കെ.സുരേന്ദ്രൻ, ബി.ജെ.പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ
കോഴിക്കോട്: ബി.ജെ.പി ഇത്തവണ കോഴിക്കോട് കോർപ്പറേഷൻറെ ചുമതലയേൽപ്പിച്ചിരിക്കുന്നത് മുൻ സംസ്ഥാന അദ്ധ്യക്ഷനും കോഴിക്കോട് നഗരത്തിൽ വിദ്യാർത്ഥി സംഘടനാ പ്രവർത്തനത്തിലൂടെ പൊതുപ്രവർത്തനം തുടങ്ങിയ ആളുമായ കെ.സുരേന്ദ്രനെയാണ്. ഇന്നലെ രാവിലെ തളിയിലെ മാരാർജി ഭവനിൽ എൻ.ഡി.എയുടെ കോർപ്പറേഷൻ കുറ്റപത്രം പ്രകാശനത്തോടെയാണ് സുരേന്ദ്രൻറെ പ്രചരണം തുടങ്ങിയത്.
കോർപ്പറേഷൻ ഭരണത്തെ എങ്ങനെ വിലയിരുത്തുന്നു?
വികസനമുരടിപ്പും അഴിമതിയുമാണ് അഞ്ചുവർഷത്തെ കോർപ്പറേഷൻ ഭരണത്തിൻ്റെ മുഖമുദ്ര. മേയറെ നോക്കുകുത്തിയാക്കി ഡെപ്യൂട്ടി മേയറുടെ അഴിമതി ഭരണമാണ് നടന്നത്. സി.പി.എമ്മിന് അഴിമതിയുടെ വലിയ ഗുണം ലഭിച്ചു.
നടപ്പിലാക്കിയ പദ്ധതികൾ അവഗണിക്കാനാകുമോ?
എല്ലാം നരേന്ദ്രമോദി സർക്കാരിൻറെ പദ്ധതികളാണ്. അതിനപ്പുറത്തേക്ക് എന്താണ് കോർപ്പറേഷൻറെ തനത് സംഭാവന? ഇവരുടെ അനാസ്ഥയുടെ ഫലമായി കേന്ദ്ര സഹായം പൂർണമായും ഉപകാരപ്രദമാക്കാൻ സാധിച്ചില്ല. പാവപ്പെട്ടവരുടെ കഴുത്തിന് പിടിക്കുന്ന ഭരണ സമിതി വൻകിടക്കാരെ സഹായിക്കുകയാണ് ചെയ്തത്. ഇതിന് യു.ഡി.എഫ് മൗനപിന്തുണ നൽകി.
നഗര റോഡുകളുടെ വികസനവും മറ്റും ഇടതുപക്ഷം തിരഞ്ഞെടുപ്പ് പ്രചാരണമാക്കുമ്പോൾ ബി.ജെ.പി എങ്ങനെ പ്രതിരോധിക്കും?
ദേശീയപാത കേന്ദ്രസർക്കാരിൻറെ നേട്ടമാണ്. യു.പി.എ സർക്കാരിൽ എട്ട് മന്ത്രിമാരുണ്ടായിട്ടും സാധിക്കാത്ത നേട്ടമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്. സ്ഥലമേറ്റെടുക്കാൻ പണം നൽകുമെന്ന് പ്രഖ്യാപിച്ച സംസ്ഥാനം ഒടുവിൽ അത് നൽകാതെ പിന്മാറുകയായിരുന്നു. കോഴിക്കോട്ടെ ഗതാഗത തടസത്തിന് അറുതിവരുത്തുന്ന ഏത് നഗരപാതയാണ് കോർപ്പറേഷനും സംസ്ഥാന സർക്കാരും നിർമ്മിച്ചത്. മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡൊക്കെ എത്ര കാലം മുമ്പ് തീർക്കേണ്ടതായിരുന്നു.
കോർപ്പറേഷനിലെ എൻ.ഡി.എയുടെ സാധ്യതകളെന്ത്?
ഇത്തവണ വോട്ട് വർദ്ധിപ്പിക്കാനല്ല, ഭരണം പിടിക്കാൻ വേണ്ടിയാണ് ഞങ്ങൾ മത്സരിക്കുന്നത്. കഴിഞ്ഞ തവണ ഏഴു സീറ്റിൽ ജയിച്ചപ്പോൾ 22 ഇടത്ത് രണ്ടാം സ്ഥാനത്ത് വന്നു. ആറിടത്ത് ചെറിയ വോട്ടിനാണ് മൂന്നാം സ്ഥാനം.
പ്രധാന എതിരാളി എൽ.ഡി.എഫോ യു.ഡി.എഫോ ?
രണ്ട് പേരും ഇന്ത്യാ മുന്നണിയുടെ ഭാഗമാണല്ലൊ. കോഴിക്കോട് കോർപ്പറേഷനിൽ മത്സരം എൻ.ഡി.എയും എൽ.ഡി.എഫും തമ്മിലാണ്. യു.ഡി.എഫ് ഇവിടെ അപ്രസക്തമാണ്. എന്നാൽ ബി.ജെ.പിയുടെ വിജയം മനസിലാക്കി പല സ്ഥലത്തും യു.ഡി.എഫ് അവരുടെ പ്രവർത്തനം മരവിപ്പിച്ചിരിക്കുകയാണ്. അവിടെ ഇടതുപക്ഷത്തിന് വോട്ട് മറിക്കാനാണ് ശ്രമം. വർഗീയ ശക്തികളുമായി ചേർന്നാണ് രണ്ട് മുന്നണികളും മത്സരിക്കുന്നത്. ജമാഅത്തെ ഇസ്ലാമിയുമായി യു.ഡി.എഫിന് പരസ്യ സഖ്യവും എസ്.ഡി.പി.ഐയുമായി എൽ.ഡി.എഫിന് രഹസ്യ സഖ്യവുമുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |