
ന്യൂഡൽഹി: രാജ്യത്തെ ഹൈക്കോടതികളിലെ കേസുകളിൽ വിധി പ്രഖ്യാപനം അന്യായമായി വൈകുന്ന പ്രവണതയെ വിമർശിച്ച് സുപ്രീംകോടതി. ഈ സുഖക്കേടിന് അന്ത്യമുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്‌മല്യ ബാഗ്ചി, വിപിൻ എം. പഞ്ചോലി എന്നിവരടങ്ങിയ ബെഞ്ച് നിരീക്ഷിച്ചു.
രണ്ടു തരം ജഡ്‌ജിമാരുണ്ട്. ഒരു കൂട്ടർ കഠിനാധ്വാനികളാണ്. എല്ലാവരെയും കേട്ട് വലിയ കാലതാമസമില്ലാതെ വിധി പറയും. ഇനിയൊരു കൂട്ടർ വാദം കേട്ട് വിധി പറയാൻ മാറ്റുക മാത്രമാണ് ചെയ്യുന്നത്. അവരിൽ നിന്നു വിധി പ്രഖ്യാപനമുണ്ടാകില്ല. ആരുടെയും പേരെടുത്ത് പറയുന്നില്ല. ഈ പ്രവണത ജുഡീഷ്യറിയിലെ വെല്ലുവിളിയാണ്. ഈ അസുഖം അവസാനിപ്പിക്കേണ്ടതുണ്ട്. നീതിയുടെ ഉപഭോക്താക്കളുടെ താത്പര്യം മുൻനിറുത്തി ഇതു പടരാൻ അനുവദിക്കില്ല. ഫെബ്രുവരി 7, 8 തീയതികളിൽ എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുമായും കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുകയാണെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യവും ചർച്ച ചെയ്യും. ജാർഖണ്ഡ് ഹൈക്കോടതിയിലെ ഒരു കേസിൽ വിധി പ്രഖ്യാപനം അനന്തമായി നീളുന്നുവെന്ന് ചൂണ്ടിക്കാട്ടി കക്ഷി സമർപ്പിച്ച ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. ഈയാഴ്ച അവസാനത്തോടെ വിധി പറയണമെന്ന് ഹൈക്കോടതിക്ക് നിർദ്ദേശം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |