
കൊച്ചി: നാടിന്റെ വികസനവും രാഷ്ട്രീയവും വിവാദങ്ങളും ചർച്ച ചെയ്യപ്പെട്ട പ്രചാരണത്തിന് തിരശീല വീണതോടെ അവകാശവാദങ്ങൾ ഉന്നയിക്കുമ്പോഴും മുന്നണികളിൽ ആശങ്ക ഒഴിയുന്നില്ല. വിജയപ്രതീക്ഷയിലും വിമതരും രാഷ്ട്രീയേതര സ്ഥാനാർത്ഥികളും പ്രാദേശികപ്രശ്‌നങ്ങളുമാണ് രാഷ്ട്രീയ പാർട്ടികൾക്ക് സീറ്റ് ഉറപ്പിക്കാനുള്ള വെല്ലുവിളികൾ.
തദ്ദേശസ്ഥാപനങ്ങളിൽ മുമ്പില്ലാത്ത ആവേശത്തോടെയാണ് ജില്ലയുടെ മുഴുവൻ പ്രദേശങ്ങളിലും പ്രചാരണ കൊട്ടിക്കലാശം നടന്നത്. യു.ഡി.എഫ്., എൽ.ഡി.എഫ്., എൻ.ഡി.എ മുന്നണികൾ പരമാവധി അണികളെ നിരത്തി ശക്തിപ്രകടനമായി പ്രചാരണസമാപനത്തെ മാറ്റി. അഭിമാനപ്പോരാട്ടം നടക്കുന്ന കൊച്ചി കോർപ്പറേഷൻ മുതൽ ഗ്രാമപഞ്ചായത്തുകളിൽ വരെ ആയിരങ്ങൾ കൊട്ടിക്കലാശത്തിൽ അണിചേർന്നു.
പ്രതീക്ഷ, ആശങ്ക: യു.ഡി.എഫ്
വർഷങ്ങളായി തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ആധിപത്യം നേടുന്ന പതിവ് ആവർത്തിക്കുമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം. സർക്കാർ നയങ്ങൾ, ശബരിമല സ്വർണക്കൊള്ള എന്നിവയ്‌ക്കെതിരെ ജനം വിധിയെഴുതുമെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, ഹൈബി ഈഡൻ എം.പി എന്നിവർ പറഞ്ഞു.
ജില്ലാ പഞ്ചായത്തും ഭൂരിപക്ഷം ബ്ളോക്ക്, ഗ്രാമപഞ്ചായത്തുകളും നിലനിറുത്താൻകഴിയുമെന്നാണ് യു.ഡി.എഫിന്റെ പ്രതീക്ഷ. താഴേത്തട്ടിൽ നടത്തിയ പ്രചാരണം, എൽ.ഡി.എഫ് സർക്കാരിനെതിരായ ഭരണവിരുദ്ധവികാരം, രാഷ്ട്രീയവിഷയങ്ങൾ തുടങ്ങിയവ ഗുണകരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
സ്ഥാനാർത്ഥി നിർണയത്തിലെ പ്രശ്നങ്ങൾ, വിമതശല്യം, രാഹുൽ മാങ്കൂട്ടം വിഷയം തുടങ്ങിയവ തിരിച്ചടിയാകുമോയെന്നാണ് ആശങ്ക. ഭരണം തിരിച്ചുപിടിക്കാൻ ശ്രമിക്കുന്ന കൊച്ചി കോർപ്പറേഷനിലുൾപ്പെടെ വിമതശല്യവുമുണ്ട്. ഭരണം പിടിച്ചാൽ മേയറാകുമെന്ന് കരുതുന്ന കോൺഗ്രസ് സ്ഥാനാർത്ഥികളുടെ ഡിവിഷനുകളിൽ വിമതരും ട്വന്റി 20 പ്രചാരണവും ആശങ്കയുയർത്തുന്നുണ്ട്.
മുന്നേറ്റപ്രതീക്ഷ: എൽ.ഡി.എഫ്
യു.ഡി.എഫ് ഭരിക്കുന്ന കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ പിടിച്ചെടുക്കാൻ കഴിയുമെന്ന വിശ്വാസത്തിലാണ് എൽ.ഡി.എഫ്. കൊച്ചി കോർപ്പറേഷൻ ഉൾപ്പെടെ നിലനിറുത്താൻ കഴിയുമെന്നാണ് കണക്കുകൂട്ടൽ. മികച്ച വിജയം നേടുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സതീഷ്, സി.പി.ഐ ജില്ലാ സെക്രട്ടറി എൻ. അരുൺ എന്നിവർ പറഞ്ഞു.
പിണറായി വിജയൻ സർക്കാരുകളുടെ നേട്ടങ്ങളും വികസനവും ക്ഷേമ പദ്ധതികളുമാണ് എൽ.ഡി.എഫിന്റെ കണക്കുകൂട്ടലുകളുടെ അടിസ്ഥാനം. രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരായ പീഡനക്കേസ് വോട്ടുകളെ സ്വാധീനിക്കും. ശബരിമല പ്രശ്‌നം, ഭരണവിരുദ്ധ വികാരസാദ്ധ്യത തുടങ്ങിയവയാണ് ആശങ്കപ്പെടുത്തുന്നത്. പ്രാദേശികമായി സ്വീകാര്യരായവരെ സ്ഥാനാർത്ഥികളാക്കിയതും ചിട്ടയായ പ്രവർത്തനവും വിജയത്തിലേയ്ക്ക് നയിക്കുമെന്ന കണക്കുകൂട്ടലാണ് എൽ.ഡി.എഫ് പുലർത്തുന്നത്.
നേട്ടത്തിന് എൻ.ഡി.എ
വൻപ്രതീക്ഷയാണ് ജില്ലയിൽ എൻ.ഡി.എ പുലർത്തുന്നത്. മറ്റു മുന്നണികളോട് കിടപിടിക്കുന്ന പ്രചാരണവും കലാശക്കൊട്ടുമാണ് ബി.ജെ.പിയുടെ നേതൃത്വത്തിൽ നടത്തിയത്. കൊച്ചി കോർപ്പറേഷൻ, തൃപ്പൂണിത്തുറ നഗരസഭകളിൽ കൂടുതൽ സീറ്റുകൾ കണക്കുകൂട്ടുന്നുണ്ട്. എൻ.ഡി.എയ്ക്ക് അനുകൂലതരംഗം പ്രകടമാണെന്ന് ബി.ജെ.പി സിറ്റി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു പറഞ്ഞു.
പതിവിൽ കവിഞ്ഞ അനുകൂലപ്രതികരണമാണ് ജനങ്ങളിൽ നിന്ന് ലഭിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വ്യക്തിപ്രഭാവം, വികസനരാഷ്ട്രീയം, ശബരിമല സ്വർണക്കൊള്ള, നികുതികളും ഫീസുകളും സംസ്ഥാന സർക്കാർ വർദ്ധിപ്പിച്ചത് തുടങ്ങിയവ വോട്ടായി മാറുമെന്നാണ് എൻ.ഡി.എയുടെ പ്രതീക്ഷ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |