
തിരുവനന്തപുരം: രണ്ടാമതായി ലഭിച്ച ലൈംഗിക പീഡനപരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ അറസ്റ്റ് തടയാതെ കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയിൽ രാഹുൽ സമർപ്പിച്ച മുൻകൂർ ജാമ്യഹർജി വിശദമായ വാദം കേൾക്കാൻ തിങ്കളാഴ്ചത്തേക്ക് മാറ്റി. ഇന്ന് ഉച്ചയ്ക്ക് 2.45ഓടെയാണ് ഹർജി പരിഗണിച്ചത്. രാഹുലിനെതിരായി ഉയർന്ന ആദ്യ പീഡനക്കേസിൽ ഹൈക്കോടതി ഈ മാസം 15 വരെ അറസ്റ്റ് തടഞ്ഞിരിക്കുകയാണ്. ഇതിന് തൊട്ടുപിന്നാലെയാണ് രണ്ടാമത്തെ കേസിൽ മുൻകൂർ ജാമ്യഹർജി നൽകിയത്. ആദ്യകേസിൽ ഹൈക്കോടതിയിൽ നിന്ന് ലഭിച്ച വിധിയുടെ പകർപ്പും ചേർത്താണ് ഹർജി നൽകിയത്.
ആദ്യകേസിൽ പ്രാഥമിക വാദം നടക്കുന്നതിനിടെയാണ് രണ്ടാം കേസ് രജിസ്റ്റർ ചെയ്തത്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന് ഈമെയിലിലൂടെ വന്ന പരാതി പൊലീസിന് കൈമാറുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്തെങ്കിലും പരാതിക്കാരിയുടെ മൊഴിയെടുക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. അതിനാൽ കൂടുതൽ അന്വേഷണവും നടന്നിട്ടില്ല. എങ്കിലും തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റുചെയ്യാനുളള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. അതിനാലാണ് അതിവേഗത്തിൽ രണ്ടാമത്തെ കേസിലും ജാമ്യഹർജി നൽകിയത്.
ആദ്യകേസിലെ ഹർജി ഹൈക്കോടതി ഈ മാസം പതിനഞ്ചിനാണ് വീണ്ടും പരിഗണിക്കുക. അതുവരെയാണ് അറസ്റ്റ് തടഞ്ഞത്. ഗുരുതര സ്വഭാവമുള്ള കാര്യങ്ങൾ ഹർജിയിലുണ്ടെന്നും അതിനാൽ വിശദവാദം കേൾക്കണമെന്നും വ്യക്തമാക്കിക്കൊണ്ടായിരുന്നു കോടതിയുടെ ഉത്തരവ്. മുപ്പത്തിരണ്ടാമതായിട്ടാണ് കേസ് ലിസ്റ്റുചെയ്തിരുന്നതെങ്കിലും കോടതി ചേർന്നയുടൻ രാഹുലിന്റെ അഭിഭാഷകൻ മുൻകൂർ ജാമ്യത്തിന്റെ കാര്യം ജസ്റ്റിസ് കെ ബാബുവിന്റെ ശ്രദ്ധയിൽപ്പെടുത്തി. കേസുമായി ബന്ധപ്പെട്ട് കുറെയേറെ കാര്യങ്ങൾ ബോധിപ്പിക്കാനുണ്ടെന്ന് അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് കേസിൽ വിശദമായി വാദം കേൾക്കാൻ കോടതി തീരുമാനിക്കുകയായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |