
പാലക്കാട്: ക്രിസ്മസിനും പുതുവർഷത്തിലും നാട്ടിലെത്തി കുടുംബാംഗങ്ങളോട് ഒത്തുചേരാനുള്ള മറുനാടൻ മലയാളികളുടെ ആഗ്രഹത്തെ മുതലാക്കുകയാണു ബസ്, വിമാന കമ്പനികളും റെയിൽവേയും. ജില്ലയിൽ നിന്ന് നിരവധിയാളുകളാണ് ബാംഗ്ലൂർ, ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പഠിക്കാനും ജോലിക്കുമായി പോയിരിക്കുന്നത്. മറുനാട്ടിൽ നിന്നു ജില്ലയിലേക്കുള്ള പ്രധാന യാത്രാമാർഗം ട്രെയിനും അന്തർ സംസ്ഥാന ബസുകളുമാണ്.
ഉത്സവ സീസണിൽ സ്വകാര്യ ബസ് നിരക്കിലെ വർദ്ധന 60 - 90 ശതമാനം ആണ്. ചെന്നൈ, ബെംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ നിന്നു കേരളത്തിലേക്കുള്ള ട്രെയിനുകളിലും അവധിക്ക് ശേഷമുള്ള മടക്ക ട്രെയിനുകളിലും ടിക്കറ്റുകൾ മാസങ്ങൾക്ക് മുമ്പേ തീർന്നു. ഇതും ബസ് നിരക്കിലെ കൊള്ളയ്ക്ക് വഴിയൊരുക്കി. ബംഗളൂരുവിൽ നിന്ന് പാലക്കാട്ടേക്ക് എ.സി സ്ലീപ്പറിനു 4000 മുതൽ 6000 രൂപ വരെ ഈടാക്കുന്നുണ്ട്. യാത്രാ ചെലവിലുണ്ടായ വർദ്ധന താങ്ങാനാവുന്നില്ലെന്ന് യാത്രക്കാർ പറയുന്നു.
ട്രെയിൻ ടിക്കറ്റുകൾ കിട്ടാനില്ല
ക്രിസ്മസും പുതുവർഷവും അടുത്തതോടെ പ്രധാന നഗരങ്ങളിൽ നിന്ന് കേരളത്തിലേക്ക് ട്രെയിൻ ടിക്കറ്റ് കിട്ടാനില്ല. ബാംഗ്ലൂർ, ചെന്നൈ എന്നിവിടങ്ങളിൽ നിന്നാണ് ടിക്കറ്റ് കിട്ടാക്കനിയാവുന്നത്. ഡിസംബർ തുടക്കത്തിൽ തന്നെ ബാംഗ്ലൂർ - എറണാകുളം വന്ദേഭാരത് എക്‌സ്പ്രസിലെ ക്രിസ്‌മസ് ദിന ബുക്കിംഗ് പൂർത്തിയായി. വെയ്‌റ്റിംഗ് ലിസ്‌റ്റ് പരിധി പിന്നിട്ടതോടെ 20, 25 തീയതികളിൽ ടിക്കറ്റെടുക്കാനാകില്ല. 20 മുതൽ 30 വരെ ചെയർകാറിലെ വെയ്‌റ്റിംഗ് ലിസ്റ്റ് 250 കടന്നു.
എറണാകുളത്തു നിന്നുള്ള മടക്ക സർവിസിൽ 28, ജനുവരി നാല് ദിവസങ്ങളിലെ ബുക്കിങ്ങും നിറുത്തി. ബാംഗ്ലൂർ വന്ദേഭാരതിലെ കോച്ചുകൾ എട്ടിൽ നിന്ന് 16 ആക്കണമെന്ന ആവശ്യം ശക്തമാണ്. എറണാകുളം - ബാംഗ്ലൂർ ഇന്റർസിറ്റിയിലും ടിക്കറ്റ് തീർന്നു. സാധാരണ സർവിസ് നടത്തുന്ന ട്രെയിനുകളിലും റിസർവേഷൻ കോച്ചുകളിൽ സീറ്റ് ലഭിക്കാത്ത സാഹചര്യമാണ്. ക്രിസ്മസ്, പുതുവർഷ തിരക്ക് പരിഗണിച്ച് റെയിൽവേ ബാംഗ്ലൂർ, ചെന്നൈ എന്നിവടങ്ങളിൽ നിന്ന് സ്പെഷ്യൽ ട്രെയിനുകൾ അനുവദിച്ചിട്ടില്ല. ശബരിമല സീസണിൽ അനുവദിച്ച ശബരി സ്പെഷ്യൽ മാത്രമാണുള്ളത്. നിലവിലുള്ള നിരക്കിന്‍റെ 1.3 മടങ്ങാണ് സ്പെഷ്യൽ ട്രെയിനുകളിൽ ഈടാക്കുന്നത്. ഇത്തരം ട്രെയിനുകളിലാകട്ടെ, സ്റ്റോപ്പുകൾ കുറവുമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |