
അഞ്ച് വലിയ വിമാന കമ്പനികള്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാര്‍
കൊച്ചി: വ്യോമയാന രംഗത്തെ കുത്തകവല്‍ക്കരണം അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കൂട്ടത്തോടെ മുടങ്ങിയതോടെ വ്യോമയാന രംഗത്തുണ്ടായ പ്രതിസന്ധി കണക്കിലെടുത്താണ് നീക്കം. ഇന്ത്യയില്‍ അഞ്ച് വലിയ വിമാന കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാവുന്ന സാഹചര്യമുണ്ടെന്ന് കേന്ദ്ര വ്യോമയാന മന്ത്രി റാം മോഹന്‍ ഇന്നലെ രാജ്യസഭയില്‍ പറഞ്ഞു. വിപണിയില്‍ മത്സരം വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ വിമാന കമ്പനികളെ സര്‍ക്കാര്‍ സഹായത്തോടെ വളര്‍ത്തിയെടുക്കാനുമാണ് ശ്രമം. പുതിയ വിമാന കമ്പനികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുകൂല സാഹചര്യമാണ് ഇന്ത്യയിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇന്‍ഡിഗോ പ്രതിസന്ധി മുതലെടുത്ത് മറ്റ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തിയപ്പോഴും സര്‍ക്കാര്‍ ശക്തമായി ഇടപെട്ടിരുന്നു. ഇന്‍ഡിഗോയ്‌ക്കെതിരെ അന്വേഷണം ആരംഭിച്ചെന്നും സര്‍വീസുകള്‍ അന്യായമായി റദ്ദാക്കിയതിനെതിരെ ശക്തമായ നടപടിയുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
ഇതിനിടെ വിമാന സര്‍വീസുകള്‍ സാധാരണ നിലയിലേക്ക് അതിവേഗം മടങ്ങിയെത്തുകയാണെന്ന് ഇന്‍ഡിഗോ ഇന്നലെ വ്യക്തമാക്കി. വിമാന യാത്ര മുടങ്ങിയ ഉപഭോക്താക്കളുടെ പണം മടക്കി നല്‍കുന്ന നടപടികളും അതിവേഗം പുരോഗമിക്കുകയാണ്.
ഇന്നലെ ഇന്‍ഡിഗോ ആറ് മെട്രോ നഗരങ്ങളില്‍ റദ്ദാക്കിയത്
562 സര്‍വീസുകള്‍
ക്രെഡിറ്റ് നെഗറ്റീവെന്ന് മൂഡീസ്
വിമാന സര്‍വീസുകള്‍ വ്യാപാകമായി മുടക്കിയ നടപടി രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇന്റര്‍ഗ്‌ളോബ് ഏവിയേഷന് ക്രെഡിറ്റ് നെഗറ്റീവാണെന്ന് ആഗോള ഏജന്‍സിയായ മൂഡീസ് വ്യക്തമാക്കി. വരുമാനത്തിലെ നഷ്ടം ഇന്‍ഡിഗോയുടെ ലാഭക്ഷമതയെ ബാധിക്കുമെന്നും അവര്‍ പറയുന്നു.
ഡി.ജി.സി.എ നോട്ടീസ്
ഇന്‍ഡിഗോയുടെ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ പീറ്റര്‍ എല്‍ബേര്‍സ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ ഇസിഡെ പോര്‍ക്യുറാസ് എന്നിവര്‍ക്ക് ഡയറക്ടര്‍ ജനറല്‍ ഒഫ് സിവില്‍ ഏവിയേഷന്‍(ഡി.ജി.സി.എ) സമിതി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ഇന്‍ഡിഗോയുടെ സര്‍വീസുകള്‍ കൂട്ടമായി മുടങ്ങുന്നതിനെ കുറിച്ചാണ് സമിതി അന്വേഷിക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |