
വ്യാപാര ചർച്ചയിലെ അനിശ്ചിതത്വം വെല്ലുവിളി
കൊച്ചി: വിദേശ നിക്ഷേപകരുടെ പിന്മാറ്റവും അമേരിക്കയുമായുള്ള വ്യാപാര കരാറിലെ അനിശ്ചിതത്വവും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ച രൂക്ഷമാക്കുന്നു. ചരിത്രത്തിലാദ്യമായി ഡോളറിനെതിരെ ഇന്നലെ രൂപയുടെ മൂല്യം 90.02 വരെ താഴ്ന്നു. വ്യാപാരം അവസാനിച്ചപ്പോൾ രൂപയുടെ മൂല്യം 42 പൈസ കുറഞ്ഞ് 89.95ൽ എത്തി. ഇറക്കുമതിക്കാരുടെ ഡോളർ ആവശ്യം ഉയർന്നതും ഊഹക്കച്ചവടക്കാർ രൂപയെ കൈവിട്ടതും പ്രതിസന്ധി രൂക്ഷമാക്കി. മൂല്യയിടിവ് നിയന്ത്രിക്കാൻ റിസർവ് ബാങ്കും വിപണിയിൽ ഇടപെട്ടില്ല.
ജൂലായ് മുതൽ സെപ്തംബർ വരെയുള്ള കാലയളവിൽ ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ(ജി.ഡി.പി) 8.2 ശതമാനം വളർച്ച നേടാനായെങ്കിലും നിക്ഷേപകർ രൂപയെ കൈയൊഴിഞ്ഞു. ക്രൂഡോയിൽ വില 63 ഡോളറിന് മുകളിൽ തുടരുന്നതിനാൽ ഇറക്കുമതി ചെലവ് കൂടുമെന്ന ആശങ്ക ശക്തമാണ്.
അമേരിക്കയിൽ പലിശ കുറയ്ക്കാനുള്ള തീരുമാനം വൈകിയതോടെയാണ് വിദേശ നിക്ഷേപകരുടെ പിന്മാറ്റം ശക്തമായത്. നടപ്പുവർഷം ആദ്യ 11 മാസങ്ങളിൽ 1.45 ലക്ഷം കോടി രൂപയാണ് വിദേശ ഫണ്ടുകൾ പിൻവലിച്ചത്. ലോകത്തിലെ പ്രമുഖ നാണയങ്ങൾക്കെതിരെ ഡോളർ ശക്തിയാർജിക്കുന്നതും രൂപയ്ക്ക് തിരിച്ചടിയായി.
ഓഹരികളിലും കനത്ത തകർച്ച
രൂപയ്ക്ക് അടിതെറ്റിയതോടെ ഓഹരി വിപണിയിലും വിൽപ്പന സമ്മർദ്ദം ശക്തമായി. സെൻസെക്സ് 504 പോയിന്റ് ഇടിഞ്ഞ് 85,138ൽ വ്യാപാരം പൂർത്തിയാക്കി. നിഫ്‌റ്റി 144 പോയിന്റ് നഷ്‌ടത്തോടെ 26,032ൽ അവസാനിച്ചു. ചെറുകിട, ഇടത്തരം ഓഹരികളുടെ വിലയിലും കനത്ത തകർച്ച ദൃശ്യമായി. വിദേശ നിക്ഷേപകരുടെ പിന്മാറ്റവും വ്യാപാര ചർച്ചയിലെ മന്ദഗതിയും നിക്ഷേപകരെ ആശങ്കാകുലരാക്കി.
ഓഹരി വിപണിയിലെ വിപണി മൂല്യത്തിലെ ഇടിവ്
1.82 ലക്ഷം കോടി രൂപ
എല്ലാ കണ്ണുകളും റിസർവ് ബാങ്കിൽ
ഇന്ന് ആരംഭിക്കുന്ന റിസർവ് ബാങ്കിന്റെ മൂന്ന് ദിവസത്തെ ധന നയ രൂപീകരണ യോഗത്തിലെ തീരുമാനമാണ് നിക്ഷേപകർ കരുതലോടെ കാത്തിരിക്കുന്നത്. ജൂലായ് മുതൽ സെപ്തംബർ വരെയുള്ള മൂന്ന് മാസത്തിൽ ആഭ്യന്തര മൊത്തം ഉത്പാദനം പ്രതീക്ഷിച്ചതിലും മികച്ച വളർച്ച നേടിയതിനാൽ ഇത്തവണ പലിശ നിരക്ക് കുറയ്ക്കാൻ റിസർവ് ബാങ്ക് തയ്യാറാവില്ലെന്നാണ് വിലയിരുത്തുന്നത്. ഡിസംബർ അഞ്ചിനാണ് പലിശ തീരുമാനം പ്രഖ്യാപിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |