
നിരവധി പ്രശസ്ത ക്ഷേത്രങ്ങളാണ് കേരളത്തിലുള്ളത്. ഇതിലൊന്നാണ് ചെറുകുന്ന് അന്നപൂർണേശ്വരി ദേവീ ക്ഷേത്രം. കണ്ണൂർ ജില്ലയിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്. പഴയങ്ങാടി റോഡിൽ 12 കിലോമീറ്റർ സഞ്ചരിച്ചാൽ ഈ ക്ഷേത്രസന്നിധിയിലെത്താം. ആദിപരാശക്തിയുടെ ആഹാരം നൽകുന്ന മാതൃഭാവമായ അന്നപൂർണേശ്വരിയാണ് ഇവിടെ കുടികൊള്ളുന്നത്. മുഖ്യ പ്രതിഷ്ഠ മഹാവിഷ്ണുവാണെങ്കിലും ഭഗവതിയ്ക്കാണ് പ്രാധാന്യം.
സർവർക്കും ആഹാരം നൽകുന്ന പ്രകൃതിയാണ് അന്നപൂർണയെന്നാണ് പുരാണങ്ങൾ പറയുന്നത്.
ചിറക്കൽ കോവിലകത്തിന്റെ കീഴിൽ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ക്ഷേത്രം.ഒരു നൂറ്റാണ്ടിലേറെ പഴക്കമുള്ളതാണ് ഇപ്പോഴത്തെ ക്ഷേത്രം. വല്ലഭൻ രണ്ടാമനാണ് അന്നപൂർണേശ്വരി ക്ഷേത്രം പണികഴിപ്പിച്ചത്.കാലപ്പഴക്കത്താൽ ഈ ക്ഷേത്രം നശിക്കാറായപ്പോൾ 1866ൽ അവിട്ടം തിരുനാൾ രാജാവ് പുനർനിർമ്മാണം ആരംഭിച്ചു. അദ്ദേഹത്തിന്റെ കാലശേഷം കേരളവർമ്മ രാജാവാണ് പണിപൂർത്തിയാക്കിയത്.ഈ ക്ഷേത്രത്തിന്റെ പിറവിക്ക് പിന്നിൽ ഒരു ഐതിഹ്യമുണ്ട്.
പട്ടിണിയും പരിവട്ടവുമായി ഏറെ കഷ്ടപ്പെട്ടുകഴിഞ്ഞിരുന്ന ഒരു നാട്ടിലേക്ക് കാശിയിൽ നിന്ന് അന്നപൂർണേശ്വരി മൂന്നു തോഴിമാരും ഭക്തരുമായി എത്തിയെന്നും കുറച്ചുകഴിഞ്ഞ് ഇപ്പോൾ ക്ഷേത്രം നിൽക്കുന്ന സ്ഥലത്തേക്ക് ഭഗവതി എത്തിയെന്നുമാണ് ഐതീഹ്യം.
ദേവിയെ കാണാനെത്തുന്ന ഭക്തർക്കെല്ലാം രണ്ടു നേരം ഭക്ഷണം നൽകുന്നു എന്നതാണ് ക്ഷേത്രത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. അന്നദാനത്തിന് മുടക്കംവരാറില്ല. രണ്ട് കറികൾ കൂട്ടിയാണ് അന്നദാനം നൽകുന്നത്. തളിപ്പറമ്പ് രാജരജേശ്വര ക്ഷേത്രത്തിൽ നിന്ന് പരമശിവൻ തന്റെ ഭാര്യയായ അന്നപൂർണേശ്വരിയെ സന്ദർശിക്കാൻ ദിവസവും അത്താഴപൂജക്ക് ശേഷം ഈ ക്ഷേത്രത്തിലെത്തുന്നതായി സങ്കല്പമുണ്ട്. മേട സംക്രമം മുതൽ എഴു ദിവസം നീണ്ടു നിൽക്കുന്നതാണ് ഉത്സവം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |