SignIn
Kerala Kaumudi Online
Wednesday, 18 February 2026 4.05 PM IST

വംശനാശം സംഭവിച്ചുവെന്ന് കരുതി; 175 വര്‍ഷങ്ങള്‍ക്ക് ശേഷം കേരളത്തില്‍ കണ്ടെത്തി

Increase Font Size Decrease Font Size Print Page
plant

കല്‍പ്പറ്റ: ഭൂമുഖത്ത് നിന്ന് വേരറ്റു പോയെന്നു കരുതിയിരുന്ന പുഷ്പിത പരാദസസ്യത്തെ 175 വര്‍ഷങ്ങള്‍ക്ക് ശേഷം വയനാട് തൊള്ളായിരം ഭൂപ്രദേശത്തുനിന്നും കണ്ടെത്തി. ഒറോബാഞ്ചെസീ സസ്യ കുടുംബത്തില്‍ ഉള്‍പ്പെടുന്ന 'കമ്പെലിയ ഒറന്‍ഷ്യാക' എന്ന സസ്യത്തെ ആണ് കണ്ടെത്തിയത്. കല്‍പ്പറ്റ എം.എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനിലെ ഗവേഷകനായ സലിം പിച്ചന്‍, ആലപ്പുഴ സനാതന ധര്‍മ്മ കോളേജിലെ സസ്യശാസ്ത്ര ഗവേഷകരായ ഡോ. ജോസ് മാത്യു, അരുണ്‍രാജ്, ഡോ. വി.എന്‍. സഞ്ജയ്, ശ്രീലങ്കയിലെ പെരാഡീനിയ യൂണിവേഴ്‌സിറ്റിയിലെ ഗവേഷകനായ ബി. ഗോപല്ലാവ എന്നിവര്‍ ആണ് ഈ നിര്‍ണായക കണ്ടെത്തലിന് പിന്നില്‍.


1849 ന് മുന്‍പ് തമിഴ്‌നാട്ടിലെ നടുവട്ടത് നിന്ന് റോബര്‍ട്ട് വൈറ്റ് ആണ് ഈ സസ്യത്തെ ആദ്യമായി കണ്ടെത്തി ശാസ്ത്രലോകത്തിന് മുന്‍പില്‍ അവതരിപ്പിച്ചത്. പിന്നീട് കാണാത്തതിനാല്‍ ഒന്നര നൂറ്റാണ്ടിലേറെയായി ശാസ്ത്രലോകം ഈ സസ്യത്തിന്റെ സ്വഭാവഗുണങ്ങളെ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും പശ്ചിമഘട്ടത്തിലും ശ്രീലങ്കയിലും കാണപ്പെടുന്ന ക്രിസ്റ്റിസോണിയ ബൈക്കളര്‍ എന്ന സസ്യം തന്നെ ആവാം ഇതെന്ന് കരുതിപ്പോരുകയും ചെയ്തു. 2022-23 കാലഘട്ടത്തില്‍ വയനാട് തൊള്ളായിരം മേഖലയോട് ചേര്‍ന്ന ഭൂപ്രദേശത്തുനിന്ന് കിട്ടിയ സസ്യം റോബര്‍ട്ട് വൈറ്റ് വിശദീകരിച്ച കമ്പെല്ലിയ ഓറന്‍ഷ്യക തന്നെ ആണെന്ന് ഉറപ്പിക്കുക എന്നതായിരുന്നു ഗവേഷകരുടെ മുന്നിലെ വെല്ലുവിളി.


പ്രത്യേക ഇനത്തില്‍പെട്ട കുറിഞ്ഞി ചെടികളുടെ വേരില്‍ നിന്ന് വളര്‍ച്ചയ്ക്ക് ആവശ്യമായ പോഷക ഘടകങ്ങള്‍ വലിച്ചെടുത്ത് ജീവിക്കുന്ന ഈ പൂര്‍ണ പരാദ പുഷ്പിത സസ്യം വളരെ കുറച്ചു ആഴ്ചകള്‍ മാത്രം ജീവിക്കുന്നതാണ്. ഉരുള്‍പൊട്ടല്‍ നാശം വിതച്ച ചൂരല്‍മല, മുണ്ടക്കൈ എന്നിവിടങ്ങളില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ ദൂരത്താണ് ഈ സസ്യത്തെ കണ്ടെത്തിയിരിക്കുന്നത്.

TAGS: PLANT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY