
തിരുവനന്തപുരം : പത്താം വയസ്സിൽ രോഗം കാരണം വലതുകാൽ മുട്ടിന് മുകളിൽ വെച്ച് മുറിച്ചുമാറ്റപ്പെട്ടപ്പോഴും കുഞ്ഞുമോൻ എന്ന കായികപ്രേമിയുടെ ആവേശം കെട്ടടങ്ങിയില്ല. കളിക്കാൻ കഴിയില്ലെങ്കിലും ഉൗന്നുവടിയുമായി എറണാകുളം തൃക്കാക്കരയിലെ മൈതാനങ്ങളിൽ ഫുട്ബാൾ റഫറിയായി ' ഓടിനടന്ന "കുഞ്ഞുമോൻ ഇപ്പോൾ ചെസ് മത്സരങ്ങൾ നിയന്ത്രിക്കുന്ന ആർബിറ്ററാണ്. ഇന്റർനാഷണൽ ചെസ്സ് ഫെഡറേഷന്റെ ഫിഡെ ആർബിറ്റർ പദവി നേടുന്ന കേരളത്തിലെ ആദ്യത്തെ ഭിന്നശേഷിക്കാരൻ!.
പന്തിനൊപ്പമുള്ള ഓട്ടം പ്രയാസമായപ്പോൾ ചെസിന്റെ ലോകത്തേക്ക് കടന്നു. ആദ്യം സംഘാടകനായി, പിന്നീട് എറണാകുളം ചെസ് അസോസിയേഷന്റെ സജീവ പ്രവർത്തകനായി, ജില്ലാ സെക്രട്ടറി, ട്രഷറർ എന്നീ നിലകളിലും പ്രവർത്തിച്ചു. ഈ സമയത്താണ് അന്നത്തെ ജില്ലാ പ്രസിഡന്റ് ശുഭ രാകേഷിന്റെ പ്രചോദനത്താൽ റഫറിയുടെ കുപ്പായമണിയാൻ തീരുമാനിക്കുന്നത്.ആർബിറ്റർ കമ്മീഷൻ ചെയർമാൻ രാജേഷ് നാട്ടകത്തിന്റെ പിന്തുണയോടെ ഫിഡെ ആർബിറ്റർ സെമിനാറിൽ പങ്കെടുത്തു. അവിടെ നടത്തിയ പരീക്ഷയിൽ വിജയിച്ച് ആർബിറ്ററുമായി. ഈ വർഷം സ്കൂൾ ചെസ് ഇൻസ്ട്രക്ടർ പരീക്ഷയിൽ 'എ' ഗ്രേഡോടെ പാസായ 64കാരനായ കുഞ്ഞുമോന്റെ അടുത്ത ലക്ഷ്യം ഇന്റർനാഷണൽ ആർബിറ്റർ ആകുക എന്നതാണ് .
24 അന്താരാഷ്ട്ര ഫിഡെ ടൂർണമെന്റുകൾ, ഒരു നാഷണൽ ടൂർണമെന്റ്, കേരളത്തിലെ ആദ്യത്തെ ഗ്രാൻഡ് മാസ്റ്റർ ടൂർണമെന്റ്, ഗോവയിൽ നടന്ന 24-ാമത് ഐ.പി.സി.എ. വേൾഡ് ചെസ് ചാമ്പ്യൻഷിപ്പ് (ഏഷ്യയിലെ ആദ്യത്തെ ഭിന്നശേഷി ചെസ് ചാമ്പ്യൻഷിപ്പ്) എന്നിങ്ങനെ നിരവധി പ്രധാന ടൂർണമെന്റുകളിൽ കുഞ്ഞുമോൻആർബിറ്ററായി സേവനം അനുഷ്ഠിച്ചു. വീട്ടമ്മയായ പത്മിനിയാണ് ഭാര്യ. നിഷയും ജിഷയും മക്കൾ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |