
തൃശൂർ: ഹോണടിച്ചതിന്റെ പേരിലുണ്ടായ തർക്കത്തിൽ മൂന്നുപേർക്ക് കുത്തേറ്റു. തൃശൂർ പേരാമംഗലത്ത് ഇന്ന് പുലർച്ചെയാണ് സംഭവം. മുണ്ടൂർ സ്വദേശി ബിനീഷ് (46), മകൻ അഭിനവ് (19), സുഹൃത്ത് അഭിജിത്ത് (29) എന്നിവർക്കാണ് കുത്തേറ്റത്. മുണ്ടൂരിലെ പച്ചക്കറി കടയിലെ ജീവനക്കാരനായ കേച്ചേരി സ്വദേശി കൃഷ്‌ണ കിഷോർ ആണ് മൂന്നുപേരെയും ആക്രമിച്ചത്. ശേഷം പ്രതി സ്ഥലത്ത് നിന്നും രക്ഷപ്പെട്ടു.
രണ്ട് ബൈക്കുകളിലായാണ് അച്ഛനും മകനും സുഹൃത്തും യാത്ര ചെയ്‌തിരുന്നത്. ബാഡ്‌മിന്റൺ കളിച്ചശേഷം മടങ്ങുകയായിരുന്നു ഇവർ. അക്രമിയും ബൈക്കിലാണ് എത്തിയത്. കൃഷ്‌ണ കിഷോർ ഓടിച്ച ബൈക്കിന് പിന്നാലെയാണ് അഭിനവും ബിനീഷും പോയത്. അഭിനവ് രണ്ടുതവണ ഹോണടിച്ചത് കൃഷ്‌ണ കിഷോറിന് ഇഷ്‌ടപ്പെട്ടില്ല. ഓവർടേക്ക് ചെയ്‌ത് പോയ ഇവരെ കൃഷ്‌ണ കിഷോർ ബുള്ളറ്റിൽ വന്ന് ക്രോസ് ചെയ്‌ത് നിർത്തി. തുടർന്ന് ഇവർ തമ്മിൽ തർക്കമുണ്ടാവുകയും ഇതിനിടെ കൃഷ്‌ണ കിഷോർ കത്തിയെടുത്ത് അഭിനവിനെയും അച്ഛൻ ബിനീഷിനെയും അഭിജിത്തിനെയും കുത്തുകയായിരുന്നു.
കുത്തിയ ശേഷം ബൈക്കിൽ രക്ഷപ്പെടാൻ ശ്രമിച്ച കൃഷ്‌ണ കിഷോറിനെ കുത്തേറ്റവർ പിന്തുടർന്നു. പിന്നീട് കാറിലെത്തിയ സുഹൃത്തിന്റെ സഹായത്തോടെ കൃഷ്‌ണ കിഷോർ രക്ഷപ്പെട്ടു. ഇയാൾ തമിഴ്‌നാട്ടിലേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ച വിവരം. പ്രതിക്കായുള്ള അന്വേഷണം തമിഴ്‌നാട്ടിലേക്കും വ്യാപിപ്പിച്ചിട്ടുണ്ട്.
കൃഷ്‌ണ കിഷോറിന് ക്രിമിനൽ പശ്ചാത്തലം ഉണ്ടോയെന്ന് പരിശോധിച്ചുവരികയാണ്. ഇയാളുടെ പിതാവിന്റെ വീട് ചാവക്കാടും മാതാവിന്റെ വീട് കോട്ടയത്തുമാണ്. കേച്ചേരിയിൽ വാടകയ്‌ക്ക് താമസിക്കുകയായിരുന്നു കൃഷ്‌ണ കിഷോർ. ഇയാളെ രക്ഷപ്പെടാൻ സഹായിച്ച സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |