
തിരുവല്ല : തദ്ദേശ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നഗരസഭ ഇരുവെള്ളിപ്ര 17-ാം വാർഡിലും ശ്രീരാമകൃഷ്ണാശ്രമം 22-ാം വാർഡിലും കുറ്റൂർ പഞ്ചായത്ത് 14 -ാം വാർഡിലും നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടിയിലും തർക്കവും ബഹളവും സംഘർഷങ്ങളുമുണ്ടായി.
ഇരുവെള്ളിപ്പറ വാർഡിൽ എൻ.ഡി.എ സ്ഥാനാർത്ഥി മണിക്കുട്ടൻ, പ്രവർത്തകരായ പുളിക്കത്തറ സുനീഷ്, അനീഷ് തേവർമല എന്നിവർക്ക് മർദ്ദനത്തിൽ പരിക്കേറ്റു. തിങ്കളാഴ്ച രാത്രി 11ന് സെന്റ് തോമസ് സ്കൂളിന് സമീപത്താണ് സംഭവം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി ബൂത്ത് കെട്ടിക്കൊണ്ടിരിക്കുന്നതിനിടെ ഒരുസംഘം എൽ.ഡി.എഫ് പ്രവർത്തകരെത്തി വാക്കേറ്റം നടത്തുകയും മർദ്ദിക്കുകയും ചെയ്‌തെന്നാണ് പരാതി. സുനീഷിന്റെ മൂക്കിന്റെ പാലത്തിന് ഇടിയേറ്റു പൊട്ടലുണ്ടായതിനെ തുടർന്ന് താലൂക്കാശുപത്രിയിൽ ചികിത്സ തേടി. പരിക്കേറ്റ സ്ഥാനാർത്ഥി മണിക്കുട്ടൻ പൊലീസിൽ പരാതി നൽകി.
കുറ്റൂർ പഞ്ചായത്തിലെ പതിനാലാം വാർഡിൽ കള്ളവോട്ട് തടയാൻ ശ്രമിച്ച ബി.ജെ.പി സ്ഥാനാർത്ഥി പ്രസന്ന സതീഷനാണ് മർദ്ദനമേറ്റത്. ഇന്നലെ ഉച്ചകഴിഞ്ഞ് 3നാണ് സംഭവം. അംഗീകൃത രേഖകളില്ലാതെ വോട്ടുചെയ്യാൻ എത്തിയ സി.പി.എം പ്രവർത്തകനായ ജോബിയെ ബി.ജെ.പി ബൂത്ത് ഏജന്റ് ജിത്തു തടഞ്ഞു. ഇതേതുടർന്ന് ഇയാളും സി.പി.എം പ്രാദേശിക നേതാവായ വിശാഖനും ചേർന്ന് ജിത്തുവിനെ മർദ്ദിച്ചു. ഇത് തടയാനെത്തിയ സ്ഥാനാർത്ഥി പ്രസന്ന സതീഷിനെ തള്ളിയിട്ടെന്നാണ് പരാതി. പരിക്കേറ്റ പ്രസന്ന സതീഷ് തിരുവല്ല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവമറിഞ്ഞു തിരുവല്ല പൊലീസ് സ്ഥലത്തെത്തി.
നഗരസഭാ ശ്രീരാമകൃഷ്ണാശ്രമം 22-ാം വാർഡിൽ സ്ഥാനാർത്ഥി മഞ്ജുഷ ടീച്ചറിന്റെ മാതാവ് വിജയമ്മ ടീച്ചറെ വോട്ടുചെയ്യാൻ അനുവദിച്ചില്ലെന്നാണ് പരാതി. ഇന്നലെ ഉച്ചയ്ക്ക് രണ്ടിന് ചെറുമകൻ ഡോ.ഹരിയോടൊപ്പം വോട്ടുചെയ്യാനെത്തിയ വിജയമ്മയെ 24-ാം വാർഡിൽ വോട്ട് രേഖപ്പെടുത്തിയെന്ന് ആക്രോശിച്ച് എൽ.ഡി.എഫ് ബൂത്ത് ഏജന്റ് വോട്ട് തടസപ്പെടുത്തിയെന്നാണ് പരാതി. ബൂത്തിലെ പരിശോധനകൾ പൂർത്തിയാക്കി വിരലിൽ മഷി പുരട്ടിയപ്പോഴാണ് പ്രതിഷേധം ഉയർന്നത്. ഹൃദ്രോഗിയായ വീട്ടമ്മയെ ബഹളത്തെ തുടർന്ന് തിരികെ കൊണ്ടുപോയി. തിരഞ്ഞെടുപ്പിൽ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി എൽ.ഡി.എഫ് പ്രവർത്തകർ കള്ളവോട്ടും തിരിമറിയും നടത്തുന്നതിന് പൊലീസ് ഒത്താശ ചെയ്യുകയാണെന്ന് യു.ഡി.എഫ് നിയോജകമണ്ഡലം കൺവീനർ ലാൽ നന്ദാവനം ആരോപിച്ചു.
നെടുമ്പ്രം പഞ്ചായത്തിലെ പൊടിയാടിയിൽ ബി.ജെ.പി - സി.പി.എം സംഘർഷമുണ്ടായി. എൽ.ഡി.എഫ് സ്ഥാനാർത്ഥി പ്രീതിമോൾക്ക് നേരെയുണ്ടായ കയ്യേറ്റ ശ്രമമാണ് സംഘർഷത്തിന് കാരണമായത്. പ്രവർത്തകരെ പൊലീസെത്തി പിൻതിരിപ്പിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |