
തൃശൂർ: ഡിസംബർ 18ന് മുൻപേ പ്രത്യേക തീവ്ര വോട്ടർപട്ടിക പരിഷ്‌കരണം (എസ്.ഐ.ആർ) പൂർത്തിയാക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് ബൂത്ത് ലെവൽ ഓഫീസർമാർ നെട്ടോട്ടത്തിൽ. 2002ലെ വോട്ടർപട്ടിക പരിശോധിച്ച് മാത്രമേ പിന്നീട് വോട്ട് ചേർത്തവരുടെ പോലും എസ്.ഐ.ആർ മാപ്പിംഗ് പൂർത്തീകരിക്കാനാകൂ. 23 വർഷം മുൻപ് മാതാപിതാക്കൾ വോട്ട് ചെയ്തത് എവിടെയെന്ന് കണ്ടെത്തി വേണം പിന്തുടർച്ചക്കാരായ മക്കളുടെ മാപ്പിംഗും നിർവഹിക്കാൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ ബി.എൽ.ഒമാർക്ക് കിട്ടിയ നിർദ്ദേശം പലയിടത്തും നടപ്പാക്കാനാകുന്നില്ലെന്നാണ് പരാതി.
ഇപ്പോൾ 40 വയസുള്ള ഒരു വോട്ടറുടെ എസ്.ഐ.ആർ പൂർത്തീകരിക്കാനും അദ്ദേഹത്തിന്റെ പിതാവ് 23 വർഷം മുൻപ് എവിടെ വോട്ട് ചെയ്തുവെന്ന് കണ്ടെത്തണം. എന്നാൽ രണ്ട് പതിറ്റാണ്ട് മുൻപ് എവിടെയാണ് വോട്ട് ചെയ്തതെന്ന് വയോധികരിൽ പലരും ഓർക്കുന്നില്ലെന്നതാണ് വെല്ലുവിളി. വാടകവീടുകളിൽ മാറിമാറി താമസിക്കുന്നവരും വിദ്യാഭ്യാസം താരതമ്യേന കുറഞ്ഞ ചേരികളിൽ താമസിക്കുന്നവരുടെയും എസ്.ഐ.ആർ മാപ്പിംഗാണ് കഠിനമത്രെ.
കുട്ടിക്കാലത്ത് തന്നെ രക്ഷിതാക്കൾ നഷ്ടപ്പെട്ടവരുടെ എസ്.ഐ.ആർ മാപ്പിംഗും പ്രതിസന്ധിയുണ്ടാക്കുന്നു. എന്നാൽ ഇവർക്കൊന്നും വോട്ട് നഷ്ടപ്പെടില്ലെന്നും ഹിയറിംഗിലൂടെ ഇവരുടെ ഭാഗം കേട്ടശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തുമെന്നുമാണ് കമ്മിഷൻ വാദം. എന്നാൽ 20 ലക്ഷത്തിലേറെ വരുന്ന വോട്ടർമാരെ ഹിയറിംഗ് നടത്തി വോട്ടർ പട്ടികയിൽ ഉൾപ്പെടുത്താൻ രണ്ടാഴ്ചക്കാലം കൊണ്ട് കഴിയുമോയെന്നതാണ് ആശങ്ക.
95% ഡിജിറ്റലൈസഡ്
സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണർ എ.ഷാജഹാൻ കളക്ടർമാരുമായി നടത്തിയ അവലോകന യോഗത്തിൽ ഡിസംബർ ആറ് വരെ 95% വിവരങ്ങൾ ഡിജിറ്റലൈസ് ചെയ്തെന്നാണ് അറിവ്. ബാക്കി പൂർത്തിയാക്കാൻ സമയം ആവശ്യപ്പെട്ടതിനെ തുടർന്ന് ഡിസംബർ 18 വരെ നീട്ടിനൽകി. തുടർന്ന് ഈ മാസം 23നകം തന്നെ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിക്കാനാണ് നീക്കം. അന്തിമ വോട്ടർ പട്ടിക 2026 ഫെബ്രുവരി 21നാകും പ്രസിദ്ധപ്പെടുത്തുക.
വിവരശേഖരണം ഇതുവരെ (സംസ്ഥാനതല കണക്ക്)
1. സ്ഥിരമായി സ്ഥലം മാറിപ്പോയവർ: 7.39 ലക്ഷം
2. കണ്ടെത്താനാകാത്തത്: 5.66 ലക്ഷം
3. ഇരട്ടവോട്ടുകൾ: 1.12 ലക്ഷം
4. അസാദ്ധ്യമായത് ആകെ: 20.75 ലക്ഷം
ജില്ലയിൽ ഡിജിറ്റലൈസേഷൻ പൂർത്തിയാക്കിയത്: 96.73%
ജില്ലയിൽ അസാദ്ധ്യം (അൺകളക്ടബിൾ): 8.03%
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |