വിതുര;തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക് മേഖലയിൽ വൈദ്യുതിമുടക്കം പതിവാകുന്നു. തോട്ടുമുക്ക് വാർഡിലെ കന്നുകാലിവനം,മണലയം,പൊൻപാറ പ്രദേശങ്ങളിലാണ് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നത്. കഴിഞ്ഞ ദിവസം നിരവധി തവണ വൈദ്യുതിവിതരണം നിലച്ചു. അപ്രഖ്യാപിത പവർകട്ടെന്നാണ് ആക്ഷേപം. കുടിവെള്ളവിതരണവും തടസപ്പെട്ടു. മാത്രമല്ല മുന്നറിയിപ്പില്ലാതെയുളള മുടക്കത്തിൽ, വൈദ്യുതിയെ ആശ്രയിച്ച കച്ചവടക്കാരും പ്രതിസന്ധിയിലാണ്.
കൂടാതെ മിക്ക മേഖലകളിലും വോൾട്ടേജ് ക്ഷാമവും നേരിടുന്നുണ്ട്. അതിനാൽ കംപ്യൂട്ടർ, ലാപ്പ്ടോപ്പ് ഉൾപ്പടെയുള്ള ഉപകരണങ്ങൾ കേടായതായി പ്രദേശവാസികൾ പരാതിപ്പെടുന്നു. തൊളിക്കോട്,വിതുര ഇലക്ട്രിസിറ്റി ഓഫീസുകളിൽ പരാതിക്കാരുടെ പ്രളയമാണ്. തോട്ടുമുക്കിന് പുറമേ വിതുര പഞ്ചായത്തിലെ കല്ലാർ,ബോണക്കാട്,പേപ്പാറ,ആനപ്പാറ,കല്ലൻകുടി,ചെമ്പിക്കുന്ന്,തലത്തൂതക്കാവ് മേഖലകളിലും വിനോദസഞ്ചാരകേന്ദ്രമായ പൊൻമുടിയിലും വൈദ്യുതിവിതരണം തടസപ്പെടുന്നു. കാറ്റത്തും മഴയത്തും മരങ്ങൾ ലൈനിൽ വീഴുന്നതാണ് വൈദ്യുതി വിതരണം തടസ്സപ്പെടാൻ കാരണമെന്നാണ് വൈദ്യുതിവകുപ്പിന്റെ വിശദീകരണം.
തൊളിക്കോട് പഞ്ചായത്തിലെ തോട്ടുമുക്ക്, കന്നുകാലിവനം, മണലയം ആനപ്പെട്ടി മേഖലകളിലനുഭവപ്പെടുന്ന വൈദ്യുതിപ്രതിസന്ധിക്ക് പരിഹാരം കാണണം. അടിയന്തരനടപടികൾ സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമര പരിപാടികൾ സംഘടിപ്പിക്കും.
തോട്ടുമുക്ക് റസിഡൻസ് അസോസിയേഷൻ ഭാരവാഹികൾ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |