
മുംബയ്: കലയും സംസ്‌കാരവും സംരക്ഷിക്കുന്നതിലെ മികവിനുള്ള വസായ് ഫൈൻ ആർട്‌സ് സൊസൈറ്റിയുടെ ഈ വർഷത്തെ പുരസ്‌കാരങ്ങൾക്ക് അക്ബർ ട്രാവൽസ് ഗ്രൂപ്പ് ചെയർമാൻ അബ്ദുൽ നാസറും സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകൻ രാജീവ് കെ. രാജനും അർഹരായി. യാത്ര - വിനോദസഞ്ചാരത്തിനുള്ള കരുണ പുരസ്‌കാരമാണ് അബ്ദുൽ നാസറിന് ലഭിച്ചത്. യുവ സംരംഭക പുരസ്‌കാരത്തിന് രാജീവ് കെ. രാജനും അർഹനായി.
സൊസൈറ്റിയുടെ ആജീവനാന്ത നേട്ടത്തിനുള്ള പുരസ്‌കാരം കേരളത്തിലെ വാദ്യ കലാകാരന്മാരായ കരിയനൂർ നാരായണൻ നമ്പൂതിരി (തിമില), കോട്ടക്കൽ രവി(മദ്ദളം), ചെറുശ്ശേരി കുട്ടൻ മാരാർ(ചെണ്ട) എന്നിവർക്കാണ്.
രാജ്യത്തുടനീളം സാംസ്‌കാരിക പരിപാടികൾക്കും സാമൂഹിക പ്രവർത്തനങ്ങൾക്കും പിന്തുണ നൽകുന്ന അക്ബർ ഗ്രൂപ്പിന്റെ സാരഥിയാണ് അബ്ദുൾ നാസർ. ഇന്ത്യയിലെ പരസ്യരംഗത്ത് വേറിട്ട നിലപാട് സ്വീകരിച്ച സ്വീകൻസ് കമ്മ്യൂണിക്കേഷൻസ് സ്ഥാപകനായ രാജീവ് കെ, രാജൻ ചിന്തയിലും കഠിനധ്വാനത്തിലും ദേശീയ തലത്തിൽ ശ്രദ്ധേയനാണ്.
ഡിസംബർ മൂന്നു മുതൽ ഏഴ് വരെ വസായ് വെസ്റ്റ് ശ്രീ അയ്യപ്പ ക്ഷേത്രത്തിലെ പ്രാർത്ഥനാ മണ്ഡപത്തിൽ നടക്കുന്ന വസായ് ഫൈൻ ആർട്‌സ് ഫെസ്റ്റിവലിൽ പുരസ്‌കാരങ്ങൾ സമ്മാനിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |