
മലപ്പുറം: അപേക്ഷകളോടൊപ്പം ഐഡന്റിറ്റി കാർഡ് നിർബന്ധമാക്കാനുള്ള കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം ഇപ്പോഴും കടലാസിൽ തുടരുന്നത് വ്യാജ സർട്ടിഫിക്കറ്റുകൾ വ്യാപകമാകാൻ വഴിയൊരുക്കും. 2025 ഒക്ടോബർ 8ന് ചേർന്ന സർവകലാശാല സിൻഡിക്കേറ്റ് യോഗത്തിൽ, വെരിഫിക്കേഷനായി എത്തുന്ന സർട്ടിഫിക്കറ്റുകളോടൊപ്പം അപേക്ഷകന്റെ സമ്പൂർണ്ണ ഐഡന്റിറ്റി വിവരങ്ങളും പാസ്‌പോർട്ട് / ആധാർ / വോട്ടർ ഐഡി എന്നിവയിൽ ഒന്നിന്റെ പകർപ്പും നിർബന്ധമാക്കണമെന്ന സുപ്രധാന തീരുമാനം എടുത്തിരുന്നു. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും ഈ തീരുമാനം ഇതുവരെ പ്രാവർത്തികമായിട്ടില്ല. അപേക്ഷയോടൊപ്പം വിലാസവും ഐഡന്റിറ്റി രേഖകളും ഉൾപ്പെടുത്തിയാൽ, വ്യാജ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വ്യക്തമായ തെളിവുകൾ ലഭ്യമാകുമായിരുന്നു. നിലവിലെ സംവിധാനത്തിൽ അതിന് യാതൊരു സാദ്ധ്യതയും ഇല്ലാത്ത അവസ്ഥയാണ് നിലനിൽക്കുന്നത്.
സർട്ടിഫിക്കറ്റ് വെരിഫിക്കേഷന് വേണ്ടി സർവകലാശാലയ്ക്ക് സ്വന്തമായി സോഫ്റ്റ്‌വെയർ വികസിപ്പിക്കണമെന്ന തീരുമാനം വർഷങ്ങൾക്ക് മുമ്പേ എടുത്തതാണെങ്കിലും അത് ഇതുവരെയും നടപ്പിലായിട്ടില്ല. സിൻഡിക്കേറ്റിന്റെ നിർദേശപ്രകാരം സർവകലാശാല കമ്പ്യൂട്ടർ സെന്റർ ഈ സോഫ്റ്റ്‌വെയർ വികസനത്തിന് നടപടികൾ ആരംഭിച്ചിരുന്നുവെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാൽ അഞ്ചുവർഷത്തിലധികം കഴിഞ്ഞിട്ടും സോഫ്റ്റ്‌വെയർ പ്രവർത്തന സജ്ജമാക്കാൻ സാധിച്ചിട്ടില്ല.
ആശ്രയം സ്വകാര്യ ഏജൻസികൾ
നിലവിൽ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ മുഴുവൻ സ്വകാര്യ ഏജൻസികളുടെ സോഫ്റ്റുവെയറുകൾ മുഖേനയാണ് നടത്തപ്പെടുന്നത്. 2012ൽ ഒപ്പുവെച്ച ധാരണാപത്രം അടിസ്ഥാനമാക്കിയുള്ള സംവിധാനമാണ് ഇപ്പോഴും തുടരുന്നത്. എന്നാൽ ഈ ഏജൻസികൾ അപേക്ഷകന്റെ പൂർണ്ണ വിവരങ്ങൾ സർവകലാശാലയിൽ നിന്നും മറച്ചുവയ്ക്കുകയാണെന്നും ഇത് വെരിഫിക്കേഷൻ പ്രക്രിയയെ തന്നെ അപൂർണ്ണമാക്കുന്ന സാഹചര്യമാണെന്ന ആരോപണവും ശക്തമാണ്.
ഓൺലൈൻ വെരിഫിക്കേഷൻ പോർട്ടൽ വഴി ദിവസേന നിരവധി അപേക്ഷകൾ ലഭിക്കുന്നുണ്ടെങ്കിലും, അവയിൽ 90 ശതമാനത്തിലധികം സർട്ടിഫിക്കറ്റുകളും സർവകലാശാലയിലേക്ക് ഔദ്യോഗിക പരിശോധനയ്ക്കു തന്നെ എത്തുന്നില്ല. ഇതാണ് വ്യാജ സർട്ടിഫിക്കറ്റ് മാഫിയയ്ക്ക് ഏറ്റവും വലിയ സഹായം നൽകുന്നതെന്ന് വിദ്യാഭ്യാസ രംഗത്തെ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
ഗുരുതര പ്രത്യാഘാതങ്ങൾ
ഐഡന്റിറ്റി പരിശോധനയില്ലാത്ത വെരിഫിക്കേഷൻ സംവിധാനം, സ്വകാര്യ ഏജൻസികളുടെമേലുള്ള അമിത ആശ്രയം, സ്വന്തം സോഫ്റ്റ്‌വെയർ വികസനത്തിലെ അലംഭാവം എന്നീ മൂന്നു പ്രധാന വീഴ്ചകളാണ് വ്യാജ സർട്ടിഫിക്കറ്റ് വ്യാപനത്തിന് സർവകലാശാല തന്നെ വഴിതെളിക്കുന്ന സാഹചര്യം സൃഷ്ടിച്ചിരിക്കുന്നത്. ഇക്കാര്യത്തിൽ സർക്കാരിന്റെയും സർവകലാശാല ഭരണസമിതിയുടെയും അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്ന ആവശ്യം ശക്തമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |