
ഇക്കഴിഞ്ഞ തിങ്കളാഴ്‌ചയാണ് വിഖ്യാത നടൻ ധർമേന്ദ്ര അന്തരിച്ചത്. 90-ാം ജന്മദിനത്തിന് വെറും ദിവസങ്ങൾ ശേഷിക്കെയാണ് അദ്ദേഹം അരങ്ങൊഴിഞ്ഞത്. ഇപ്പോഴിതാ അദ്ദേഹത്തെക്കുറിച്ച് എക്‌സിൽ കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് ഭാര്യയും നടിയുമായ ഹേമാമാലിനി. ഭർത്താവ് മാത്രമായിരുന്നില്ല തന്റെ എല്ലാമായിരുന്നു ധർമേന്ദ്ര എന്നാണ് അവരുടെ കുറിപ്പിൽ പറഞ്ഞിരിക്കുന്നത്.
'ധരം ജി, സ്‌നേഹനിധിയായ ഭർത്താവ്, ഞങ്ങളുടെ രണ്ട് പെൺമക്കളായ ഈഷയുടെയും അഹാനയുടെയും ആരാധ്യനായ പിതാവ്, സുഹൃത്ത്, വഴികാട്ടി, കവി, എന്താവശ്യത്തിനും ഞാൻ ഓടിയെത്തുന്ന വ്യക്തി. വാസ്‌തവത്തിൽ എന്റെ എല്ലാമായിരുന്നു അദ്ദേഹം. എന്റെ നല്ല സമയങ്ങളിലും മോശം സമയങ്ങളിലും അദ്ദേഹം ഒപ്പമുണ്ടായിരുന്നു.എന്റെ കുടുംബാംഗങ്ങളോട് അദ്ദേഹം എളുപ്പത്തിൽ സൗദൃദത്തിലായി. അവരെയെല്ലാം സ്‌നേഹിച്ചു.
ഏറെ കഴിവുള്ള അറിയപ്പെടുന്ന വ്യക്തിയായിട്ടുകൂടി സ്വഭാവത്തിലെ വിനയം അദ്ദേഹത്തെ മറ്റുള്ളവരിൽ നിന്ന് വ്യത്യസ്‌തനാക്കി. ചലച്ചിത്രമേഖലയിൽ അദ്ദേഹം കൈവരിച്ച നേട്ടങ്ങൾ എന്നും നിലനിൽക്കും. എനിക്കുള്ള വ്യക്തിപരമായ നഷ്‌ടം വിവരണാതീതമാണ്. അദ്ദേഹം സൃഷ്‌ടിച്ച ശൂന്യത ജീവിതകാലം മുഴുവൻ നിലനിൽക്കും. ഞങ്ങൾ ഒരുമിച്ചുണ്ടായിരുന്നപ്പോൾ ഉണ്ടായ എണ്ണമറ്റ ഓർമകൾ എന്നിൽ അവശേഷിക്കും ' - ഹേമ മാലിനി കുറിച്ചു. ഇരുവരും ഒന്നിച്ചുള്ള ചിത്രവും ധർമേന്ദ്രയുടെ പഴയൊരു ചിത്രവും കുറിപ്പിനൊപ്പം ഹേമാമാലിനി പങ്കുവച്ചിട്ടുണ്ട്.
Dharam ji❤️
— Hema Malini (@dreamgirlhema) November 27, 2025
He was many things to me. Loving Husband, adoring Father of our two girls, Esha & Ahaana, Friend, Philosopher, Guide, Poet, my ‘go to’ person in all times of need - in fact, he was everything to me! And always has been through good times and bad. He endeared himself… pic.twitter.com/WVyncqlxK5
1960ൽ 'ദിൽ ഭി തേരാ, ഹം ഭി തേരാ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമാരംഗത്തെത്തുന്നത്. തുടർന്ന് ഒട്ടനവധി ചിത്രങ്ങളിൽ മറക്കാനാകാത്ത കഥാപാത്രങ്ങളെ സമ്മാനിച്ചു. അദ്ദേഹം അവസാനമായി അഭിനയിച്ച 'ഇക്കിസ്' എന്ന ചിത്രം ഡിസംബർ 25ന് റിലീസ് ചെയ്യാനിരിക്കുകയാണ്. പ്രകാശ് കൗർ ആണ് ധർമേന്ദ്രയുടെ ആദ്യ ഭാര്യ. ബോളിവുഡ് താരങ്ങളായ സണ്ണി ഡിയോൾ, ബോബി ഡിയോൾ, ഇഷ ഡിയോൾ എന്നിവരുൾപ്പെടെ അദ്ദേഹത്തിന് ആറ് മക്കളുണ്ട്.
ചികിത്സയിലിരിക്കെ ധർമേന്ദ്ര മരണപ്പെട്ടതായി ദേശീയ മാദ്ധ്യമങ്ങളിലടക്കം നേരത്തേ വാർത്തകൾ വന്നിരുന്നു. എന്നാൽ പിന്നീട് അദ്ദേഹത്തിന്റെ ഭാര്യ ഹേമാമാലിനിയും മക്കളും വാർത്ത നിഷേധിക്കുകയായിരുന്നു. അദ്ദേഹം സുഖംപ്രാപിച്ചുവരുന്നതായി ബന്ധുക്കൾ അറിയിക്കുകയും ചെയ്‌തിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |