
ഇന്ത്യ - ദക്ഷിണാഫ്രിക്ക രണ്ടാം ഏകദിനം ഇന്ന്
ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം
റായ്പുർ : ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിന് ഇന്ന് ഛത്തിസ്ഗഡിലെ റായ്പുർ വേദിയാകും. റാഞ്ചിയിൽ നടന്ന ആദ്യമത്സരത്തിൽ 17 റൺസിന് ജയിച്ച ഇന്ത്യ മൂന്ന് മത്സരപരമ്പരയിൽ 1-0ത്തിന് മുന്നിലെത്തിയിരുന്നു. ഇന്നുകൂടി ജയിച്ചാൽ ഇന്ത്യയ്ക്ക് പരമ്പര നേടാം. ഇന്ന് ജയിച്ചാലേ ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പരയിലെ സാദ്ധ്യത നിലനിറുത്താനാകൂ.
റാഞ്ചിയിൽ വിരാട് കൊഹ്‌ലിയുടെ സെഞ്ച്വറിയും (135) രോഹിത് ശർമ്മയുടെയും(57) കെ.എൽ രാഹുലിന്റേയും (60) അർദ്ധസെഞ്ച്വറികളും ചേർന്ന് ഇന്ത്യയെ 349/8 എന്ന സ്കോറിൽ എത്തിച്ചിരുന്നു. എന്നാൽ തുടക്കത്തിലെ വിക്കറ്റ് തകർച്ചയെ അതിജീവിച്ച് പൊരുതിയ ദക്ഷിണാഫ്രിക്ക 332ലെത്തിയാണ് ആൾഔട്ടായത്. ദക്ഷിണാഫ്രിക്കയ്ക്ക് 11 റൺസിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടമായെങ്കിലും മാത്യു ബ്രീസ്കെ(72),മാർക്കോ യാൻസൺ(70),കോർബീൻ ബോഷ് (67), ഡെവാൾഡ് ബ്രെവിസ് (37) എന്നിവരുടെ പോരാട്ടമാണ് മത്സരത്തിൽ ആവേശം ജനിപ്പിച്ചത്.
മഞ്ഞിൽ ടോസ്
നിർണായകം
ഉത്തരേന്ത്യയിൽ രാത്രിയിലെ മഞ്ഞുവീഴ്ച ബൗളിംഗും ഫീൽഡിംഗും ദുഷ്കരമാക്കുന്നുണ്ട്. റാഞ്ചിയിൽ 349 റൺസ് പ്രതിരോധിക്കാൻ പോലും ഇന്ത്യൻ ബൗളർമാർ ബുദ്ധിമുട്ടിയത് ഇതുകൊണ്ടാണ്. റാഞ്ചിയിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്കൻ നായകൻ എയ്ഡൻ മാർക്രം ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. റായ്പുരിലും ടോസ് നേടുന്നവർ ആദ്യ ബാറ്റിംഗിനിറങ്ങാനിടയില്ല. ഇന്ത്യയ്ക്ക് കഴിഞ്ഞ 19 മത്സരങ്ങളിൽ ടോസ് നേടാൻ കഴിഞ്ഞിട്ടില്ല.
പിച്ച് പേസിനെ
തുണയ്ക്കുമോ ?
റായ്പുരിലെ ഷഹീദ് വീർനാരായൺ സിംഗ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലെ രണ്ടാം അന്താരാഷ്ട്ര ഏകദിന മത്സരമാണിത്. 2023ൽ ഇന്ത്യയും ന്യൂസിലാൻഡും തമ്മിലാണ് ആദ്യമായി ഏകദിനം നടന്നത്. ആ മത്സരത്തിൽ ആദ്യം ബാറ്റ്ചെയ്ത കിവീസിനെ ഇന്ത്യ 108 റൺസിന് ആൾഔട്ടാക്കിയിരുന്നു. അന്ന് പേസർമാരെ തുണച്ച ചരിത്രം റായ്പുരിലെ പിച്ച് ആവർത്തിക്കുമോ എന്നാണ് അറിയേണ്ടത്.
ബൗമ മടങ്ങിയെത്തിയേക്കും
ആദ്യ ഏകദിനത്തിൽ വിശ്രമം അനുവദിച്ചിരുന്ന നായകൻ ടെംപ ബൗമയും സ്പിന്നർ കേശവ് മഹാരാജും ഇന്ന് കളിച്ചേക്കും. എയ്ഡൻ മാർക്രമാണ് റാഞ്ചിയിൽ ദക്ഷിണാഫ്രിക്കയെ നയിച്ചത്.ക്വിന്റൺ ഡികോക്കിനെയോ റയാൻ റിക്കിൾട്ടണിനെയോ മാറ്റിയാകും ബൗമയെ കളിപ്പിക്കുക. സുബ്രായനെ മാറ്റി കേശവിനെ ഇറക്കും.
പന്തെത്തിയേക്കും
ഇന്ത്യ ഇന്ന് റിഷഭ് പന്തിനെ കളിപ്പിക്കാൻ സാദ്ധ്യതയുണ്ട്. കഴിഞ്ഞമത്സരത്തിൽ നിരാശപ്പെടുത്തിയ റുതുരാജ് ഗെയ്‌ക്ക്‌വാദിന് പകരമാകും പന്തെത്തുക. എന്നാൽ റുതുരാജിനെ ഒരു മത്സരത്തിൽ മോശമായതിന് മാറ്റുന്നത് ശരിയല്ലെന്ന് തോന്നിയാൽ വാഷിംഗ്ടൺ സുന്ദറിനെ മാറ്റി പന്തിനെ കളിപ്പിക്കാനും സാദ്ധ്യതയുണ്ട്.
സാദ്ധ്യത ഇലവനുകൾ
ഇന്ത്യ : യശസ്വി ജയ്സ്വാൾ, രോഹിത് ശർമ്മ, വിരാട് കൊഹ്‌ലി, റിഷഭ് പന്ത് /റുതുരാജ് ഗെയ്‌ക്ക്‌വാദ്, കെ.എൽ രാഹുൽ(ക്യാപ്ടൻ), വാഷിംഗ്ടൺ സുന്ദർ,രവീന്ദ്ര ജഡേജ, ഹർഷിത് റാണ,കുൽദീപ്, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ.
ദക്ഷിണാഫ്രിക്ക : എയ്ഡൻ മാർക്രം, ക്വിന്റൺ ഡി കോക്ക്/ റിക്കിൾട്ടൺ,ടെംപ ബൗമ, മാത്യു ബ്രീസ്കെ, ടോണി ഡി സോർസി,ഡെവാൾഡ് ബ്രെവിസ്, മാർക്കോ യാൻസൻ, കോർബിൻ ബോഷ്,കേശവ് മഹാരാജ്,നാൻദ്രേ ബർഗർ, ഒറ്റേനിൽ ബാർട്ട്മാൻ.
1.30 pm മുതൽ സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്സ്റ്റാറിലും ലൈവ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |