
തിരുവനന്തപുരം: ലൈംഗിക പീഡന ആരോപണം ഉന്നയിച്ച് അതിജീവിത പരാതി നൽകിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ നിയമക്കുരുക്കിലേക്ക്. രാഹുൽ പാർട്ടിക്ക് പുറത്താണെങ്കിലും കടുത്ത പ്രതിരോധത്തിലാണ് കോൺഗ്രസ്. കേസിലെ തുടർ നടപടികൾ നോക്കിയശേഷം രാഹുലിനെതിരെ തീരുമാനം കൈക്കൊള്ളാമെന്ന നിലപാടിലാണ് മുതിർന്ന നേതാക്കൾ. കർശന നടപടി കൈക്കൊള്ളണമെന്ന ആവശ്യവും ഉയരുന്നു.
രാഹുൽ പാർട്ടിക്ക് പുറത്താണെന്ന നിലപാട് കൊണ്ടുമാത്രം പ്രതിരോധിക്കാനാകില്ലെന്ന അഭിപ്രായമാണ് മുതിർന്ന നേതാക്കൾ പങ്കുവയ്ക്കുന്നത്. റിമാൻഡിലായാൽ എം.എൽ.എ സ്ഥാനത്ത് തുടരുന്നതിലെ ധാർമികത ചോദ്യം ചെയ്യപ്പെടും. പ്രാഥമിക അംഗത്വത്തിൽ നിന്നു നീക്കണമെന്ന അഭിപ്രായവും ചിലർക്കുണ്ട്. ലൈംഗിക പീഡന പരാതിയായതിനാൽ അതീവ ഗൗരവത്തോടെ സമീപിക്കണമെന്ന അഭിപ്രായമാണ് കെ.പി.സി.സി ഭാരവാഹികൾക്കുള്ളത്.
നിയമം അതിന്റെ വഴിക്ക് നീങ്ങുമെന്ന നിലപാടിലാണ് കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും. മുൻപ് ശബ്ദരേഖ പുറത്തു വന്നപ്പോഴും രാഹുലിനെ അനുകൂലിക്കാൻ പ്രതിപക്ഷ നേതാവ് മുതിർന്നിരുന്നില്ല. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാലിന്റെ നിലപാട് നിർണായകമാകും. രാഹുലിനെ പരസ്യമായി അനുകൂലിച്ചത് കെ. സുധാകരൻ മാത്രമായിരുന്നു. നിരപരാധിയാണെന്നും കോൺഗ്രസിൽ സജീവമാകണമെന്നും സുധാകരൻ അഭിപ്രായപ്പെട്ടിരുന്നു.
കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തലയും കെ. മുരളീധരനും രാഹുലിനെതിരെ കഴിഞ്ഞ ദിവസം ശക്തമായി പ്രതികരിച്ചിരുന്നു. പാലക്കാട് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ രാഹുൽ സജീവമായത് പ്രവർത്തകർക്കിടയിലും നേതാക്കൾക്കിടയിലും അമർഷത്തിന് കാരണമായിരുന്നു. പാലക്കാട് ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെയും വി.കെ ശ്രീകണ്ഠൻ എം.പിയുടെയും അനുകൂല നിലപാടിലാണ് രാഹുൽ പ്രചാരണത്തിന് ഇറങ്ങിയിരുന്നത്.
രാഹുലിനെ പ്രാഥമിക അംഗത്വത്തിൽ നിന്നു പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.സി.സിയ്ക്കും പ്രിയങ്ക ഗാന്ധിയ്ക്കും യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി സജൻ പരാതി നൽകി. അതിജീവിതയ്ക്ക് പിന്തുണയുമായി മന്ത്രിമാരായ വീണ ജോർജും വി. ശിവൻകുട്ടിയും ഫെയ്സ്ബുക്കിൽ കുറിപ്പുകൾ പങ്കുവച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |