
വൈഭവിന്റെ സെഞ്ച്വറിയിലും
ബിഹാറിന് തോൽവി
കൗമാരതാരം വൈഭവ് സൂര്യവംശി (61 പന്തുകളിൽ 108 റൺസ്, ഏഴുഫോർ, ഏഴുസിക്സ്) സെഞ്ച്വറി നേടിയിട്ടും സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ ബിഹാർ മഹാരാഷ്ട്രയോട് തോറ്റു. മൂന്നുവിക്കറ്റിനാണ് മഹാരാഷ്ട്ര ജയം. ബിഹാർ ഉയർത്തിയ 177 റൺസ് വിജയലക്ഷ്യം 19.1 ഓവറിൽ ഏഴുവിക്കറ്റ് നഷ്ടത്തിൽ മഹാരാഷ്ട്ര മറികടന്നു. മഹാരാഷ്ട്രയ്ക്കായി പൃഥ്വി ഷാ (30 പന്തിൽ 66 റൺസ്)അർദ്ധസെഞ്ച്വറി നേടി.
അർദ്ധസെഞ്ച്വറിയുമായി
ഹാർദിക് തിരിച്ചെത്തി
പരിക്കുമാറി പഞ്ചാബിനെതിരെ ബറോഡയ്ക്ക് വേണ്ടി കളത്തിലിറങ്ങിയ ഇന്ത്യൻ താരം ഹാർദിക് പാണ്ഡ്യ അപരാജിത അർദ്ധസെഞ്ച്വറിയുമായി തിരിച്ചുവരവ് ആഘോഷിച്ചു. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഭിഷേക് ശർമ്മ (50), അൻമോൽപ്രീത് സിംഗ് (69) എന്നിവരുടെ മികവിൽ 222/8 എന്ന സ്കോർ ഉയർത്തി. മറുപടിക്കിറങ്ങിയ ബറോഡ ഹാർദിക് (42 പന്തുകളിൽ 77 നോട്ടൗട്ട് ), ശിവാലിക് ശർമ്മ (47), വിഷ്ണു സോളങ്കി (43) എന്നിവരുടെ മികവിൽ 19.1-ാം ഓവറിൽ ലക്ഷ്യത്തിലെത്തി. ഏഴുഫോറും നാലുസിക്സും പറത്തിയ ഹാർദിക് ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ട്വന്റി-20 പരമ്പരയിലൂടെ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയേക്കും.
ഡൽഹിയെ വീഴ്ത്തി ത്രിപുര
ഐ.പി.എൽ താരങ്ങളടങ്ങിയ ഡൽഹി ടീമിനെ സെയ്‌ദ് മുഷ്താഖ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റിൽ 12 റൺസിന് അട്ടിമറിച്ച് ഇത്തിരിക്കുഞ്ഞന്മാരായ ത്രിപുര. ആദ്യമായാണ് ത്രിപുര ഡൽഹിയെ തോൽപ്പിക്കുന്നത്. എലൈറ്റ് ഗ്രൂപ്പ് ഡിയിൽ 158 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ഡൽഹിയെ ത്രിപുര 145/8ലൊതുക്കുകയായിരുന്നു. രഞ്ജി ട്രോഫിയിൽ ആദ്യമായി ജമ്മുകാശ്മീരിനോട് തോറ്റശേഷം ഡൽഹിക്ക് ആഭ്യന്തര ക്രിക്കറ്റിൽ ഏൽക്കുന്ന ആഘാതമാണിത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |