
റാഞ്ചി: ഇന്ത്യൻ ക്രിക്കറ്റിനെ സംബന്ധിച്ച് വളരെ സംഭവബഹുലമായ ഒരു വർഷമാണ് കടന്നുപോകുന്നത്. ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ഐസിസി ചാമ്പ്യൻസ് ട്രോഫിയിൽ വിജയികളായി. വനിതാ ലോകകപ്പിൽ ഇന്ത്യൻ വനിതകൾ ചാമ്പ്യന്മാരുമായി. മുതിർന്ന താരങ്ങളായ രോഹിത്ത് ശർമ്മയും വിരാട് കൊഹ്‌ലിയും ട്വന്റി20യിലും ടെസ്റ്റിലും വിരമിക്കൽ പ്രഖ്യാപിച്ചു. തുടർന്ന് നടന്ന ഇംഗ്ളണ്ട് പര്യടനത്തിൽ ശുഭ്‌മാൻ ഗില്ലിന്റെ നേതൃത്വത്തിൽ യുവ ഇന്ത്യൻ ടീം ടെസ്റ്റിൽ ആവേശം കൊള്ളിക്കുന്ന വിജയം നേടി.
എന്നാൽ അതിനുശേഷം കാര്യങ്ങൾ തകിടം മറിഞ്ഞു. ദക്ഷിണാഫ്രിക്കയുമായുള്ള നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ചരിത്രത്തിൽ ഏറ്റവും വലിയ തോൽവി ഇന്ത്യ ഏറ്റുവാങ്ങി. ഇതോടെ കോച്ച് ഗൗതം ഗംഭീറിനെതിരെ ആരാധകർ വലിയ പ്രതിഷേധം തന്നെ നടത്തി. ഈവർഷമാദ്യം ഇന്ത്യയിലെത്തിയ ന്യൂസിലാന്റും ഇവിടെ ടെസ്റ്റ് പരമ്പര ജയിച്ചിരുന്നു. അന്ന് കോച്ചായ ഗംഭീർ ഇപ്പോൾ ദക്ഷിണാഫ്രിക്കക്കെതിരായ തോൽവി ചാമ്പ്യൻസ് ട്രോഫി വിജയവും ഇംഗ്ളണ്ട് പര്യടനവും ചൂണ്ടിക്കാട്ടി നിസാരവൽക്കരിച്ചു.
ടെസ്റ്റ് പരമ്പരയ്‌ക്ക് ശേഷം കഴിഞ്ഞ ദിവസം ആരംഭിച്ച ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന പരമ്പരയ്‌ക്ക് മുൻപായി ആരാധകർ ഗംഭീറിനെ പരിഹസിക്കുന്ന വീഡിയോ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. 'ന്യൂസിലാന്റിനോട് 3-0ന് തോറ്റു, ദക്ഷിണാഫ്രിക്കയോട് 2-0നും. ദക്ഷിണാഫ്രിക്കയോട് നാട്ടിൽപോലും ജയിക്കാനാകുന്നില്ല. 2027 ലോകകപ്പ് മറന്നേക്കൂ. നിങ്ങൾ കോച്ചിംഗ് ജോലി വിടൂ.' ഒരു ആരാധകൻ വിളിച്ചുപറഞ്ഞു.
മുതിർന്ന കളിക്കാർക്കും എതിർപ്പ്
ആരാധകർക്കിടയിൽ മാത്രമല്ല മുതിർന്ന കളിക്കാർക്കിടയിലും ഗംഭീറിനെതിരെ എതിർപ്പുണ്ടെന്നാണ് വിവരം. ഏകദിന ടീമിലെ മുതിർന്ന താരങ്ങളായ രോഹിത്ത് ശർമ, വിരാട് കൊഹ്‌ലി എന്നിവർക്ക് ഗംഭീറുമായി ആശയഭിന്നതയുണ്ട്. ഒരു ദേശീയ മാദ്ധ്യമം പുറത്തുവിട്ടതാണ് ഈ വിവരം.
ഇന്ത്യൻ ക്രിക്കറ്റിലെ ഇക്കാലത്തെ രണ്ട് സൂപ്പർ താരങ്ങളാണ് രോഹിത്തും വിരാടും എന്നതിൽ സംശയമില്ല. ഏറെനാളുകൾക്ക് ശേഷം നടന്ന ഏകദിന മത്സരങ്ങളിൽ റോകോ സഖ്യം ഇനി തുടരുമോ എന്ന സംശയത്തിനിടെ രോഹിത്ത് മൂന്ന് മത്സരങ്ങളിൽ നിന്ന് നേടിയ സ്‌കോറുകൾ 73,പുറത്താകാതെ 121, 57 എന്നിങ്ങനെയാണ്. കഴിഞ്ഞ മത്സരത്തോടെ ഏകദിനത്തിൽ ഏറ്റവുമധികം സിക്‌സർ നേടിയ താരമായി രോഹിത്ത് (352) മാറി. കൊഹ്‌ലിയാകട്ടെ 74,135 എന്നിങ്ങനെ മികച്ച സ്‌കോറുകൾ രണ്ട് മത്സരങ്ങളിൽ കണ്ടെത്തി.
ഇരു മുതിർന്ന താരങ്ങളും മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ചെങ്കിലും റോകോയും കോച്ച് ഗംഭീറും തമ്മിൽ നല്ല ആശയവിനിമയം ഇപ്പോഴും ഇല്ലെന്നാണ് വിവരം. 'ഗൗതം ഗംഭീറും മുതിർന്ന താരങ്ങളായ രോഹിത്ത് ശർമ്മയും വിരാട് കൊഹ്‌ലിയും തമ്മിലുള്ല ബന്ധം അത്ര
നല്ലതല്ല. ഇരുതാരങ്ങളുടെയും ഭാവി സംബന്ധിച്ചുള്ള ഒരു കൂടിക്കാഴ്‌ച രണ്ടാമത്തെയും മൂന്നാമത്തെയും ഏകദിനങ്ങൾ നടക്കുന്ന റായ്‌പൂരിലോ വിശാഖപട്ടണത്തോ നടന്നേക്കാം.' ബിസിസിഐ വൃത്തങ്ങളെ സൂചിപ്പിച്ച് ദൈനിക് ജാഗരൺ റിപ്പോർട്ട് ചെയ്യുന്നു.
അഗാർക്കറുമായും മോശം ബന്ധം
അടുത്തിടെ നടന്ന ഓസ്‌ട്രേലിയൻ ഏകദിന പരമ്പരയിൽ രോഹിത്തും സെലക്ഷൻ കമ്മിറ്റി ചെയർമാൻ അജിത്ത് അഗാർക്കറുമായി അത്ര നല്ല ബന്ധമായിരുന്നില്ല. ദക്ഷിണാഫ്രിക്ക പരമ്പരയിൽ കൊഹ്ലിയും ഗംഭീറും തമ്മിലും കാര്യമായ സംസാരമില്ല. ഇരുതാരങ്ങളുടെയും ആരാധകർ സോഷ്യൽ മീഡിയയിൽ ഗംഭീറിനെ വല്ലാതെ തേജോവധം ചെയ്യുന്നത് ബിസിസിഐയ്‌ക്ക് ആശങ്കയും ഉണ്ടാക്കിയിട്ടുണ്ട്.

ഐപിഎൽ ആരാധകർക്ക് കൊഹ്‌ലി-ഗംഭീർ ബന്ധത്തെക്കുറിച്ച് അൽപംകൂടി വ്യക്തമായി മനസിലാക്കാനാകും. ഇന്ത്യയ്‌ക്കും ഡൽഹിയ്‌ക്കും വേണ്ടി ഒരുമിച്ച് കളിച്ചിട്ടുണ്ടെങ്കിലും 2013,2023 ഐപിഎൽ സീസണുകളിൽ ഇരുവരും തമ്മിൽ തർക്കിച്ചിരുന്നു. അടുത്തവർഷം ആദ്യം ട്വന്റി20 ലോകകപ്പ് നടക്കുന്നതിനാൽ ഗംഭീറിനെ ബിസിസിഐ ഒഴിവാക്കാൻ സാദ്ധ്യതയില്ല. അതിനുശേഷം നടക്കുന്ന ശ്രീലങ്കയിലെ ടെസ്റ്റ് പരമ്പര വരെ എന്തായാലും ഗംഭീർ ഉണ്ടാകുമെന്ന് ഉറപ്പാണ്.
ഇതിനിടെ ദക്ഷിണാഫ്രിക്കയുമായുള്ള ആദ്യ ഏകദിന മത്സരശേഷം ഡ്രസിംഗ് റൂമിൽ ഗംഭീറും രോഹിത്തും തമ്മിൽ ദീർഘനേരം സംഭാഷണം നടത്തുന്നത് കാണാമായിരുന്നു. എന്നാൽ ഇത് ഒട്ടും സൗഹൃദപരമായിരുന്നില്ല എന്ന് തന്നെയാണ് മനസിലാക്കാൻ സാധിക്കുക. വരുംനാളുകളിലെ മത്സരങ്ങൾ മുതിർന്ന ഇരുതാരങ്ങൾക്കും കോച്ച് ഗംഭീറിനും നിർണായകം തന്നെയാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |