
കാസർകോട്: കേരളത്തിന്റെ ഏറ്റവും വടക്കുള്ള ജില്ലാപഞ്ചായത്ത് ഡിവിഷനായ മഞ്ചേശ്വരം ഡിവിഷനിൽ കരുത്തുറ്റ പോരാട്ടമാണ് ഇക്കുറി നടക്കുന്നത്. ഡിവിഷൻ നിലനിർത്താൻ മുസ്ലിം ലീഗും പിടിച്ചെടുക്കാൻ ബി.ജെ.പിയും അതിശക്തമായി പോരടിക്കുമ്പോൾ ഇരുകൂട്ടരെയും ഞെട്ടിക്കാനാകുമെന്ന കണക്കുകൂട്ടലിലാണ് എൻ.സി.പി.എസ്. മേഖലയിൽ ശക്തമായ വേരോട്ടമുള്ള എസ്.ഡി.പി.ഐ കൂടിയാകുമ്പോൾ മത്സരത്തിന് തീവ്രതയേറിയിട്ടുണ്ട്. നയാ ബസാർ, ഉപ്പള, കടമ്പാർ, ബഡാജെ, മഞ്ചേശ്വരം എന്നീ ബ്ളോക്ക്പഞ്ചായത്ത് ഡിവിഷനുകളാണ് മഞ്ചേശ്വരം ജില്ല പഞ്ചായത്ത് ഡിവിഷനിലുള്ളത്. മഞ്ചേശ്വരം ഗ്രാമപഞ്ചായത്തിലെ 15, മംഗൽപ്പാടിയിലെ 16,ളും മീഞ്ചയിലെ 15 വാർഡുകളാണ് ഡിവിഷനിൽ ഉൾപ്പെടുന്നത്.
കൂടുതലും പ്രാദേശിക പ്രശ്നങ്ങളാണ് പ്രചാരണത്തിൽ ഉന്നയിക്കപ്പെടുന്നത്.ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ യു.ഡി.എഫിന് അല്പം മുൻതൂക്കമുണ്ട്. ലീഗിന്റെ ഉറച്ച ഡിവിഷനുകളിൽ ഒന്നാണിത്. രണ്ടായിരം വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ലീഗ് സ്ഥാനാർത്ഥി കഴിഞ്ഞ തവണ ജയിച്ചത്. എസ്.ഡി.പി.ഐ സാന്നിദ്ധ്യം മുസ്ലിം ലീഗിന്റെ വോട്ട് ശതമാനത്തിൽ ഇടിവുണ്ടാക്കാനുള്ള സാദ്ധ്യതയും തെളിയുന്നുണ്ട്.
ഇവർ അങ്കത്തട്ടിൽ
കഴിഞ്ഞ തവണ മുസ്ലിംലീഗിലെ ഗോൾഡൻ അബ്ദുൽ റഹ്മാൻ വിജയിച്ച ഡിവിഷനിൽ ഇർഫാന ഇഖ്ബാലാണ് യു.ഡി.എഫ് സ്ഥാനാർത്ഥി. മംഗൽപാടി ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷയെന്ന നിലയിലുള്ള പ്രവർത്തനാനുഭവം ഇർഫാനക്കുണ്ട്. സാമൂഹിക, സന്നദ്ധ, ജീവകാരുണ്യമേഖലയിൽ സജീവമാണ് ഇവർ. ശക്തമായ വെല്ലുവിളി സൃഷ്ടിക്കുന്ന ബി.ജെ.പി ജില്ല കമ്മിറ്റി അംഗം ജയന്തി ടി.ഷെട്ടിയാണ് രംഗത്തിറക്കിയിരിക്കുന്നത്. രണ്ടു തവണ മംഗൽപാടി പഞ്ചായത്ത് ഭരണസമിതിയംഗമായിരുന്നു ഇവർ.
എൽ.ഡി.എഫ് എൻ.സി.പി.എസിന് നൽകിയ ഡിവിഷനിൽ എൻ.എം.സിയുടെ ജില്ലാ പ്രസിഡന്റ് ഖദീജ മൊഗ്രാലാണ് സ്ഥാനാർത്ഥി.കന്നി മത്സരമാണെങ്കിലും സാമൂഹിക, ജീവകാരുണ്യ മേഖലകളിലും എൻഡോസൾഫാൻ സമരമുഖത്തുമുള്ള പരിചയം ഖദീജയെ തുണയ്ക്കുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |