കൊച്ചി: സസ്‌പെൻസ് ത്രില്ലർ പോലെയായിരുന്നു നടിയെ ആക്രമിച്ച കേസും അന്വേഷണവും കണ്ടെത്തലുകളും. സംഭവം കേരളത്തെ പിടിച്ചുലച്ചപ്പോൾ തന്നെ ജനപ്രിയ നായകനിലേക്ക് ഗൂഢാലോചനയുടെ ചൂണ്ടുവിരൽ നീണ്ടു. പക്ഷേ, തെളിവുകളൊന്നും അന്വേഷണ സംഘത്തിന് ലഭിച്ചില്ല, മുഖ്യപ്രതി പൾസർ സുനിയടക്കം അകത്താക്കിയിട്ടുപോലും. എന്നാൽ ജയിലിൽ നിന്ന് പുറത്തുവന്ന പൾസറിന്റെ കത്ത് ദിലീപിന് കെണിയായി. ജയിലിൽ കിടക്കേണ്ടതായും വന്നു.
ക്വട്ടേഷൻ നൽകിയത് ദിലീപാണെന്ന സൂചനകളടങ്ങിയ കത്ത് സുനി സഹതടവുകാരനെക്കൊണ്ട് എഴുതിച്ചതായിരുന്നു. വക്കീലിനെ ഏർപ്പാടാക്കാൻ ആവശ്യപ്പെടുന്ന കത്തിൽ നാദിർഷയെ വിളിച്ചെന്നും മൂന്ന് ദിവസത്തിനകം പണം കിട്ടണമെന്നുമായിരുന്നു ഭീഷണി. പിന്നാലെ ദിലീപിന് ജയിലിൽ നിന്ന് ഒന്നര കോടി ആവശ്യപ്പെട്ട് പൾസറിന്റെ സഹതടവുകാരൻ വിഷ്ണുവിന്റെ വിളിയുമെത്തി. അന്വേഷണം ദിലീപിലേക്ക് അടുത്തു. പരാതിയുമായി സംസ്ഥാന പൊലീസ് മേധാവിയെ ദിലീപ് നേരിൽ കണ്ടു. പക്ഷേ ഈ പരാതി പൊലീസ് പിടിവള്ളിയാക്കി. 'ജോർജേട്ടൻസ് പൂരം" സിനിമയുടെ തൃശൂരിലെ ലൊക്കേഷനിൽ പൾസർ എത്തിയ ചിത്രം പുറത്തുവന്നു. പണം ആവശ്യപ്പെട്ട് ദിലീപിന്റെ സഹായി അപ്പുണ്ണിയെയും കോടതിയിലേക്കുള്ള യാത്രയ്‌ക്കിടെ പൊലീസുകാരന്റെ ഫോണിൽ നിന്ന് സഹതടവുകാരനായിരുന്ന കുന്നംകുളത്തെ സനലിനെയും സുനി വിളിച്ചിരുന്നു. രണ്ടുവിളികളും കുരുക്ക് മുറുക്കി. ഗൂഢാലോചനയിലെ മുഖ്യസൂത്രധാരൻ ദിലീപാണെന്നും ക്വട്ടേഷൻ പ്രകാരമാണ് താൻ നടിയെ തട്ടിക്കൊണ്ടുപോയതെന്നുമുള്ള സുനിയുടെ മൊഴിയിൽ ദിലീപ് ആടിയുലഞ്ഞു. ഒടുവിൽ സ്വന്തം നാട്ടിലെ സബ് ജയിലിലേക്ക്. 84 ദിവസത്തിന് ശേഷമാണ് ജാമ്യം കിട്ടുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |