
പത്തനംതിട്ട:ഈറ്റില്ലമെന്ന നിലയിൽ പത്തനംതിട്ടയിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ശബരിമല സ്വർണക്കൊള്ളയും രാഹുൽ മാങ്കൂട്ടത്തിൽ പീഡനക്കേസും സ്വർണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ എം.എൽ.എയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാറും, പീഡനക്കേസിൽപ്പെട്ട രാഹുലും പത്തനംതിട്ട ജില്ലക്കാരാണ്.
പത്മകുമാറിന്റെ അറസ്റ്റ് പ്രചാരണ വിഷയമാക്കി യു.ഡി.എഫും എൻ.ഡി.എയും മുന്നേറുന്നതിനിടെ ,എൽ.ഡി.എഫിന് കിട്ടിയ പിടിവള്ളിയാണ് രാഹുൽ കേസ്. ഇതിനുമപ്പുറം,
മലയോര ഗ്രാമങ്ങളിലെ വന്യ മൃഗശല്യവും റബറടക്കം കാർഷികോൽപ്പന്നങ്ങളുടെ വിലയിടിവും തെരുവുനായ ശല്യവും നാടിന്റെ നീറുന്ന പ്രശ്നങ്ങളാണ്. ഇവ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങളും സർക്കാരും എന്തു ചെയ്തുവെന്ന ചോദ്യം വോട്ടർമാരുടെ മനസിലുണ്ട്.
1995ൽ ജില്ലാ പഞ്ചായത്ത് നിലവിൽ വന്ന ശേഷം നടന്ന ആറ് തിരഞ്ഞെടുപ്പിൽ നാലിലും ഭരണത്തിലെത്തിയത് യു.ഡി.എഫാണ്. 2005ലും 2020ലും എൽ.ഡി.എഫ് ഭരിച്ചു. നിലവിലെ ബ്ളോക്ക്, ഗ്രാമ പഞ്ചായത്തുകളിൽ ഭൂരിഭാഗവും എൽ.ഡി.എഫിന്റെ കൂടെയാണ്. ജില്ലാ പഞ്ചായത്തിലെ പൂർവചരിത്രം പറഞ്ഞ് യു.ഡി.എഫിന് അഭിമാനിക്കാനാവില്ല. കഴിഞ്ഞ പത്തു വർഷത്തിനിടയിൽ നടന്ന ജില്ലയിലെ തിരഞ്ഞെടുപ്പുകളിൽ എൽ.ഡി.എഫിനാണ് മുന്നേറ്റം. അഞ്ച് നിയമസഭാ മണ്ഡലങ്ങളും കഴിഞ്ഞ തവണ എൽ.ഡി.എഫിനോടു ചേർന്നു.
പാർലമെന്റ് തിരഞ്ഞെടുപ്പിൽ തുടരെ നാല് തവണ വിജയിച്ചതിന്റെ തിളക്കം മാത്രമാണ് യു.ഡി.എഫിനുള്ളത്. ഇക്കുറി ചരിത്രം തങ്ങൾക്കൊപ്പം തിരിയുമെന്ന് യു.ഡി.എഫ് കരുതുന്നു. ഒരു നഗരസഭയും മൂന്ന് പഞ്ചായത്തുകളും ഭരിക്കുന്ന എൻ.ഡി.എയും വലിയ കുതിപ്പ് പ്രതീക്ഷിക്കുന്നു. നഗരസഭകളിൽ പന്തളം നിലനിറുത്തുകയും തിരുവല്ല പിടിക്കുകയും ചെയ്യുമെന്നാണ് അവരുടെ പ്രഖ്യാപനം.
□ ജില്ലാ പഞ്ചായത്ത്: നിലവിലെ കക്ഷി നില: എൽ.ഡി.എഫ് 12, യു.ഡി.എഫ് 4
□ നഗരസഭകൾ 4- എൽ.ഡി.എഫ് 2, യു.ഡി.എഫ് 1, എൻ.ഡി.എ 1
□ ബ്ളോക്ക് പഞ്ചായത്ത് 8- എൽ.ഡി.എഫ് 6, യു.ഡി.എഫ് 2
□ഗ്രാമ പഞ്ചായത്ത് 53- എൽ.ഡി.എഫ് 32, യു.ഡി.എഫ് 18, എൻ.ഡി.എ 3.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |