രയ്‌ക്കിടെ ഉടമ സ്വയംഭോഗം ചെയ്യുന്നതിന്റെയും വീഡിയോയായിരുന്നു അരുണിമ സമൂഹ മാദ്ധ്യമത്തിൽ പോസ്റ്റ് ചെയ്തത്.
എന്നാൽ ഇതിനുപിന്നാലെ ചില മലയാളി വ്‌ളോഗർമാർ തന്റെ വീഡിയോവച്ച് മോശം കണ്ടന്റുകളിട്ടെന്ന് ആരോപിച്ച് പരാതി നൽകിയിരിക്കുകയാണ് അരുണിമ ഇപ്പോൾ. കോഴിക്കോട് സൈബർ സെല്ലിലാണ് പരാതി നൽകിയത്. 'പൊലീസ് കേസ് കൊടുത്തു, ഇനി പണി വരുന്നുണ്ട്.'- എന്ന അടിക്കുറിപ്പോടെ ജില്ലാ പൊലീസ് കാര്യാലത്തിൽ നിന്നുള്ള വീഡിയോ അവർ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. വ്‌ളോഗർമാരുടെ പേര് സഹിതമാണ് പരാതി നൽകിയിരിക്കുന്നത്.
'തുർക്കിയിലൊരു മോശം അനുഭവം ഉണ്ടായിട്ടുണ്ടായിരുന്നു. അതിനുശേഷം എന്നെ വളരെ മോശമായി ചിത്രീകരിച്ചു. യൂട്യൂബ് ചാനൽ എനിക്ക് തുറക്കാൻ സാധിക്കുന്നുണ്ടായിരുന്നില്ല. അത്രയും മോശമായ രീതിയിൽ ആളുകൾ ഇത് വീഡിയോയാക്കി ചെയ്തു. ഞാൻ നാട്ടിലെത്തിയപ്പോൾ, കേസ് കൊടുക്കാൻ വന്നതാണ്. കോഴിക്കോട് സൈബർ പൊലീസിൽ കേസ് കൊടുത്തതിന്റെ റസീറ്റാണ് ഇത്. ഞാനും എന്റെ സുഹൃത്തുംകൂടി വന്നിട്ടാണ് കേസ് കൊടുത്തത്.
എന്നെ മോശക്കാരിയാക്കിക്കൊണ്ടുള്ള വീഡിയോകൾ എന്റെ സുഹൃത്തുക്കളാണ് അയച്ചുതന്നത്. കുറേ വീഡിയോകൾ അയച്ചിട്ടുണ്ടായിരുന്നു. ഇതിന്റെ ലിങ്ക് ഉൾപ്പടെ വച്ച് കേസ് ഫയൽ ചെയ്തിട്ടുണ്ട്. ഞാൻ വശീകരിച്ച്, എന്റെ സ്വകാര്യ ഭാഗം തുറന്നുകാണിച്ചിട്ടാണ് അയാൾ സ്വയംഭോഗം ചെയ്തതെന്ന രീതിയിലാണ് വീഡിയോയിലെല്ലാം പറഞ്ഞിട്ടുള്ളത്. സോഷ്യൽ മീഡിയ എന്ന് പറയുന്നത് ആർക്കും എന്തും വന്ന് കാണിക്കാനുള്ള സ്ഥലമല്ല. എന്നെപ്പോലെ യാത്ര ചെയ്യുന്നവരുടെയും മറ്റുള്ളവരുടെയും കണ്ടന്റുവച്ച് വീഡിയോയുണ്ടാക്കി കാശുണ്ടാക്കുന്നവരാണ് ഇവർ. ഇതിനുമുമ്പ് ഇത്തരത്തിൽ ഒരുപാട് കമന്റുകളും മറ്റും വന്നപ്പോൾ മൈൻഡ് ചെയ്തില്ല. എന്നെ ബാധിച്ചുതുടങ്ങിയപ്പോഴാണ് കേസ് ഫയൽ ചെയ്തത്.'- അരുണിമ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |