
കറാച്ചി: പാകിസ്ഥാനിൽ കരസേനാ മേധാവി അസിം മുനീറിനെ സംയുക്ത സേനാ മേധാവിയായി നിയമിക്കാനുള്ള വിജ്ഞാപനം വൈകുന്നതിനെ ചൊല്ലി വിവാദം. പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിന്റെ അംഗീകാരത്തോട് കൂടിയെ മുനീറിനെ ഔദ്യോഗികമായി നിയമിക്കാനാകൂ.
നവംബർ 26 മുതൽ ഷെഹ്ബാസ് വിദേശത്താണ്. ഔദ്യോഗിക സന്ദർശനങ്ങളുടെ ഭാഗമായി ബഹ്റൈനിലേക്ക് പോയ ഷെഹ്ബാസ്, നിലവിൽ ലണ്ടനിലാണ്. നയതന്ത്ര ചർച്ചകൾക്കും ലണ്ടനിൽ ചികിത്സയിലുള്ള സഹോദരനും മുൻ പ്രധാനമന്ത്രിയുമായ നവാസ് ഷെരീഫിനെ കാണാനും വേണ്ടിയാണ് ഷെഹ്ബാസിന്റെ സന്ദർശനമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
എന്നാൽ മുനീറിന്റെ നിയമനം വൈകിപ്പിക്കാൻ ഷെഹ്ബാസ് ബോധപൂർവ്വം രാജ്യത്ത് നിന്ന് വിട്ടുനിൽക്കുന്നെന്നാണ് ആരോപണം. 29ന് മുന്നേ വിജ്ഞാപനം ഇറക്കേണ്ടതായിരുന്നു. വിജ്ഞാപനം വൈകുന്നത് സൈനിക നേതൃത്വ പ്രതിസന്ധിക്കും ഇടയാക്കിയിട്ടുണ്ട്.
കഴിഞ്ഞ മാസമാണ് മുനീറിനെ സംയുക്ത സേനാ മേധാവിയാക്കുനുള്ള ബിൽ പാർലമെന്റിൽ പാസായത്. കര, നാവിക, വ്യോമസേനകളുടെ പരമോന്നത സൈനിക കമാൻഡറായി മാറുന്ന മുനീറിന് ആജീവനാന്തം പദവിയും പ്രോസിക്യൂഷനിൽ നിന്ന് പ്രതിരോധവും ലഭിക്കും. ജനാധിപത്യ, ജുഡിഷ്യൽ വ്യവസ്ഥകളെ അട്ടിമറിച്ച് സൈനിക സ്വേച്ഛാധിപത്യം സ്ഥാപിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്ന് ആരോപണമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |