
കൊച്ചി: നീണ്ട 52 വർഷം. 'കഥപറയുമ്പോൾ" സിനിമയിലെ ബാർബർ ബാലനെപ്പോലെ ആ രഹസ്യം സി. ശശിധരൻ ഒളിപ്പിച്ചു വച്ചു. കഴിഞ്ഞ ദിവസം കൊച്ചിയിലെ ചടങ്ങിൽ ശശിധരനെ സാക്ഷിയാക്കി മമ്മൂട്ടി അത് വെളിപ്പെടുത്തി. 'തനിക്ക് മമ്മൂട്ടി എന്ന പേരിട്ടത് ഈ ശശിധരനാണ്'. കഥപറയുമ്പോൾ സിനിമയിലെ ക്ലൈമാക്സ് രംഗംപോലെ വികാരനിർഭരമായ വെളിപ്പെടുത്തൽ.
എറണാകുളം മഹാരാജാസ് കോളേജിലെ ബിരുദപഠന കാലത്താണ് ഒമർ ഷെരീഫ് എന്നറിയപ്പെട്ടിരുന്ന സഹപാഠി പി.ഐ. മുഹമ്മദ് കുട്ടിയെ 'മമ്മൂട്ടി' എന്ന് ശശിധരൻ വിളിച്ചത്. നവംബർ 27ന് കൊച്ചിയിലെ ഒരു ചടങ്ങിൽ താനുണ്ടെന്നും വരണമെന്നും മമ്മൂട്ടി പറഞ്ഞപ്പോൾ വൈപ്പിൻ ദ്വീപിലെ പഴങ്ങാട് സ്വദേശിയായ ശശിധരൻ ആദ്യം മടിച്ചു. നിർബന്ധിച്ചത്തോടെയാണ് എത്തിയത്.
മമ്മൂട്ടിയുടെ അപ്രതീക്ഷിത വെളിപ്പെടുത്തലിൽ സന്തോഷവും പരിഭ്രമവും തോന്നിയ ശശിധരൻ മറ്റുള്ളവർക്ക് മുഖം കൊടുക്കാതെ സ്ഥലംവിട്ടു. അഞ്ചുവർഷം അദ്ധ്യാപകനായും 38 വർഷം സ്വകാര്യ കമ്പനികളിൽ വിദേശത്തുൾപ്പെടെ ഉന്നതപദവികളിലും പ്രവർത്തിച്ച ശശിധരൻ വിശ്രമജീവിതത്തിലാണ്.
ഐ.ഡി കാർഡിലെ രഹസ്യം
1970-73ലാണ് മഹാരാജാസിൽ മമ്മൂട്ടി ബിരുദത്തിന് പഠിച്ചത്. രണ്ടു വിഷയങ്ങളാണ് മമ്മൂട്ടിയും ശശിധരനും പഠിച്ചതെങ്കിലും മലയാളം, ഇംഗ്ളീഷ് ക്ളാസുകൾ ഒരുമിച്ചായിരുന്നു. ഒമർ ഷെരീഫ് എന്നാണ് മമ്മൂട്ടി പേര് പറഞ്ഞിരുന്നത്. ഒരിക്കൽ പോക്കറ്റിൽ നിന്ന് ഐഡന്റിറ്റി കാർഡ് ക്ളാസിൽ വീണു. അതെടുത്ത ശശിധരൻ പേരുവായിച്ചു. 'ഇയാൾ ഒമറല്ല, പി.ഐ. മുഹമ്മദ് കുട്ടിയാണ്, മമ്മൂട്ടിയാണ്" എന്ന് വിളിച്ചുപറഞ്ഞു. മുഹമ്മദ് കുട്ടിയെന്ന പേരു വായിച്ചപ്പോൾ മനസിൽ വന്നതാണ് മമ്മൂട്ടിയെന്ന് ശശിധരൻ ഓർക്കുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |