
ശബരിമല : പശ്ചിമഘട്ടത്തിന്റെ തണുപ്പും ചോലവനങ്ങളുടെ ഹരിതഭംഗിയും നുകർന്ന് അയ്യപ്പ സന്നിധിയിലേക്ക് എത്തുന്ന തീർത്ഥാടകരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ പരമ്പരാഗത കാനന പാതകളിൽ കർശന നിയന്ത്രണം ഏർപ്പെടുത്തി. രാവിലെ 7 മുതൽ ഉച്ചയ്ക്ക് 12 വരെ മാത്രമേ ഭക്തരെ സത്രത്തിൽ നിന്ന് കടത്തിവിടു. കഴിഞ്ഞ ദിവസം വരെ ഒരു മണിവരെ പ്രവേശനം അനുവദിച്ചിരുന്നു. കഴിഞ്ഞ വർഷം ഉച്ചയ്ക്ക് രണ്ട് വരെ പ്രവേശനം ഉണ്ടായിരുന്നു. വൈകിട്ട് ആറ് മണിക്ക് മുമ്പ് ഭക്തർ സന്നിധാനത്ത് എത്തണം. ഇരുട്ട് വീണു കഴിഞ്ഞാൽ അയ്യപ്പഭക്തരെ സന്നിധാനത്തെത്തിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ കൂടെയുണ്ടാകും. സത്രത്തിലെ ചെക്ക് പോയിന്റിൽ നിന്ന് കടത്തിവിട്ട ഭക്തരുടെ എണ്ണവും ടോക്കൻ നമ്പരുകളും ഒത്തുനോക്കി, പാതയിൽ ആരും ഇല്ലെന്ന് ഉറപ്പാക്കിയ ശേഷമാണ് ഉദ്യോഗസ്ഥർ ഡ്യൂട്ടി അവസാനിപ്പിക്കുന്നത്.
എരുമേലി, കരിമല, വണ്ടിപ്പെരിയാർ പുൽമേട് വഴികളിലൂടെയാണ് തീർത്ഥാടകർ എത്തുന്നത്. എരുമേലി വഴി വരുന്ന തീർത്ഥാടകർ പേരൂർ തോട്, ഇരുമ്പൂന്നിക്കര, അരശുമുടികോട്ട, കാളകെട്ടി, അഴുത, കല്ലിടാംകുന്ന്, ഇഞ്ചിപ്പാറക്കോട്ട, മുക്കുഴി, കരിയിലാംതോട്, കരിമല വലിയാനവട്ടം, ചെറിയാനവട്ടം തുടങ്ങിയ പുണ്യസങ്കേതങ്ങൾ കടന്നാണ് പമ്പയിലൂടെ സന്നിധാനത്ത് എത്തുന്നത്. കോട്ടയം - കുമളി ദേശീയപാത വഴി വണ്ടിപ്പെരിയാറിലെത്തുന്ന തീർത്ഥാടകർ വള്ളക്കടവ്, വണ്ടിപെരിയാർ, സത്രം, ഉപ്പുപാറ, പുല്ലുമേട് വഴി സന്നിധാനത്ത് എത്തും. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകർ പുല്ലുമേട് വഴിയും മലബാർ മേഖലയിലുള്ളവർ എരുമേലി, കരിമല വഴിയുമാണ് കൂടുതലായും സന്നിധാനത്ത് എത്തുന്നത്.
വനം വകുപ്പിന്റെ നിർദ്ദേശങ്ങൾ
വൈകിട്ട് ആറിന് ശേഷം കാനന പാതയിലൂടെ സഞ്ചരിക്കരുത്.
വിരിവയ്ക്കുന്നതിനും ഭക്ഷണത്തിനും ഇടത്താവളങ്ങൾ ഉപയോഗിക്കണം.
കടും നിറമുള്ള വസ്ത്രങ്ങൾ ധരിക്കരുത്.
വാദ്യമേളങ്ങളും ശബ്ദഘോഷങ്ങളും ഒഴിവാക്കണം.
വന്യമൃഗങ്ങളുടെ ചിത്രങ്ങൾ എടുക്കരുത്.
സംഘം ചേർന്ന് യാത്ര ചെയ്യണം.
വഴിമാറി സഞ്ചരിക്കരുത്.
അവശ്യ മരുന്നുകൾ കരുതണം.
പരമ്പരാഗത കാനനപാതകൾ
എരുമേലി - പമ്പ : ദൂരം : 48 കിലോമീറ്റർ.
പുല്ലുമേട് പാത : ദൂരം : 12 കിലോമീറ്റർ.
പ്രധാന ഇടത്താവളങ്ങൾ :
സീതക്കുളം, സീറോ പോയിന്റ്, പുല്ലുമേട്, ഉരക്കുഴി.
കർശന നിരീക്ഷണം
ആന, കടുവ, കാട്ടുപോത്ത് തുടങ്ങി നിരവധി വന്യജീവികളുടെ ആവാസമേഖലയാണ് സനിധാനത്തേക്കുള്ള ഈ പരമ്പരാഗത തീർത്ഥാടനപാതകൾ. വന്യമൃഗങ്ങളുടെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞ് ഭക്തർക്ക് സുരക്ഷയൊരുക്കാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പാതയിലുടനീളം കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തിര വൈദ്യസഹായത്തിനായി ഓഫ് റോഡ് ആംബുലൻസ് സേവനവും സജ്ജമാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |