
ദുബായിൽനിന്ന് പറന്ന് എത്തി സിനിമയിൽ നായികയായതാണ് ദിവ്യ പിളളയുടെ കഥ. മനോഹരമായ ആ യാത്ര പത്തു വർഷം എത്തി. സിനിമയിൽ പ്രാധാന്യം നിറഞ്ഞവരാണ് പലപ്പോഴും ദിവ്യ പിള്ളയുടെ കഥാപാത്രങ്ങൾ. ആ കഥാപാത്രങ്ങൾ പ്രേക്ഷകരോട് ഇഷ്ടം കൂടുകയും ചെയ്തു. മലയാളം കടന്ന് തമിഴിലും തെലുങ്കിലും സാന്നിദ്ധ്യം അറിയിക്കുന്ന ദിവ്യ പിള്ള ധീരം സിനിമയുമായി തിയേറ്ററിൽ .നവാഗതനായ ജിതിൻ .ടി. സുരേഷ് സംവിധാനം ചെയ്ത ധീരം പ്രേക്ഷകരെ ത്രില്ലടിപ്പിക്കുന്നു. ദിവ്യ പിള്ളയുടെ വിശേഷങ്ങൾ .
ധീരം സിനിമയിൽ ദിവ്യയുടെ കഥാപാത്രത്തിന്റെ ലോകം എന്ത് ?
ഉൗർജ്ജസ്വലതയും ബോൾഡും ആണ് സബ് ഇൻസ്പെക്ടറാണ് ദിയ പ്രഭാകർ.
ധീരം സിനിമയുടെ കഥ ആണ് എന്നെ ആകർഷിച്ചത്. വ്യത്യസ്തമായ ത്രില്ലർ സിനിമ. പൊലീസ് വേഷം ധരിച്ച് അന്വേഷണം നടത്തുന്ന ഉദ്യോഗസ്ഥ എന്നതിലുപരി ഇൗ കഥാപാത്രമായി മാറണമെന്നും സിനിമയുടെ ഭാഗമാകണമെന്നും ആഗ്രഹിച്ചു. കഥയുടെ ട്വിസ്റ്റും ടേംസും ഇഷ്ടപ്പെടുമ്പോൾ ധീരത്തിന്റെ ഭാഗമാകണമെന്ന് ആരും ആഗ്രഹിച്ചു പോകും. അങ്ങനെ ഒരു സിനിമയുടെ ഭാഗമാകാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. ധീരം ഉറപ്പായും പ്രേക്ഷകർക്കിടയിൽ കുറച്ച് ചർച്ച ആകും. അവർ ഏറ്റെടുക്കും എന്നു തന്നെയാണ് വിശ്വാസം.
സിനിമ തിരഞ്ഞെടുക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കും ?
കഥാപാത്രം ആദ്യം നോക്കും. കഥയിൽ കഥാപാത്രത്തിന്റെ പ്രാധാന്യം. വലുതോ , ചെറുതോ എന്നല്ല സ്ക്രീനിൽ വരുമ്പോൾ ഉണ്ടാകുന്ന സ്വാധീനം ശ്രദ്ധിക്കും. സംവിധായകൻ ആരെന്ന് നോക്കും. പുതിയ സംവിധായകനെങ്കിൽ കഥ പറയുന്ന രീതി പ്രധാനം ആണ് . ഒപ്പം അഭിനയിക്കുന്ന താരങ്ങൾ. ഛായാഗ്രാഹകൻ, സംഗീതം, ബാനർ തുടങ്ങി എല്ലാം വിലയിരുത്തി ആ സിനിമയുടെ ഭാഗമാകാൻ ശ്രമിക്കും. പാഷൻ മാത്രമല്ല സിനിമ ജോലി കൂടി ആയതിനാൽ പ്രതിഫലം നോക്കേണ്ടതാണ്. എന്റെ മാർക്കറ്റ് വാല്യു നോക്കി ന്യായമായ പ്രതിഫലം വാങ്ങും.ചില സിനിമയുടെ കഥ കേൾക്കുമ്പോൾ ഇഷ്ടം തോന്നും. എന്നാൽ ലൊക്കേഷനിൽ എത്തുമ്പോഴാണ് അറിയുക കഥാപാത്രം പ്രാധാന്യത്തിൽ സ്ക്രീനിൽ വരും എങ്കിലും ബാക് ഗ്രൗണ്ട് വേഷം ആയിരിക്കും. പലപ്പോഴും സപ്പോർട്ടിംഗ് ക്യാരക്ടറായി മാറും. അങ്ങനെ സംഭവിച്ചിട്ടുണ്ട്. സിനിമയിൽ പത്തുവർഷം ആയി എങ്കിലും പഠിക്കുന്നതേയുള്ളു. മുൻപ് കഥ മാത്രം കേൾക്കുമായിരുന്നു. ഇപ്പോൾ തിരക്കഥ വായിക്കും. മറ്റു ഭാഷ എങ്കിൽ തിരക്കഥ ഇംഗ്ളീഷിൽ പരിഭാഷപ്പെടുത്തി വായിക്കും . ഇത് എല്ലാം സ്വയം പഠിച്ചതാണ്. സിനിമ പാരമ്പര്യം ഒന്നുമില്ലാത്ത കുടുംബത്തിൽ നിന്നാണ് വരുന്നത്. ഒരു സിനിമയിൽ നിന്ന് ലഭിച്ച അനുഭവവുമായാണ് അടുത്തതിലേക്ക് പോകുക.
നായികയായി തുടങ്ങി ക്യാരക്ടർ വേഷത്തിലേക്ക് മാറി അല്ലേ ?
അയാൾ ഞാനല്ല സിനിമയിൽ നായികയായി അഭിനയിച്ചാണ് തുടക്കം.എന്നാൽ നായിക വേഷം മാത്രമേ ചെയ്യൂ എന്ന നിലപാട് അപ്പോഴും ഇല്ലായിരുന്നു. കഥാപാത്രം തിരഞ്ഞെടുക്കുമ്പോൾ ഏറെ ശ്രദ്ധിക്കണം. ചിലപ്പോൾ പ്രതിനായിക വേഷം ആയിരിക്കും. എന്നാൽ ആ കഥാപാത്രത്തിന് കഥയിൽ ഏറെ പ്രാധാന്യം ലഭിക്കുകയും വേണം . അങ്ങനെയാണ് ക്യാരക്ടർ വേഷങ്ങൾ തിരഞ്ഞെടുക്കുന്നത്. നല്ല കഥാപാത്രം ആകാനും മികച്ച പ്രകടനം കാഴ്ചവയ്ക്കാനും ആണ് എപ്പോഴും ആഗ്രഹം. ജോലി രാജിവച്ച് വന്നതു തന്നെ സിനിമയിൽ അഭിനയിക്കാനാണ്. അഭിനേത്രി എന്ന നിലയിൽ വളരാൻ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ ചെയ്യണം. അതിന് വേണ്ടി പരിശ്രമിക്കുന്നു.
സിനിമയിൽ എത്താൻ എളുപ്പവും നിലനിൽക്കാൻ ബുദ്ധിമുട്ട് എന്ന് പലരും പറയാറുണ്ട് ?
ഈ കഥാപാത്രങ്ങൾ മാത്രമേ ചെയ്യൂ എന്ന് സ്വയം മാനദണ്ഡം വച്ചാൽ മാത്രമേ നിലനിൽക്കാൻ ബുദ്ധിമുട്ട് ഉണ്ടാകു. അവസരങ്ങൾക്ക് വേണ്ടി ശ്രമിച്ചാൽ ലഭിക്കും. വാതിൽ മുട്ടി അവസരം ചോദിക്കണം എന്നല്ല . പരിശ്രമം ഉണ്ടാകണം. . യുട്യൂബിൽ ഒരുപാട് കണ്ടന്റ് ക്രിയേറ്റർമാരുണ്ട്. അവർ എല്ലാം അഭിനേതാക്കളല്ലേ. വലിയ സ്വീകാര്യത ലഭിക്കുന്നു. പ്രശസ്തി ലഭിക്കാൻ സിനിമ മാത്രമല്ല ഇപ്പോൾ. വളരെ വിശാലം ആണ് ഒ.ടി.ടി പ്ളാറ്റ്ഫോമിന്റെ ലോകം.
പരിധിയില്ലാതെ അവസരങ്ങൾ മുന്നിൽ. സിനിമ മാത്രമേ ചെയ്യു എന്ന നിബന്ധന വച്ചാൽ മാത്രമേ നിലനിൽപ്പിന്റെ കാര്യം വരൂ. അല്ലെങ്കിൽ അവസരങ്ങൾ തുറക്കുക തന്നെ ചെയ്യും.
ജീവിതത്തിൽ സിനിമ വരുത്തിയ മാറ്റം എന്ത്?
ഒരുപാട് യാത്രകൾ ചെയ്യാൻ സാധിച്ചു . എനിക്ക് യാത്ര ചെയ്യാൻ ഇഷ്ടം ആയതിനാൽ ആസ്വദിക്കാനും കഴിയുന്നു. എന്നാൽ വീട്ടുകാരോടൊപ്പം സമയം ചെലവഴിക്കാൻ കഴിയാത്ത സാഹചര്യം വരാറുണ്ട്. ചിലപ്പോൾ ഏറ്റവും പ്രധാനപ്പെട്ട നിമിഷങ്ങളായിരിക്കുക നഷ്ടപ്പെടുക. സിനിമയുടെ കമ്മിറ്റ്മെന്റ് അപ്പോൾ ഉണ്ടാകും. ഒരു പക്ഷേ ഒരു കോർപറേറ്റ് ജോലി ആയിരുന്നെങ്കിൽ അവധി എടുത്ത് എത്താൻ കഴിയും. എന്നാൽ സിനിമ മറ്റൊരു ലോകം ആണ്. അഭിനേത്രിയുടെ ജീവിതം ഏറെ സ്നേഹിക്കുന്നു. ഒരുപാട് പ്രശസ്തി നൽകുന്നു. എന്റെ കഥാപാത്രത്തെ തിരിച്ചറിഞ്ഞ് ആളുകൾ സ്നേഹത്തോടെ അടുത്തു വരാറുണ്ട് . തെലുങ്ക് ചിത്രം മംഗളവാരത്തിലെ കഥാപാത്രം ആയിരിക്കും അപ്പോൾ അവർ ഒാർക്കുക. അങ്ങനെ ഒരു നിമിഷം അവർക്ക് കൊടുക്കാൻ കഴിയുന്നതിൽ അഭിമാനം തോന്നും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |