SignIn
Kerala Kaumudi Online
Sunday, 22 February 2026 4.14 AM IST

ഞാൻ ദേവിക

Increase Font Size Decrease Font Size Print Page

s

സ്വന്തം വീട്ടിൽ കാണുന്ന പെൺകുട്ടിയെ പോലെയാണ് ദേവിക സഞ്‌ജയ്. ചിലനേരത്ത് കുസൃതി ഒളിപ്പിച്ചുവച്ച് ചിരി തൂകി നിൽക്കും. ദേവികയുടെ കഥാപാത്രം പപ്പോഴും 'മകൾ" ആയി തോന്നിപ്പിക്കുമെന്ന് പറയുന്ന പ്രേക്ഷകരുണ്ട് . സ്വന്തം മരണം എങ്ങനെയായിരിക്കും എന്ന് കാണിച്ചു തന്ന ചാരു ആണ് 'സുഖമാണോ സുഖമാണ്" സിനിമയിൽ ദേവിക സഞ്ജയ് . സിനിമ തരുന്ന സന്തോഷവും സുഖവും സമ്മാനിച്ച ആഹ്ളാദത്തിൽ ദേവിക സഞ്ജയ് മനസ് തുറന്നു.

ചാരുവിനെ അവതരിപ്പിക്കണമെന്ന് എപ്പോഴാണ് തീരുമാനിച്ചത്?

കഥ കേട്ടപ്പോൾ തന്നെ ചെയ്യണമെന്ന് തോന്നി. സ്വാർത്ഥത നിറഞ്ഞ കഥാപാത്രം. അസാധാരണ കാര്യങ്ങൾ വരെ നടക്കും എന്ന് ഉറപ്പോടെ പറയുന്ന ആളാണ് ചാരു. ഭയങ്കര പുതുമ തോന്നിപ്പിക്കുന്നു ,​കഥ ആയാലും കഥാപാത്രമായാലും. അത്തരം കുറച്ച് പരിപാടി എനിക്ക് ഇഷ്ടം ആണ്. കേട്ടപ്പോൾ തന്നെ തീരുമാനിച്ചു ഭയങ്കര രസമാണല്ലോ, ചെയ്യാമല്ലോ എന്ന്.

അഭിനയിച്ചതിൽ സ്വന്തം വ്യക്തിത്വത്തോട് ചേർന്നുനിന്ന കഥാപാത്രം ഏതായിരുന്നു ?

എന്റെ വ്യക്തിത്വവുമായി ചേർന്ന് നിൽക്കുന്ന എല്ലാ ഘടകങ്ങളും ഉള്ള കഥാപാത്രം ഇതുവരെ ചെയ്തില്ല. എന്റെ ചില രീതികൾ ചാരുവിലുണ്ട്. ചിലത് ടീനമോളിലുണ്ട്. മകൾ സിനിമയിലെ അപ്പുവിലുണ്ട്. എല്ലാവരിലും കുറച്ചു കുറച്ച് ഞാനുണ്ട്. പൂർണമായി ഞാൻ ഇവരിൽ ആരിലുമില്ല.

സിനിമയോടെയായിരിക്കും ഇനി കൂട്ട് എന്ന തീരുമാനത്തിൽ എത്തിയോ?

സിനിമയിൽ അഭിനയിക്കാൻ ഒരുപാട് ആഗ്രഹിച്ചതാണ്. എങ്ങനെ സിനിമയിൽ എത്തണമെന്ന് അറിയില്ലായിരുന്നു. 'ഞാൻ പ്രകാശൻ" കഴിഞ്ഞപ്പോൾ സിനിമയോട് വല്ലാത്ത ആഭിമുഖ്യം തോന്നി. ഒരുപ്രാവശ്യം അവസരം ലഭിച്ചപ്പോഴാണ് എനിക്ക് എത്രമാത്രം സന്തോഷം ലഭിക്കുന്നുവെന്നും മുൻപോട്ട് പോകാൻ കഴിയും എന്നും തിരിച്ചറിയുന്നത്. സിനിമ തന്നെയാണ് ഇഷ്ടം. സിനിമയിൽ മുന്നോട്ടു പോകാനാണ് ആഗ്രഹം.

ഞാൻ പ്രകാശനിൽ നിന്ന് സുഖമാണോ സുഖമാണ് എത്തി നിൽക്കുമ്പോൾ സിനിമ അടുത്തറിയാൻ കഴിഞ്ഞോ?

അങ്ങനെ ഞാൻ പറയില്ല. ഞാൻ പ്രകാശനിൽ അഭിനയിച്ചുവെന്ന് വിശ്വസിക്കാൻ കഴിയാതെ ഇരിക്കുകയാണ്. സിനിമയെപ്പറ്റി എന്തെല്ലാമോ പഠിക്കാൻ കഴിഞ്ഞു. ക്യാമറയുടെ പിന്നിൽ എന്താണ് നടക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. സിനിമ എന്ന മീഡിയം അടുത്തറിയണമെങ്കിൽ കുറെയേറെ കഥാപാത്രങ്ങൾ അവതരിപ്പിച്ചാൽ മാത്രമേ ആ തോന്നൽ ഉണ്ടാവൂ.

ദേവികയുടെ അടുത്ത കഥാപാത്രം ഏതാണ്?

അടുത്തത് കത്തനാർ ആണ്. കഥാപാത്രത്തെപ്പറ്റി കൂടുതൽ പറയാൻ കഴിയില്ല. അത്തരം ഒരു കഥാപാത്രം ചെയ്യാൻ കുറെ ആഗ്രഹിച്ചതാണ്. ആ കഥാപാത്രം ചെയ്യുമ്പോൾ വലിയ ആകാംക്ഷ തോന്നി. സിനിമയുടെ ഗ്ലിംപ്‌സ് ഇറങ്ങിയപ്പോൾ വേറൊരു ലെവൽ സിനിമ എന്നു എല്ലാവർക്കും തോന്നിയല്ലോ. അതുകണ്ട് എനിക്കും അങ്ങനെ തോന്നി. അതെല്ലാം കഴിഞ്ഞാണ് എന്നെ വിളിക്കുന്നത്. ആ വിളി എന്നെ അത്ഭുതപ്പെടുത്തി. ഇപ്പോഴും എല്ലാ ദിവസവും റോജിൻ ചേട്ടന് മെസേജ് അയയ്ക്കും. ദിവസവും ഒരു പ്രാവശ്യമെങ്കിലും കത്തനാരെപ്പറ്റി ആലോചിക്കും എന്നു പറഞ്ഞാണ് മെസേജ്. വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന കഥാപാത്രം. അത് ആളുകളിലേക്ക് എത്തുമ്പോൾ സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കട്ടെ എന്നാണ് പ്രാർത്ഥന. അത്രമാത്രം അദ്ധ്വാനം വേണ്ടിവന്നു. എല്ലാവർക്കും. തീർച്ചയായും അതിന്റെ ഫലം കത്തനാരുടെ മേക്കിംഗിൽ ഉൾപ്പെടെ എല്ലായിടത്തും കാണാൻ കഴിയും എന്നാണ് വിശ്വാസം.

മലയാളത്തിൽ മാത്രം നിൽക്കാനാണോ തീരുമാനം ?

അങ്ങനെയല്ല. എന്റെ വീട് ഇവിടെയാണല്ലോ. അതിനാൽ മലയാളത്തിൽ കൂടുതൽ സിനിമകൾ ചെയ്യാനാണ് ആഗ്രഹം. എനിക്ക് കാണാൻ ഏറ്റവും ഇഷ്ടം മലയാള സിനിമ ആണ്. ജീവിതഗന്ധിയായ പ്രമേയവും കഥാപാത്രവും ഉണ്ടാകുന്നത് മലയാളത്തിൽ ആണെന്ന് അറിയാം. ആ കഥാപാത്രവും സിനിമയും കുറെ കാലം നിലനിൽക്കും. കഥ പറയുന്ന രീതിയും മേക്കിംഗും അത്ഭുതപ്പെടുത്തുന്നതാണ്. മലയാള സിനിമയുടെ കൂടെ തന്നെ നിൽക്കാനാണ് താത്‌പര്യം. എന്നാൽ മറ്റു ഭാഷയിൽ അഭിനയിക്കില്ല എന്ന തീരുമാനമൊന്നുമില്ല. അഭിനയിക്കാൻ അതിയായ ആഗ്രഹം കൊണ്ട് മാത്രം സിനിമയിൽ വന്ന ആളാണ്. അതിനു വേണ്ട കാര്യങ്ങളാണ് ചെയ്യുന്നത്. അവസരം വന്നാൽ മറ്റു ഭാഷയിൽ അഭിനയിക്കും. എന്നാൽ, മലയാള സിനിമയാണ് മനസിനോട് കൂടുതൽ ചേർന്നു നിൽക്കുന്നത്. നമ്മൾ എല്ലാം ഇവിടെയാണല്ലോ.


സോഷ്യൽ മീഡിയയോടുള്ള സമീപനം എങ്ങനെയാണ് ?

അത്യാവശ്യം ആക്ടീവ് ആണ്. ഇഷ്ടപ്പെട്ട കാര്യങ്ങൾ പോസ്റ്റ് ചെയ്യുന്നു. എന്തെല്ലാം ചെയ്താലും നല്ലത് പറയാനും വിമർശിക്കാനും ആളുണ്ടാകും. അത് കേട്ടുകൊണ്ടിരിക്കുകയാണെങ്കിൽ അതിനേ സമയം ഉണ്ടാകൂ. പ്രതികരിക്കേണ്ട കാര്യം എങ്കിൽ റിയാക്ട് ചെയ്യും. സൈബർ ബുള്ളിയിംഗ് ഉണ്ടായാൽ പരാതി നൽകാനാണ് ആദ്യം ആലോചിക്കുക. അമ്മ പൊലീസ് ആണ്. മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് കടന്നുചെല്ലുന്ന പ്രവണതയുണ്ട് . അവർക്ക് ശ്രദ്ധ കിട്ടുന്നതിനു കൂടിയാണ് ഇതെല്ലാം ചെയ്യുന്നത്. സൈബർ ഇടം നല്ല കാര്യങ്ങൾക്കുവേണ്ടി ഉപയോഗപ്പെടുത്താൻ കഴിയും. നല്ല ബന്ധങ്ങളും നല്ല ചിന്തയും കാഴ്ചപ്പാടും നൽകുന്നുണ്ട്. എനിക്ക് താത്പര്യം തോന്നിയ കാര്യം കണ്ടുപിടിക്കാനും ഇഷ്ടപ്പെട്ട ആളുകളോട് ഇടപഴകാനും സോഷ്യൽ മീഡിയ സഹായിച്ചിട്ടുണ്ട്. സോഷ്യൽ മീഡിയ നല്ലതാണ്. ആളുകളുടെ മനോവ്യാപാരം മോശമായ കാര്യത്തിലേക്ക് ആ മീഡിയത്തെ എത്തിക്കുന്നു.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.