
പത്തനംതിട്ട : വോട്ടർമാർ ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുമ്പോൾ സ്ഥാനാർത്ഥികൾക്കും നേതാക്കൾക്കും പിരിമുറുക്കം. തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ടർമാർ എങ്ങോട്ടു വേണമെങ്കിലും ചായാം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മത്സര രംഗത്തുള്ളപ്പോൾ മനസിലെ രാഷ്ട്രീയം മാറ്റിവച്ച് വോട്ടു ചെയ്യുന്നവരേറെ. ഒാരോ വോട്ടും സ്ഥാനാർത്ഥികൾക്ക് നിർണായകമാണ്. ഒരു വോട്ടിന് ജയവും തോൽവിയും അനുഭവിച്ചവരും തുല്യനിലയിലായപ്പോൾ നുറുക്കിട്ട് കയറിയ ഭാഗ്യവാൻമാരും ത്രിതല തിരഞ്ഞെടുപ്പിലെ കൗതുകങ്ങളാണ്. മൊത്തത്തിൽ കണക്കെടുക്കുമ്പോൾ നഷ്ടം വരാതിരിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ പരിശ്രമം.
ഇന്നലെ നിശബ്ദ പ്രചരണത്തിൽ വോട്ടർമാരെ സ്വാധീനിക്കാൻ കഴിയുന്ന വ്യക്തികളെയും നേതാക്കളെയും നേരിൽ കണ്ട് വോട്ട് അഭ്യർത്ഥിക്കുന്ന തിരക്കിലായിരുന്നു സ്ഥാനാർത്ഥികൾ.
ഗ്രാമ തലം മുതൽ ജില്ലാ പഞ്ചായത്ത് വരെയും നഗരസഭകളിലും വാശിയേറിയ പ്രചാരണങ്ങൾ കണ്ട് വോട്ടർമാർ ഇന്ന് ബൂത്തിലേക്ക് പോകുമ്പോൾ വിധി തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.
ശബരിമല സ്വർണക്കൊള്ള, രാഹുൽ കേസ്, വന്യമൃഗ ശല്യം, കാർഷികരംഗത്തെ വിലത്തകർച്ച, റോഡ്, കുടിവെള്ളം എന്നിവയെല്ലാം തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയങ്ങളായി.
മുന്നേറ്റം തുടരും: രാജു ഏബ്രഹാം
ജില്ലയിൽ എൽ.ഡി.എഫിന്റെ മുന്നേറ്റം തുടരുമെന്ന് സി.പി.എം ജില്ലാ സെക്രട്ടറി രാജു ഏബ്രഹാം പറഞ്ഞു. വികസന രംഗത്ത് വിപ്ളവം സൃഷ്ടിച്ച എൽ.ഡി.എഫ് സർക്കാരിനെ ജനങ്ങൾ മറക്കില്ല. സമാധാനത്തോടെ ജീവിക്കാൻ നാട്ടിൽ അവസരമുണ്ടാക്കിയത് എൽ.ഡി.എഫ് സർക്കാരാണ്. ജില്ലാ പഞ്ചായത്തിലെ ഭരണം തുടരും. നാല് നഗരസഭകളും ഭരിക്കും. ഗ്രാമ പഞ്ചായത്തുകളിലും ബ്ളോക്കുകളിലും നില വീണ്ടും മെച്ചപ്പെടത്തുമെന്നും അദ്ദേഹം പറഞ്ഞു.
ചരിത്ര വിജയം നേടും: പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ
കോൺഗ്രസിലെ അനൈക്യം കാരണം യു.ഡി.എഫ് തോൽക്കുമെന്ന സ്ഥിതി ഇനി ജില്ലയിൽ ഉണ്ടാകില്ലെന്ന് ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ അവകാശപ്പെട്ടു. ഇത്തവണ ജില്ലാ പഞ്ചായത്ത് പിടിച്ചെടുക്കും. മൂന്ന് നഗരസഭകളിൽ ഭരണം പിടിക്കും. ഭൂരിഭാഗം ഗ്രാമ പഞ്ചായത്തുകളും ഭരിക്കും. കേന്ദ്ര , സംസ്ഥാന സർക്കാരുടെ ജനവിരുദ്ധ നയങ്ങൾ വോട്ടെടുപ്പിൽ പ്രതിഫലിക്കും. കൊള്ളയും അഴിമതിയും മുഖമുദ്ര യാക്കിയ സർക്കാരിനെ ജനങ്ങൾ പാഠം പഠിപ്പിക്കുന്ന തിരഞ്ഞെടുപ്പാകും ഇത്.
ജനങ്ങൾ മാറി ചിന്തിക്കും: വി.എ.സൂരജ്
ഇടതു വലതു മുന്നണികളെ പരീക്ഷിച്ച് നിരാശരായ ജനങ്ങൾ എൻ.ഡി.എയ്ക്കായി മാറി ചിന്തിക്കുന്ന നിർണായക തിരഞ്ഞെടുപ്പാണ് ഇതെന്ന് ബി.ജെ.പി ജില്ലാ പ്രസിഡന്റ് വി.എ.സൂരജ് പറഞ്ഞു. വികസനത്തിന്റെ ഉത്തമ മാതൃകയായി ജനങ്ങൾ കാണുന്നത് മോദി സർക്കാരിനെയാണ്. സ്വർണക്കൊള്ളയും അഴിമതിയുമാണ് എൽ.ഡി.എഫ് സർക്കാരിന്റെ നേട്ടം. പീഡനക്കേസുകളിലാണ് യു.ഡി.എഫിന് താൽപ്പര്യം. ജനങ്ങളെ മറന്ന രണ്ടു മുന്നണികളെയും വോട്ടർമാർ തിരസ്കരിക്കും. ജില്ലാ പഞ്ചായത്തിൽ എൻ.ഡി.എ അക്കൗണ്ട് തുറക്കും. പന്തളം നഗരസഭ നിലനിറുത്തും. കൂടുതൽ പഞ്ചായത്തുകൾ ഭരിക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |