
പുനലൂർ: കാര്യറ സ്വദേശിയായ രണ്ടുവയസുകാരിയുടെ തിരോധാനം കൊലപാതകമെന്ന് കണ്ടെത്തി. കുഞ്ഞിനെ കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 2ന് മുത്തശ്ശി സന്ധ്യ പുനലൂർ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് മാതാവിന്റെ സുഹൃത്ത് കൊലപ്പെടുത്തിയെന്ന് പൊലീസ് കണ്ടെത്തിയത്. അമ്മ കലാസൂര്യയെയും ഒപ്പം താമസിച്ചിരുന്ന കണ്ണനെയും പൊലീസ് അറസ്റ്റ് ചെയ്തു.
പൊലീസ് പറയുന്നത്: കലാസൂര്യ ആദ്യം കലയാനാട്ടുകാരനെ വിവാഹം ചെയ്തു. അതിൽ ഒരു ആൺകുട്ടിയുണ്ട്. തുടർന്ന് അയാളെയും കുഞ്ഞിനേയും ഉപേക്ഷിച്ച് അഞ്ചൽ വടമണുള്ള മറ്റൊരാളുമായി ഇഷ്ടത്തിലായി. ഈ ബന്ധത്തിലുളള കുട്ടിയാണ് അനശ്വര. പിന്നീട് തെങ്കാശി ജില്ലയിലെ പുളിയറ ഭാഗവതിപുരം സ്വദേശിയായ 18 വയസുകാരൻ കണ്ണനുമായി കുളത്തൂപ്പുഴയിൽ വിവാഹിതയായി. തുടർന്ന് മധുര ചെക്കാനൂരിലുള്ള ചന്ദ്രൻ എന്നയാളുടെ കോഴി ഫാമിൽ ജോലിയിൽ പ്രവേശിച്ചു.
സന്ധ്യയുടെ പരാതിയിൽ അന്വേഷണം നടത്തിയപ്പോൾ, കലാസൂര്യ പുനലൂരിലുള്ള അകന്ന ഒരു ബന്ധുവിനോടൊപ്പം താമസിക്കുന്നതായി വിവരം ലഭിച്ചു. കലാസൂര്യയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ മകൾ കണ്ണനോടൊപ്പം മധുരയിൽ ആണെന്നും തെങ്കാശിയിലെ അനാഥാലയത്തിൽ ആണെന്നും മാറ്റിമാറ്റി പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ ഇങ്ങനൊരു അനാഥാലയം ഇല്ലെന്നു വ്യക്തമായി.
വിശദമായ ചോദ്യം ചെയ്യലിൽ ഒരു മാസം മുൻപ് രാത്രി കണ്ണൻ ചെക്കാനൂരിലെ കോഴി ഫാമിൽ വച്ച് മദ്യലഹരിയിൽ അനശ്വരയെ കൊലുപ്പെടുത്തിയെന്ന് കലാസൂര്യ സമ്മതിച്ചു. തുടർന്ന് നടന്ന അന്വേഷണത്തിൽ മൊഴി ശരിയാണെന്ന് ബോദ്ധ്യമായി. കുട്ടിയുടെ മൃതദേഹം മറവ് ചെയ്യാൻ കലാസൂര്യ സഹായിച്ചതായും വ്യക്തമായി.
കണ്ണനേയും കലാസൂര്യയേയും തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു റിമാന്റിലാക്കി. കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി വിഷ്ണു പ്രദീപിന്റെ നിർദ്ദേശപ്രകാരം പുനലൂർ എ.എസ്.പി.അപർണയുടെ മേൽ നോട്ടത്തിൽ പുനലൂർ ഇൻസ്പെക്ടർ എസ്.വിജയശങ്കർ,എസ്.ഐമാരായ എം.എസ്.അനീഷ്,എൻ.രാജേഷ്,ശിശിര,എ.എസ്.ഐ.ഷൈലജ,എസ്.സി.പി.ഒ.പ്രീത പാപ്പച്ചൻ,സി.പി.ഒമാരായ ജംഷീദ്,ശ്രീക്കുട്ടൻ എന്നിവരടങ്ങുന്ന സംഘമാണ് കേസ് അന്വേഷിച്ചത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |