
തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനും സി.പി.എം, സി.പി.ഐ സംസ്ഥാന സെക്രട്ടറിമാരും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും സണ്ണി ജോസഫും കേന്ദ്രമന്ത്രി സുരേഷ് ഗോപിയും രാജീവ് ചന്ദ്രശേഖറും പ്രചാരണവഴികൾ ഇളക്കിമറിച്ചു കഴിഞ്ഞു. ഫിനിഷിംഗ് ലൈനിലേക്ക് അടുക്കുമ്പോൾ പ്രചാരണം പൊടിപൊടിക്കുകയാണ്. മുൻകാല തിരഞ്ഞെടുപ്പുകളെ പോലെയല്ല, പ്രാദേശിക വിഷയങ്ങൾ കടന്ന് സംസ്ഥാനതല വിഷയങ്ങൾ ഉയർത്തിയാണ് അവസാനഘട്ടത്തിൽ മുന്നണികൾ വോട്ട് ചോദിക്കുന്നത്.
ശബരിമല സ്വർണക്കൊള്ളയാണ് സി.പി.എമ്മിന് നേരെ കോൺഗ്രസും ബിജെപിയും ആയുധമാക്കുന്നത്. ക്ഷേത്രോത്സവങ്ങൾക്ക് സമീപം ശബരിമല വിഷയത്തിലുള്ള ബോർഡ് സ്ഥാപിച്ചാണ് പ്രചാരണം. രാഹുൽ മാങ്കൂട്ടത്തിലിന് നേരെയുള്ള കേസാണ് കോൺഗ്രസിനെ പ്രതിരോധത്തിലാക്കാൻ ഇടതും എൻ.ഡി.എയും പുറത്തിടുന്നത്. എസ്.ഐ.ആർ വിവാദങ്ങളും കേന്ദ്രസർക്കാരിനെതിരെയുള്ള വികാരവും ആളിക്കത്തിക്കാനാണ് കോൺഗ്രസും സി.പി.എമ്മും ശ്രമിക്കുന്നത്. സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ വീഡിയോകളും ട്രോളും തന്നെയാണ് പ്രധാന പ്രചാരണായുധം.
കോർപറേഷൻ വീണ്ടും ശ്രദ്ധാകേന്ദ്രം
അവസാനവട്ട പ്രചാരണത്തിലും കോർപറേഷൻ കേന്ദ്രീകരിച്ചാണ് മുന്നണികളുടെ പ്രചാരണം. സംസ്ഥാനതലത്തിൽ കോർപറേഷനിലെ മത്സരം ശ്രദ്ധേയമായതിനാൽ മുഖ്യമന്ത്രി കഴിഞ്ഞദിവസം തൃശൂർ നഗരത്തിലെ വികസനം അടിവരയിട്ട് പറഞ്ഞു. തൃശൂരിനെ സീറോ വേസ്റ്റ് കോർപറേഷൻ എന്ന നിലയിലേക്ക് ഉയർത്തിയതും ലാലൂരിൽ അന്താരാഷ്ട്ര സ്റ്റേഡിയം തുടങ്ങിയതുമെല്ലാം ചൂണ്ടിക്കാട്ടിയിരുന്നു. അതേസമയം, എം.പിയെന്ന നിലയിൽ തൃശൂരിലെ തന്റെ ഇടപെടലുകളാണ് സുരേഷ് ഗോപി ആവർത്തിച്ചുപറയുന്നത്. മേയറെ പുകഴ്ത്തി ഇടതുമുന്നണിയെ വിമർശിക്കുകയും ചെയ്യുന്നു. യു.ഡി.എഫ് ഭരണകാലത്തെ നേട്ടങ്ങൾ കോൺഗ്രസ് എണ്ണിപ്പറയുന്നു. കോർപറേഷൻ രൂപീകരിച്ചതു മുതൽ എൽ.ഡി.എഫും യു.ഡി.എഫും മാറിമാറി ഭരിക്കുകയായിരുന്നു. കഴിഞ്ഞതവണ ആദ്യമായി എൽ.ഡി.എഫിനായിരുന്നു തുടർഭരണം. ചെറുപ്പക്കാരെ അണിനിരത്തിയ എൽ.ഡി.എഫിന് അവസാന നിമിഷങ്ങളിലും പ്രതീക്ഷകളേറെ. കാര്യമായ തർക്കങ്ങൾ ഇല്ലാതെ ആദ്യമേ സ്ഥാനാർത്ഥി നിർണയം നടത്തിയതിലും ഗ്രൂപ്പ് പ്രശ്‌നങ്ങൾ ഒതുങ്ങിയതിലുമാണ് കോൺഗ്രസിന്റെ പ്രതീക്ഷ. സുരേഷ് ഗോപിയുടെ പ്രഭാവമാണ് എൻ.ഡി.എയ്ക്ക് കരുത്താകുന്നത്.
കോർപറേഷനെ നിർണായകമാക്കുന്ന ചോദ്യങ്ങൾ
10 വർഷത്തെ വികസനപ്രവർത്തനം ഇടതിന് തുണയാകുമോ?
മേയർ ഇടതുമുന്നണിയുടെ പ്രചാരണത്തിന് വരുന്നില്ലെന്ന ആക്ഷേപം ബാധിക്കുമോ?
മൂന്നിടങ്ങളിലെ കോൺഗ്രസ് വിമതർ യു.ഡി.എഫിന് തിരിച്ചടിയാകുമോ?
സുരേഷ് ഗോപിയുടെ പ്രചാരണം വീണ്ടും എൻ.ഡി.എയെ തുണയ്ക്കുമോ?
പുതുമുഖങ്ങളെ ഇറക്കിയുള്ള മൂന്ന് മുന്നണികളുടെയും പരീക്ഷണം വിജയിക്കുമോ?
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |