
തിരുവനന്തപുരം: പീഡനപരാതിയിൽ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളിയതോടെ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയുടെ രാഷ്ട്രീയഭാവി തീർത്തും തുലാസിലായി. തൊട്ടുപിന്നാലെ കോൺഗ്രസ് പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി. രാഹുൽ ഇന്നുതന്നെ ഹൈക്കോടതിയെ സമീപിച്ചേക്കും. എം.എൽ.എ സ്ഥാനം രാജിവയ്ക്കേണ്ടതാണെന്ന് പാർട്ടി വ്യക്തമാക്കിയെങ്കിലും തീരുമാനമെടുക്കേണ്ടത് രാഹുലാണ്. 2024 ഡിസംബർ നാലിനായിരുന്നു പാലക്കാട് എം.എൽ.എയായുള്ള സത്യപ്രതിജ്ഞ. കൃത്യം ഒരു വർഷം പൂർത്തിയായ ദിവസമാണ് പുറത്താക്കലും ജാമ്യനിഷേധവും.
9 ദിവസം മുൻപ് ഒളിവിൽ പോയ രാഹുലിനെ കർണാടകയിലെ സുള്യയിൽ നിന്ന് കസ്റ്റഡിയിലെടുത്തെന്ന് ഇന്നലെ വൈകിട്ട് അഭ്യൂഹം പരന്നിരുന്നു. കാസർകോട്ടെ ഹോസ്ദുർഗ് കോടതിയിൽ എത്തിക്കുമെന്നും റിപ്പോർട്ടുകൾ വന്നു. കോടതി വളപ്പിൽ പൊലീസ് സംഘവും നിലയുറപ്പിച്ചിരുന്നു. രാത്രി വൈകിയതോടെ അത് കാണാതായി. പാലക്കാട് ഓഫീസിലെ പേഴ്സണൽ അസിസ്റ്റന്റ്, ഡ്രൈവർ ജോസ് എന്നിവരെ എസ്.ഐ.ടി കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രക്ഷപ്പെടാൻ സഹായിച്ചതും അനുഗമിച്ചതും ഇവരാണ്. ലൈംഗികാരോപണത്തെ തുടർന്ന് സംസ്ഥാന കോൺഗ്രസ് പുറത്താക്കുന്ന ആദ്യ എം.എൽ.എയാണ് രാഹുൽ.
ലൈംഗിക പീഡന ആരോപണത്തിനു പിന്നാലെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി ആഗസ്റ്റ് 21ന് രാഹുൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷപദം രാജിവച്ചിരുന്നു. പ്രതിപക്ഷ നേതാവ് ഉൾപ്പെടെ കർശന നിലപാടെടുത്തതോടെ 25ന് പാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും സസ്പെൻഡ് ചെയ്തു. ഈ വേളയിലും പാലക്കാട്ട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് രാഹുൽ ഇറങ്ങിയത് വിവാദമായിരുന്നു.
സംരക്ഷകരും പ്രതിസന്ധിയിൽ
യുവതിയുടെ പരാതിയിൽ കേസെടുത്തതോടെയാണ് രാഹുൽ ഒളിവിൽ പോയത്. അന്വേഷണം നടക്കുന്നതിനിടെ മറ്റൊരു യുവതി കെ.പി.സി.സി പ്രസിഡന്റിന് പരാതി അയച്ചു. ഇതോടെ രാഹുലിന്റെ സംരക്ഷകരും പ്രതിസന്ധിയിലായി. ചെന്നിത്തല, കെ.മുരളീധരൻ, വി.എം.സുധീരൻ, തിരുവഞ്ചൂർ തുടങ്ങി മുതിർന്ന നേതാക്കൾ പുറത്താക്കൽ ആവശ്യം ആവർത്തിച്ചു. എന്നിട്ടും, മുൻകൂർ ജാമ്യാപേക്ഷയുടെ വിധി കൂടി വരട്ടെ എന്നായിരുന്നു നേതൃത്വത്തിന്റെ നിലപാട്. ജാമ്യം നിഷേധിച്ചതോടെ നടപടിയിലേക്ക് കടന്നു. സമാന ആരോപണം നേരിടുന്ന സി.പി.എം എം.എൽ.എക്കെതിരെ എന്തുനടപടി സ്വീകരിച്ചെന്ന ചോദ്യവുമായി തിരഞ്ഞെടുപ്പിൽ പ്രതിരോധിക്കാൻ കോൺഗ്രസിന് ഈ നടപടി കരുത്തു പകരും.
ഗുരുതര ലൈംഗികാതിക്രമം
1. രാഹുലിന്റേത് ഗുരുതര ലൈംഗികാതിക്രമമെന്നും ഔദ്യോഗിക പദവിയുപയോഗിച്ച് തെളിവുകൾ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഇടയുണ്ടെന്നും നിരീക്ഷിച്ചാണ് ജില്ല പ്രിൻസിപ്പൽ സെഷൻസ് ജഡ്‌ജി എ.നസീറ മുൻകൂർ ജാമ്യം നിഷേധിച്ചത്
2. ഉഭയസമ്മത പ്രകാരമുള്ള ശാരീരിക ബന്ധമെന്ന് ലഘൂകരിക്കാനാകില്ല. ഭീഷണിപ്പെടുത്തിയാണ് രാഹുലിന്റെ ഓരോ നീക്കവുമെന്ന് തെളുവുകളിൽ നിന്ന് വ്യക്തം. പ്രതി ആത്മഹത്യാഭീഷണി മുഴക്കി അതിജീവിതയെ സമ്മർദ്ദത്തിലാക്കി ഗർഭച്ഛിദ്രത്തിന് സമ്മതിപ്പിച്ചതാണെന്നും വ്യക്തം
3. അതിജീവിത മജിസ്‌ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയും ചികിത്സിച്ച ഡോക്ടറുടെ മൊഴിയും കോടതി പരിഗണിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് കോടതി വിധി പറഞ്ഞത്. ബുധനാഴ്ചയുടെ തുടർച്ചയായ നടപടി അരമണിക്കൂറേ നീണ്ടുള്ളൂ
രണ്ടാം കേസ്?
ബംഗളൂരുവിൽ താമസിക്കുന്ന പത്തനംതിട്ട സ്വദേശിയായ 23കാരിയുമായി 2023ലാണ് രാഹുൽ ബന്ധം സ്ഥാപിച്ചത്. വിവാഹവാഗ്ദാനം നൽകി ലൈംഗിക പീഡനം നടത്തിയെന്നാണ് കേസ്. യുവതിയുടെ ശരീരത്തിൽ മുറിവുകളുണ്ടായതായും പറയുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |