
തിരുവനന്തപുരം: കോൺഗ്രസ് പാർട്ടിയെ ഓർത്ത് അഭിമാനം മാത്രമേയുള്ളൂവെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അവിഹിതബന്ധം പുറത്തായെന്നും അദ്ദേഹം പറഞ്ഞു. ശബരിമല സ്വർണ്ണക്കേസിൽ സിപിഎം നേതാക്കളടക്കമുള്ളവർ അറസ്റ്റിലായിട്ടും പാർട്ടി അവർക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും സതീശൻ കൂട്ടിച്ചേർത്തു. പീഡനക്കേസിൽ പ്രതിയായ മുകേഷ് എംഎൽഎയെ സിപിഎം പിന്തുണയ്ക്കുന്നതിനെക്കുറിച്ചും അദ്ദേഹം പറഞ്ഞു.
'തങ്ങളുടെ നേതാക്കൾ സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായിട്ടും നടപടിയെടുക്കില്ലയെന്ന വാശിയാണ് സിപിഎമ്മിന്. ഇപ്പോൾ ജയിലിലായ ആളുകളെ ഭയന്നാണ് നിൽക്കുന്നത്. അവർ പുതിയ ആളുകളുടെ പേരുകൾ വെളിപ്പെടുത്തുമോയെന്ന പേടിയാണ്. അതുകൊണ്ട് അവർക്ക് കുട പിടിച്ചുകൊടുക്കുകയാണ് സർക്കാർ. ബിജെപിയും സിപിഎമ്മും തമ്മിൽ അവിഹിത ബന്ധമുണ്ടെന്ന ആരോപണമാണ് ഇന്നലെ പാർലമെന്റിൽ ശരിവയ്ക്കപ്പെട്ടത്. പിഎം ശ്രീ പദ്ധതി ഒപ്പുവച്ചതിന്റെ പാലമായി പ്രവർത്തിച്ചത് ജോൺ ബ്രിട്ടാസ് എംപിയെന്നാണ് കേന്ദ്രം പറയുന്നത്.
എന്തിനാണ് പാലം? ഇവിടെ പോളിറ്റ് ബ്യൂറോ അറിയാതെ മോദിയും അമിത്ഷായും പറഞ്ഞ സ്ഥലത്ത് ഒപ്പിട്ടുകൊടുത്തയാളാണ് പിണറായി വിജയൻ. അതിന്റെ ഇടനിലക്കാരൻ ജോൺ ബ്രിട്ടാസാണ്. ഇത്തരത്തിൽ പാലം പണിയുന്നത് സിപിഎമ്മാണ്. ഇതിന്റെ കൈയാൾ ജോലിയായിരുന്നു വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിക്കുണ്ടായിരുന്നത്. ഞങ്ങൾ പറഞ്ഞത് ശരിയായിരുന്നു. കേരളം മുഴുവൻ അമ്പരന്ന് നിൽക്കുകയാണ്.
മുഖ്യമന്ത്രിയുടെ ഓഫീസ് പ്രത്യേക അന്വേഷണ സംഘത്തിന് വലിയ സമ്മർദ്ദമാണ് ചെലുത്തുന്നത്. തിരഞ്ഞെടുപ്പ് കഴിയുന്നതുവരെ കടകംപള്ളി സുരേന്ദ്രനെ ചോദ്യം ചെയ്യരുതെന്നാണ് സമ്മർദ്ദം. കടകംപള്ളിയുടെ പേര് അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റുമാർ പറഞ്ഞുകഴിഞ്ഞു. ഞങ്ങളുടെ കൈയിൽ തെളിവുണ്ട്. അയാൾക്ക് അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ബന്ധമുണ്ടെന്ന തരത്തിലുള്ള തെളിവുകൾ കോൺഗ്രസിന്റെ കൈയിലുണ്ട്. ഈ കേസിൽ ഇപ്പോൾ അറസ്റ്റിലായവരെക്കാളുള്ള വൻതോക്കുകൾ വരാനുണ്ടെന്ന് കോടതി പറഞ്ഞു. എന്നിട്ടും അന്വേഷണം വൈകിപ്പിക്കുന്നു. പീഡനക്കേസിൽ പ്രതിയായ മുകേഷ് എംഎൽഎയോട് രാജിവയ്ക്കാൻ സിപിഎം ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങളെ കളിയാക്കുന്ന രീതിയാണ്. കോൺഗ്രസാണ് മാതൃകാപരമായ പാർട്ടി'- സതീശൻ പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |