
കൊല്ലം: കൊട്ടിയം മൈലക്കാട്ട് ദേശീയപാത 66 നിർമ്മാണത്തിനിടെ തകർന്നതോടെ തടസപ്പെട്ട തിരുവനന്തപുരം ഭാഗത്തേക്കുള്ള ഗതാഗതം നാളെ രാവിലെ പുനരാരംഭിക്കും. ഇന്ന് രാത്രിയോടെ സർവീസ് റോഡ് ടാറിംഗ് പൂർത്തിയാകും.
വെള്ളിയാഴ്ച രാത്രിതന്നെ സർവീസ് റോഡിലെ പൊട്ടിത്തകർന്ന ടാറും ഉയരപ്പാതയുടെ വാളും നീക്കിത്തുടങ്ങിയിരുന്നു. ഇന്നലെ രാവിലെ മുതൽ ഉയരപ്പാതയിലെ മണ്ണും നീക്കി. 80 മീറ്ററോളം നീളത്തിൽ ആർ.ഇ വാൾ പാനലുകൾ നീക്കി. കേടുപാടില്ലാത്തതിനാൽ മറുവശത്തെ ആർ.ഇ വാൾ നിലനിറുത്തി.
ആലപ്പുഴ ഭാഗത്തേക്കുള്ള ചെറു വാഹനങ്ങൾ മറുവശത്തെ സർവീസ് റോഡിലൂടെ കടന്നുപോകുന്നുണ്ട്. ലോറികൾ അടക്കം പാരിപ്പള്ളി ജംഗ്ഷനിൽ നിന്ന് തീരദേശ റോഡ് വഴിയാണ് കൊല്ലത്തേക്ക് കടത്തിവിടുന്നത്. ആലപ്പുഴയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കുള്ള ചരക്കു വാഹനങ്ങൾ ചവറ കെ.എം.എം.എൽ ജംഗ്ഷനിൽ തിരിഞ്ഞ് ഭരണിക്കാവ്- കൊട്ടാരക്കര വഴി എം.സി റോഡലൂടെ കടത്തിവിടുന്നു. മറ്റു വാഹനങ്ങൾ ചവറ- ആൽത്തറമൂട്- കടവൂർ- കല്ലൂംതാഴം- കണ്ണനല്ലൂർ വഴിയും കണ്ണനല്ലൂർ-മീയന്നൂർ-കട്ടച്ചൽ വഴി ചാത്തന്നൂരിലേക്കും തിരിച്ചുവിടുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |