തൃശൂർ: നാടിളക്കിയുള്ള പരസ്യപ്രചാരണത്തിന് ഇന്ന് കൊട്ടിക്കലാശം. വോട്ടുറപ്പിക്കാൻ അവസാനവട്ട ഓട്ടപ്പാച്ചിൽ മുന്നണികളും സ്ഥാനാർത്ഥികളും. ഇന്ന് വൈകിട്ട് ആറ് വരെയാണ് ശബ്ദപ്രചാരണം. നാളെ നിശബ്ദ പ്രചാരണം കൂടി കഴിഞ്ഞാൽ വ്യാഴാഴ്ച്ച തൃശൂരിലെ വോട്ടർമാർ പോളിംഗ് ബൂത്തിലേക്ക് നീങ്ങും. ജില്ലയിൽ 86 ഗ്രാമപഞ്ചായത്ത്, 16 ബ്ലോക്ക് പഞ്ചായത്ത്,ഏഴ് നഗരസഭകൾ, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവയിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. എല്ലായിടത്തും ശക്തമായ മത്സരമാണ്. തിരഞ്ഞെടുപ്പിന് മുമ്പുള്ള അവസാന ഞായറാഴ്ച്ചയിൽ എല്ലാ വാർഡുകളിലും വലിയ രീതിയിലുള്ള സ്‌ക്വാഡുകളാണ് രംഗത്തിറങ്ങിയത്.
പഞ്ചായത്ത് റാലികളും പൊതുസമ്മേളനങ്ങളും ഇന്നത്തോടെ അവസാനിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ, കെ.പി.സി.സി.പ്രസിഡന്റ് സണ്ണി ജോസഫ് എം.എൽ.എ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, രമേശ് ചെന്നിത്തല, എ.ഐ.സി.സി അഖിലേന്ത്യ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ,കേന്ദ്രമന്ത്രി സുരേഷ് ഗോപി, ബി.ഡി.ജെ.എസ് സംസ്ഥാന പ്രസിഡന്റ് തുഷാർ വെള്ളാപ്പിള്ളി, പി.കെ.കൃഷ്ണദാസ് തുടങ്ങി പ്രമുഖരുടെ നീണ്ട നിരയാണ് ജില്ലയിൽ പ്രചാരണത്തിന് എത്തിയത്.
തലങ്ങും വിലങ്ങും പാഞ്ഞ് മൈക്ക് പ്രചാരണം
ശബ്ദ പ്രചാരണം ഇന്ന് അവസാനിക്കാനിരിക്കെ മൈക്ക് പ്രചാരണം ഉച്ചസ്ഥായിൽ. ഓരോ സ്ഥാനാർത്ഥികൾക്കും ഒന്നും രണ്ടും വാഹനങ്ങളിലാണ് മൈക്ക് പ്രചാരണം. വാർഡ് തലങ്ങളിൽ കൂടുതലും ഓട്ടോറിക്ഷകളാണ് പ്രചാരണത്തിന്. എല്ലാ ഇടവഴികളിലൂടെയും സഞ്ചരിക്കാൻ ഓട്ടോറിക്ഷകളിലൂടെ സാധിക്കുമെന്ന് പാർട്ടി നേതാക്കൾ പറയുന്നു. ഇന്ന് കൊട്ടിക്കലാശം ഭൂരിഭാഗവും പ്രാദേശികതലത്തിലാണ്. വാദ്യമേളങ്ങളോടെ ഇന്ന് ഉച്ചമുതൽ തന്നെ പ്രവർത്തകർ തെരുവിലിറങ്ങും.
ഇനി അടിയൊഴുക്കുകളുടെ ദിനം
പ്രചാരണത്തിന്റെ അവസാന ദിവസമായ നാളെ നിശബ്ദ പ്രചാരണത്തിലൂടെ അടിയൊഴുക്കുകൾ തങ്ങൾക്ക് അനുകൂലമാക്കാൻ മുന്നണികൾ രംഗത്തിറങ്ങും. പഞ്ചായത്ത് തലങ്ങളിലും വാർഡ് തലങ്ങളിലും കൊട്ടിക്കലാശങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.
കൊട്ടിക്കലാശം സ്വരാജ് റൗണ്ടിൽ
തൃശൂർ: കൊട്ടിക്കലാശം തൃശൂർ റൗണ്ടിൽ നടക്കും. നാലുമണിയോടെയാണ് റൗണ്ടിലേക്ക് മൂന്നു പാർട്ടികളുടെയും പ്രകടനങ്ങൾ എത്തിത്തുടങ്ങുന്നത്. കോർപ്പറേഷൻ ഭാഗത്ത് എൽ.ഡി.എഫും ജോസ് തിയേറ്റർ ഭാഗത്ത് യു.ഡി.എഫും രാഗം തിയേറ്റർ ഭാഗത്ത് എൻ.ഡി.എയും അണിനിരക്കും. നറുക്കെടുപ്പിലൂടെയാണ് പൊലീസ് പാർട്ടികൾക്കുള്ള സ്ഥലം നിശ്ചയിച്ചത്. ആറുമണിയോടെ കൊട്ടിക്കലാശം അവസാനിക്കും. ഇതിന്റെ ഭാഗമായി ഇന്ന് വൈകിട്ട് നാലു മുതൽ ഗതാഗതം നിയന്ത്രിക്കും. സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി തൃശൂർ സിറ്റി, റൂറൽ പൊലീസ് ജില്ലയിൽ റൂട്ട് മാർച്ച് നടത്തി. അസിസ്റ്റന്റ് പൊലീസ് കമ്മീഷണർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും നേതൃത്വം കൊടുത്ത റൂട്ട് മാർച്ചിൽ സായുധ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |