SignIn
Kerala Kaumudi Online
Sunday, 22 February 2026 4.14 AM IST

അബിന് സുഖമാണ്

Increase Font Size Decrease Font Size Print Page
s

ചെറിയ രൂപത്തിൽ എത്തി പ്രേക്ഷകന് വലിയ ചിരി സമ്മാനിക്കുന്ന അബിൻ ബിനോ. ഒരു 'രോമാഞ്ചഫിക്കേഷൻ" ചിരി.ന്യൂ ജനറേഷൻ സിനിമയിൽ എല്ലാം അബിൻ ബിനോ നിറയുന്നു. ആശാൻ സിനിമയിൽ ' ഒാടി നടന്ന് ചിരിപ്പിച്ച ' കഥാപാത്രം അവസാനം ചെറുതായി കണ്ണ് നനയിച്ചു. മമ്മൂട്ടി, മോഹൻലാൽ സിനിമകളിൽ സ്ക്രീനിൽ വരാൻ കഴിഞ്ഞതാണ് പോയ വർഷം ലഭിച്ച ബോണസ്. സിനിമ മാത്രം സ്വപ്നം കണ്ട് ജീവിച്ച അബിൻ ബിനോയെ പ്രേക്ഷകർ കൂടുതൽ ചേർത്തു പിടിക്കുന്നു. പുത്തൻ പ്രതീക്ഷയോടെ അബിൻ ബിനോ സംസാരിച്ചു.

എന്തോ ,​ ദൈവ ഭാഗ്യം

എട്ടാം ക്ലാസ് മുതൽ മിമിക്രി മത്സരത്തിന് പങ്കെടുത്തു തുടങ്ങി. അതിനു മുമ്പ് സ്കൂൾ നാടകത്തിന്റെ പിന്നണിയിൽ പ്രവർത്തിച്ചു. പിന്നെ ചെറിയ രീതിയിൽ സംഘ ഗാനങ്ങൾക്ക് പങ്കെടുത്തു. പക്ഷേ തമാശ എന്തെന്നു വച്ചാൽ സംഘ ഗാനങ്ങൾക്ക് നിന്നാലും എനിക്ക് വലിപ്പമില്ലാത്തതിനാൽ പല സമയങ്ങളിലുംമൈക്ക് എത്താത്ത സാഹചര്യത്തിൽ മാറി നിൽക്കേണ്ടി വന്നിട്ടുണ്ട്. അതിനാൽ കൂടുതലും മിമിക്രിയായിരുന്നു പ്രധാന മത്സര ഇനം.

സിനിമയിലേക്ക് വരിക എന്നതായിരുന്നു ആഗ്രഹം . എന്നാൽ എങ്ങനെ സിനിമയിൽ വരും എന്ന് അറിയില്ലായിരുന്നു. സോഷ്യൽ മീഡിയയൊന്നും ഇന്നത്തെപോലെ ആക്ടീവ് ആയിരു ന്നില്ല .അതിനാൽ ഓഡിഷൻ വരുമ്പോൾ എങ്ങനെ അതിന് പോവുക എന്നൊന്നും അറിയില്ല . നാട്ടിൽ ഇത്തരം കാര്യത്തെപ്പറ്റി ആർക്കും അറിയില്ലായിരുന്നു. എന്തോ ദൈവഭാഗ്യം ഇവിടെ എത്തിപ്പെടാൻ സാധിച്ചു.

ജീവിതം മാറ്റി നത്ത്

അഭിനയ ജീവിതത്തിന്റെ തുടക്കം ഒതളങ്ങ തുരുത്തിലൂടെയാണ്. സിനിമയിലേക്ക് വരുന്നതിനു മുമ്പ് ലഭിച്ച ഏറ്റവും വലിയ ഭാഗ്യമാണ് ഒതളങ്ങ തുരുത്തും എന്ന വെബ് സീരിസും അതിലെ നത്ത് എന്ന കഥാപാത്രവും. കൊറോണ സമയത്ത് ഒതളങ്ങ തുരുത്ത് കുറച്ചുകൂടി ജനശ്രദ്ധ പിടിച്ചു പറ്റി . ഒതളങ്ങ തുരുത്തിന്റെ സംവിധായകൻ അംബുജി തന്ന നത്ത് എന്ന കഥാപാത്രം എന്റെ ജീവിതത്തെതന്നെ മാറ്റി . ഏറ്റവും ഇഷ്ടപ്പെട്ട കഥാപാത്രം നത്ത് തന്നെ ആണ് . അതിനു ശേഷം രോമാഞ്ചത്തിലെ അഷിജിത്തൻ, തുടരും സിനിമയിലെ മണിയൻ,പേരില്ലൂർ പ്രീമിയർ ലീഗിലെ ജാഫർ .

ഇരുപത്തിയെട്ടോളം സിനിമകളിൽ അഭിനയിച്ചു . എനിക്ക് തോന്നുന്നു രോമാഞ്ചത്തിന് മുമ്പുതന്നെ മലയാളത്തിലെ പ്രഗത്ഭരായ നിരവധി സംവിധായകന്മാരുടെയും നടന്മരുടെയുംകൂടെ അഭിനയിക്കാൻ കഴിഞ്ഞു.ജോഷി സാർ,ജയരാജ് സാർ തുടങ്ങിയവരുടെ സിനിമകളിൽ ശ്രദ്ധേയ കഥാപാത്രം ചെയ്യാൻ കഴിഞ്ഞു. ചെറിയ വേഷം എങ്കിൽ പോലും ഭാഗമാകാൻ സാധിച്ചു. രോമാഞ്ചം എന്റെ ഒമ്പതാമത്തെ സിനിമയാണ് .ആശാൻ,സുഖമാണോ സുഖമാണോ എന്നിവയാണ് പുതിയ റിലീസുകൾ.

ആശാൻ ജൂഡ് ആന്തണി

സിനിമയിലേക്ക് കൊണ്ടുവരുന്നത് ജൂഡ് ആന്തണി ചേട്ടനാണ്. ജൂഡേട്ടൻ സംവിധാനം ചെയ്ത സാറാസ് ആണ് ആദ്യ സിനിമ . തുടക്കംതന്നെ നല്ലൊരു സിനിമയുടെ ഭാഗമാകാൻ സാധിച്ചു.അധികം വൈകാതെ മമ്മുക്കയുടെയും ലാലേട്ടന്റെയും കൂടെ അഭിനയിക്കാൻ ഭാഗ്യം ലഭിച്ചു. മമ്മുക്കയുടെകൂടെ ആദ്യം അഭിനയിക്കുന്നത് ബസൂക്കയിലാണ്. ലൊക്കേഷനിൽ എന്റെ പിറന്നാളിന് മമ്മുക്ക

കേക്ക് മുറിച്ചു.എന്നാൽ ബസൂക്കയിൽ മമ്മുക്കയുമായി സീൻ കുറവായിരുന്നു. എന്നാൽ ടർബോയിൽ മമ്മുക്കയുടെ ഏറ്റവും വിശ്വസ്തനായ ആളായി അഭിനയിക്കാൻ സാധിച്ചു. അതിലൂടെയാണ് മമ്മുക്കയുമായി കൂടുതൽ അടുക്കാൻ കഴിഞ്ഞത്. ലാലേട്ടന്റെ കൂടെ തുടുരും സിനിമയിൽ അഭിനയിച്ചു.

ആദ്യ ഗുരു അമ്മ

കരുനാഗപ്പള്ളി വെള്ളനാതുരുത്താണ് നാട്. അച്ഛൻ അജയ് കുമാർ . കൂലിപ്പണി ആണ്. അമ്മ ബിന്ദു. വീട്ടമ്മ . അനിയൻ അർജുൻ അജയ് ഡിപ്ലോമ കഴിഞ്ഞു. വീട്ടുകാർ തന്നെയാണ് എന്റെ ബലം. കൂടുതൽ പിന്തുണച്ചത് അമ്മയാണ്. മിമിക്രിയോട് താത്പര്യമുണ്ടെന്നറിഞ്ഞ അമ്മ ,​ കാർഡ്ബോർഡിനകത്ത് കമ്മിഷണർ സിനിമയിലെ സുരേഷ് ഗോപി സാറിന്റെ ഡയലോഗ് എഴുതി എന്നെ പഠിപ്പിച്ചിട്ടുണ്ട്. ആദ്യ ഗുരു അമ്മ തന്നെയാണ്. അമ്മയും ചെറുതായി മിമിക്രി ചെയ്യാറുണ്ട്. അച്ഛൻ പാട്ടൊക്കെ പാടും. രണ്ടു പേരുടെയും താത്പര്യം എനിക്ക് ലഭിച്ചു. നാട്ടുകാരും കൂട്ടുകാരുമെല്ലാം നല്ല സപ്പോർട്ട് ആണ്. നത്ത് എന്ന പേരിലാണ് ഇപ്പോൾ എല്ലായിടത്തും അറിയപ്പെടുന്നത്.

ഇനിയും നല്ല കഥാപാത്രങ്ങൾ ചെയ്യണമെന്നുണ്ട് . ഭാവിയിൽ ചെറിയ തോതിൽ ബിസിനസ് തുടങ്ങിയാൽ കൊള്ളാം എന്ന ആഗ്രഹമുണ്ട്.

TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.