
രൂപയുടെ മൂല്യത്തകർച്ചയിൽ ആശങ്കയേറുന്നു
കൊച്ചി: അമേരിക്കൻ ഡോളറിനെതിരെ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമായതോടെ ഇന്ത്യൻ സാമ്പത്തിക മേഖലയിൽ ആശങ്ക ശക്തമാകുന്നു. ആറ് മാസത്തിലേറെയായി നിയന്ത്രണവിധേയമായ നാണയപ്പെരുപ്പം കുതിച്ചുയരാൻ രൂപയുടെ റെക്കാഡ് മൂല്യത്തകർച്ച ഇടയാക്കും. രൂപയുടെ മൂല്യം കുറയുന്നതോടെ കയറ്റുമതിക്കാർക്ക് രാജ്യാന്തര വിപണിയിൽ മത്സരക്ഷമത മെച്ചപ്പെടുമെങ്കിലും ഇറക്കുമതി ചെലവ് കുത്തനെ കൂടുമെന്നതാണ് പ്രധാന വെല്ലുവിളി. എന്നാൽ ഇന്ത്യൻ ഉത്പന്നങ്ങളുടെ ഇറക്കുമതിക്ക് അമേരിക്ക 50 ശതമാനം തീരുവ ഈടാക്കുന്നതിനാൽ കയറ്റുമതിയിലെ തളർച്ച തുടരാനാണ് സാദ്ധ്യത. ഇതോടെ ഇന്ത്യയുടെ വ്യാപാര കമ്മി അപകടകരമായ തലത്തിലേക്ക് ഉയരുമെന്ന് അനലിസ്റ്റുകൾ ചൂണ്ടിക്കാട്ടുന്നു.
കയറ്റുമതിയും ഇറക്കുമതിയുമായുള്ള വിടവായ വ്യാപാര കമ്മി ഒക്ടോബറിൽ റെക്കാഡ് ഉയരമായ 4,168 കോടി ഡോളറിൽ എത്തിയിരുന്നു. ഇക്കാലയളവിൽ കയറ്റുമതി 11.8 ശതമാനം കുറഞ്ഞ് 3,448 കോടി ഡോളറായി. എന്നാൽ ഇറക്കുമതി 16.63 ശതമാനം ഉയർന്ന് 7,606 കോടി ഡോളറിലെത്തിയതാണ് വ്യാപാര കമ്മി വർദ്ധിപ്പിച്ചത്. അമേരിക്കയിലെ അധിക തീരുവ ഒഴിവാക്കാൻ വ്യാപാര കരാർ ഒപ്പുവക്കുന്നതിന് ഡൊണാൾഡ് ട്രംപ് ഭരണ കൂടവുമായി കേന്ദ്ര സർക്കാർ ദീർഘകാലമായി ചർച്ച നടത്തുകയാണെങ്കിലും തീരുമാനം വൈകുന്നതാണ് പ്രതിസന്ധി.
പ്രത്യാഘാതങ്ങൾ
1. ക്രൂഡോയിൽ ഉൾപ്പെടെയുള്ള ഉത്പന്നങ്ങളുടെ ഇറക്കുമതി ചെലവ് കുതിച്ചുയരും
2. ആഭ്യന്തര വിപണിയിൽ ഭക്ഷ്യ, ഇന്ധന, ലോഹ ഉത്പന്നങ്ങളുടെ വില ഉയരും
3. വ്യാപാര കമ്മി കൂടുന്നതോടെ ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് കുറയാനിടയുണ്ട്
4. ഓഹരി വിപണിയിൽ നിന്നും വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമാകും
അനുകൂലം
1. ഇന്ത്യൻ ഉത്പന്നങ്ങൾക്ക് വിദേശ വിപണിയിൽ മത്സരക്ഷമത ഉയരും
2. വിദേശത്ത് ജോലി ചെയ്യുന്ന പ്രവാസികളുടെ പണമൊഴുക്ക് കൂടും
റഷ്യൻ എണ്ണ ഉപഭോഗത്തിൽ വൻ ഇടിവ്
അമേരിക്ക ഉപരോധം കടുപ്പിച്ചതോടെ റഷ്യയിൽ നിന്നുള്ള ക്രൂഡോയിൽ വാങ്ങൽ മൂന്നിലൊന്നായി കുറഞ്ഞു. നവംബർ 21നാണ് ഉപരോധം നടപ്പിലായത്. പ്രതിദിനം ശരാശരി 18 ലക്ഷം ബാരൽ ക്രൂഡോയിലാണ് റഷ്യയിൽ നിന്ന് നവംബറിൽ ഇന്ത്യ വാങ്ങിയത്. വില കുറഞ്ഞ ക്രൂഡിന്റെ ലഭ്യത അവസാനിച്ചതും രൂപയ്ക്ക് മേൽ സമ്മർദ്ദം ശക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |