SignIn
Kerala Kaumudi Online
Saturday, 29 November 2025 3.48 AM IST

പിന്നാക്കക്കാരാ... മത്സരിക്കേണ്ട, വോട്ട് ചെയ്താൽ മതി

Increase Font Size Decrease Font Size Print Page
s

'പിന്നാക്കക്കാരൻ പിന്നിൽ നിന്ന് മുദ്രാവാക്യം വിളിച്ച് അടിമയെ പോലെ വോട്ട് ചെയ്താൽ മതി, മത്സരിക്കാനോ നേതാവാകാനോ ശ്രമിക്കേണ്ട. അതിനൊക്കെ ഇവിടെ വേറെ ആളുകളുണ്ട് ". തദ്ദേശ തിരഞ്ഞെടുപ്പിൽ വിവിധ രാഷ്ട്രീയപാർട്ടികളിലായി മത്സരിക്കുന്നവരുടെ പട്ടിക പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകും. ഈഴവ പിന്നാക്ക വിഭാഗങ്ങൾ ഭൂരിപക്ഷമായ ഇടുക്കി ജില്ലയിൽ ഇത്തവണയും സംവരണ സീറ്റുകളിലല്ലാതെ ഒരിടത്തും ജനസംഖ്യാനുപാതികമായ പ്രാതിനിധ്യം പിന്നാക്ക സമുദായത്തിലുള്ളവർക്ക് നൽകിയിട്ടില്ല.

ഇടുക്കി ജില്ലയിൽ പിന്നാക്ക വിഭാഗമാണ് ജനസഖ്യയിൽ മുന്നിൽ, അതിൽ ഏറെയും ഈഴവ സമുദായമാണ്. എന്നിട്ടും ഇടുക്കി ക്രൈസ്തവ വോട്ട് ബാങ്കായാണ് വിലയിരുത്തപ്പെടുന്നത്. അതുകൊണ്ട് സ്ഥാനാർത്ഥി പരിഗണനയിലും അനർഹമായ പ്രധാന്യം ലഭിക്കുന്നതും ക്രൈസ്തവരിലെ സകല വിഭാഗക്കാർക്കുമാണ്. ജാഥയ്ക്ക് കൊടി പിടിക്കാനും പൊലീസിന്റെ തല്ലു കൊള്ളാനും പിന്നാക്കക്കാർ. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ സീറ്റ് നൽകുന്നത് മറ്റു വിഭാഗക്കാർക്ക്. വർഷങ്ങളായി ഇവിടെ ആവർത്തിക്കുന്നത് ഈ പൊറാട്ട് നാടകമാണ്. പിന്നാക്ക വിഭാഗത്തിൽ പ്രഗത്ഭരായവർ ഇല്ലാഞ്ഞിട്ടല്ല. അവരെ ജനപ്രിയ നേതാക്കളാക്കി വളർത്താൻ പാർട്ടികളാരും തയ്യാറാകാത്തത് കൊണ്ടാണ്. അതേ സമയം ന്യൂനപക്ഷ, സവർണ വിഭാഗങ്ങളിൽ നിന്ന് ഇടുക്കിക്കാർ പലരെയും ജനപ്രതിനിധികളും മന്ത്രിമാരുമാക്കി. നിയമസഭാ മണ്ഡലങ്ങളുടെ ചെറിയ പതിപ്പെന്ന് വിശേഷിക്കാവുന്ന ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ സ്ഥാനാർത്ഥികളുടെ സമുദായം നോക്കിയാൽ പിന്നാക്ക വിഭാഗങ്ങളിൽ നിന്ന് വിരലിലെണ്ണാവുന്നവ‌ർ പോലുമില്ല. അതേ സമയം ക്രൈസ്തവ സമുദായത്തിലെ ഉപവിഭാഗങ്ങൾക്കു പോലും പ്രത്യേക പരിഗണന നൽകാൻ മറന്നിട്ടുമില്ല. ഏറ്റവുമധികം അവഗണന യു.ഡി.എഫ് മുന്നണിയിൽ നിന്നാണ് പിന്നാക്ക സമുദായങ്ങൾ നേരിടുന്നത്. ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന മൂന്ന് മുന്നണികളിൽ മുസ്ലീം സമുദായത്തിൽ നിന്ന് ഒരാൾക്ക് മാത്രമാണ് സീറ്റ് നൽകിയിരിക്കുന്നത്. ഇവിടെയാണെങ്കിൽ വിമതനുമുണ്ട്. ഈഴവ സമുദായത്തിൽ നിന്ന് ഒരു ഡിവിഷനിൽ മാത്രമാണ് സ്ഥാനാർത്ഥിയുള്ളത്. കഴിഞ്ഞ തവണ കരിമണ്ണൂർ ഡിവിഷനിൽ നിന്ന് വിജയിച്ച ഇന്ദു സുധാകരനെ ഇത്തവണ തഴഞ്ഞു. അവസാന നിമിഷം വരെ ഇന്ദുവിന്റെ പേര് ചർച്ചയിലുണ്ടായിരുന്നെങ്കിലും അവസാനം മറ്റൊരാൾക്ക് സീറ്റ് നൽകുകയായിരുന്നു. ഇത്തവണ ജില്ലാ പ്രസിഡന്റ് സ്ഥാനം വനിതയ്ക്കായതിനാൽ ഇന്ദു ജയിച്ചുവന്നാൽ പ്രസിഡന്റാക്കേണ്ടി വരുമെന്നതിനാൽ കോൺഗ്രസിലെ ഒരു വിഭാഗം മനഃപൂർവം വെട്ടിയതാണെന്ന് ആക്ഷേപമുണ്ട്. ഡി.സി.സി ട്രഷറുടെ അവസ്ഥ ഇതാണെങ്കിൽ കോൺഗ്രസിലെ മറ്റു നേതാക്കളുടെ സ്ഥിതിയെന്താകുമെന്നാണ് പാർട്ടിയിലെ പിന്നാക്ക വിഭാഗക്കാർ ചോദിക്കുന്നത്. അടിമാലി ഡിവിഷനിൽ പരിഗണിച്ച അനിൽ തറനിലത്തെയും അവസാനം അപമാനിച്ചു ഒഴിവാക്കി. ബ്ലോക്ക് പഞ്ചായത്തുകളിലും നഗരസഭകളിലും സ്ഥിതി വ്യത്യസ്തമല്ല. പരമാവധി ഒന്നോ രണ്ടോ പേരെ മാത്രമാണ് പേരിന് സ്ഥാനാർത്ഥിയാക്കിയിരിക്കുന്നത്. തൊടുപുഴ നഗരസഭയിൽ കഴിഞ്ഞ തവണ എൻ.ഡി.എ രണ്ട് സീറ്റ് ബി.ഡി.ജെ.എസിന് നൽകിയ സ്ഥാനത്ത് ഇത്തവ നൽകിയത് വട്ടപൂജ്യമാണ്. വിജയസാദ്ധ്യതയുള്ള നാല് സീറ്റ് ചോദിച്ചെങ്കിലും ഒന്നുപോലും നൽകാൻ തയ്യാറായില്ലെന്നതാണ് വസ്തുത. ഗ്രാമപഞ്ചായത്തുകളിലാകെ കണക്കെടുത്താൽ സംവരണ സീറ്റ് കഴിഞ്ഞാൽ 60ൽ താഴെ പിന്നാക്ക വിഭാഗക്കാർ മാത്രമാണ് മത്സരരംഗത്തുള്ളത്. സംവരണം കൂടിയില്ലായിരുന്നെങ്കിൽ സ്ഥിതി അതി ദയനീയമാകുമായിരുന്നു. അടുത്ത വർഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലേക്ക് ഇപ്പോഴെ സീറ്റ് ഉറപ്പിച്ചവരുടെ ലിസ്റ്റിലും പൊടിപോലുമില്ല പിന്നാക്കക്കാരെ കണ്ടു പിടിക്കാൻ. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലും പരിഗണിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസിലെ ചില പിന്നാക്ക സമുദായ നേതാക്കൾ കളത്തിലുണ്ടെങ്കിലും സ്ഥാനാർത്ഥിത്വം ലഭിക്കുമോയെന്ന കാര്യത്തിൽ ഒരുറപ്പുമില്ല. ഭൂരിപക്ഷ സമുദായം ഈഴവ വിഭാഗമായിട്ടും ഒരാളെ പോലും പരിഗണിച്ചില്ല. അടുത്ത തിരഞ്ഞെടുപ്പിൽ പരിഗണിക്കുമെന്ന പ്രതീക്ഷയിൽ പലരും കളത്തിലുണ്ടെങ്കിലും സീറ്റ് കൊടുത്തില്ലെങ്കിൽ പിടിച്ചു വാങ്ങാനുള്ള കരുത്തില്ലാത്തവരാണ്. സ്ഥിരം പോസ്റ്റ‌റൊട്ടീരും തല്ലു കൊള്ളലുമാണ് പരിപാടി. ഒടുവിൽ ഉടയാത്ത ഷർട്ടുമിട്ട് ഇന്നോവ കാറിൽ കറങ്ങുന്നവർ സ്ഥാനാർത്ഥികളാകും. നേതാക്കളുടെ പിറകേ നടന്ന് ആയുസ് ഒടുക്കാനാണ് ഇവരുടെ വിധി. മറ്റ് സമുദായ നേതാക്കൾ വില പേശി സീറ്റ് പിടിച്ച് വാങ്ങിച്ചെടുക്കുമ്പോൾ നോക്കി നിൽക്കാനാണ് ഇവരുടെ യോഗം. തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സമിതിയിൽ പോലും വേണ്ടത്ര പിന്നാക്കക്കാരില്ലായിരുന്നു. അതിനാൽ തന്നെ വിവിധ ക്രൈസ്തവ സഭ അരമനകളിൽ നിന്ന് വിളി വന്നവർക്കായിരുന്നു സ്ഥാനാർത്ഥിത്വത്തിൽ മുൻഗണന.

പാർട്ടിയിലും പദവിയില്ല

ഡി.സി.സി അദ്ധ്യക്ഷ സ്ഥാനമോ മറ്റു പോക്ഷക സംഘടനാ ഭാരവാഹിത്വമോ ലഭിക്കണമെങ്കിലും ന്യൂനപക്ഷ സമുദായാംഗമായിരിക്കണം. ജനസംഖ്യയിൽ ഈഴവ ദളിത് പിന്നാക്ക വിഭാഗമാണ് ഇടുക്കിയിൽ മുന്നിലെങ്കിലും അൽപ്പകാലം ഇബ്രാഹിംകുട്ടി കല്ലാ‌റായതൊഴിച്ച് നാളിതുവരെ ഡി.സി.സി അദ്ധ്യക്ഷ സ്ഥാനത്തേക്ക് പിന്നാക്കക്കാരെ പരിഗണിച്ചിട്ടില്ല. ഹിന്ദു വിഭാഗത്തിൽ നിന്ന് പോലും ആരും വന്നിട്ടില്ല. നിലവിൽ ഡി.സി.സി പ്രസിഡന്റിന് പുറമെ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഐ.എൻ.ടി.യു.സി, കർഷക കോൺഗ്രസ്, മഹിളാ കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തുള്ളവരെല്ലാം ന്യൂനപക്ഷ സമുദായാംഗങ്ങളാണ്. ആകെയുണ്ടായിരുന്ന ഈഴവ സമുദായംഗമായിരുന്ന യു.ഡി.എഫ് കൺവീനറെ മാറ്റിയിട്ട് ന്യൂനപക്ഷ സമുദായ അംഗത്തെ നിയമിച്ചു. ജില്ലയിലെ കെ.പി.സി.സി ജനറൽ സെക്രട്ടറിമാരിലൊരാളായ ഇദ്ദേഹത്തിന് പകരം ചുമതലകളൊന്നും ഇതുവരെ നൽകിയിട്ടില്ല. ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നല്ലാതെ ഇതുവരെ ആരും ഇടുക്കിയിൽ എം.പിയായിട്ടില്ല. സംവരണ സീറ്റായ ദേവികുളത്തല്ലാതെ പിന്നാക്ക എം.എൽ.എമാരും ഇടുക്കിയിലുണ്ടായിട്ടില്ല.

55 ഡി.സി.സി സെക്രട്ടറിമാരിൽ ആകെ നാല് പേരാണ് ഈഴവ വിഭാഗത്തിൽ നിന്നുള്ളത്. 10 ബ്ലോക്ക് പ്രസിഡന്റുമാരിൽ എട്ടും കത്തോലിക്കാ വിഭാഗത്തിൽ നിന്നുള്ളവരാണ്. പേരിന് ഒരാൾ വീതം മുസ്ലീമും ഈഴവയുമുണ്ട്. വർഷങ്ങളായി പാർട്ടി പ്രവർത്തനത്തിലുള്ള നിരവധി പിന്നാക്ക ദളിത് വിഭാഗത്തിൽപ്പെട്ടവരുണ്ടായിട്ടും നേതൃസ്ഥാനങ്ങളിലേക്കെത്താതെ തീണ്ടൽ പലക നിരത്തി അകറ്റി നിർത്തിയിരിക്കുകയാണ്. അർഹമായ പരിഗണന തുട‌‌‌ർച്ചയായി കിട്ടാതെ വന്നതോടെ പിന്നാക്ക വിഭാഗത്തിലുള്ള പലരും പാർട്ടിയിൽ നിന്ന് അകന്നു തുടങ്ങി. ചില‌‌ർ ബി.ജെ.പിയടക്കമുള്ള പാർട്ടികളിലേക്ക് മാറി. ഇത് ഇടുക്കിയിൽ കോൺഗ്രസിന് വലിയ ദോഷം ചെയ്‌തേക്കാമെന്ന് മുന്നറിയിപ്പുണ്ടായിട്ടും ഭൂരിപക്ഷ സമുദായത്തിൽപ്പെട്ട പിന്നാക്കക്കാരെ പരിഗണിക്കാൻ ഇപ്പോഴും തയ്യാറാകാതെ എങ്ങനെയും വെട്ടിനിരത്താൻ നേതാക്കൾ ഒന്നിക്കുകയാണ്. ഇതിന്റെ പ്രതിഫലനം തദ്ദേശതിരഞ്ഞെടുപ്പിലും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിലുമുണ്ടായേക്കും.

TAGS: ELECTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.